- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാനയിലെയും തമിഴ്നാട്ടിലെയും സംഘടനാ പ്രവർത്തനം സുരേന്ദ്രൻ നോക്കി പഠിക്കട്ടെ; ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ കഴിയുന്നില്ല; ഹിന്ദുവോട്ടുകളും ഏകീകരിക്കാൻ ആവുന്നില്ല; ലോക്സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുത്തലുകൾ ഉഷാറാക്കി മോദിയും അമിത്ഷായും
ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിനെ പാർട്ടിക്ക് സ്വാധീനിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. കേരളത്തെ കുറിച്ച് പഠിക്കാൻ ബിജെപി നിയോഗിച്ച കേന്ദ്രമന്ത്രിമാരാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. മറ്റുപാർട്ടികളിൽ നിന്ന് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാൻ കാര്യമായ ശ്രമം നടക്കുന്നില്ലെന്നും കേന്ദ്രമന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അനുകൂല സാഹചര്യമുണ്ടായിട്ട് കൂടി കേരളത്തിലെ ഹിന്ദു വോട്ടുകൾ വേണ്ടത്ര ഏകീകരിക്കാൻ കഴിയുന്നില്ലെന്നും റിപ്പാർട്ടിൽ വിമർശിക്കുന്നു. ഇത് മറികടക്കാൻ കാര്യമായ പരിശ്രമം വേണമെന്നാണ് നിർദ്ദേശം.
മറ്റു പാർട്ടികളിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരെ ബിജെപിയിലെത്തിക്കാൻ വേണ്ടത്ര ശ്രമം നടക്കുന്നില്ല. തെലങ്കാനയിലും തമിഴ്നാട്ടിലും നടക്കുന്ന സംഘടനാപ്രവർത്തനം കേരളത്തിൽ മാതൃകയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേരിയ വോട്ടിന് തോറ്റ 144 മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷകൻ ജെ.പി. നഡ്ഢയും വിളിച്ച യോഗത്തിൽ ചർച്ച ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദർ യാദവ്, നരേന്ദ്ര സിങ് തോമർ, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, മൻസൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
ഈ മണ്ഡലങ്ങളിൽ പകുതി സീറ്റിലെങ്കിലും 2024ലെ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയ കേന്ദ്രമന്ത്രിമാർ തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിജെപി നേരിയവ്യത്യാസത്തിന് തോറ്റ മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് കേന്ദ്രമന്ത്രിമാർക്ക് ചുമതല നൽകും. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളാണ് പാർട്ടി പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് കൂടുതൽ പ്രചാരണം നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കൂടുതൽ കരുതൽ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ പിടിമുറുക്കാൻ തിരുവനന്തപുരം മണ്ഡലത്തിലെ വിജയം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ അടക്കം കേന്ദ്ര നേതൃത്വം തീരുമാനിക്കും.
യുപിയിലും മഹാരാഷ്ട്രയിലും ഒഡീഷയിലും പരമാവധി സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. ഉത്തരേന്ത്യൻ ബെൽറ്റിൽ കരുത്തു കാട്ടുകയാണ് ലക്ഷ്യം.ഇത്തരം ലോക്സഭാമണ്ഡലങ്ങളിൽപ്പെടുന്ന നിയമസഭാമണ്ഡലങ്ങളുടെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ മറ്റൊരു കേന്ദ്രമന്ത്രിതല സംഘത്തെ നിയോഗിക്കാനും തീരുമാനമായി. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചുമതലയും ഈ മന്ത്രിസംഘത്തിനായിരിക്കും. മന്ത്രിസംഘങ്ങൾ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങൾ നിരന്തരം സന്ദർശിച്ച് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതേ മാതൃകയിൽ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന മണ്ഡലങ്ങളും പരിശോധിക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും സമാന ഇടപെടലുണ്ടാകും.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയാത്ത സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ വീണ്ടും ശ്രമം ആരംഭിക്കാനാണ് തീരുമാനം. കേരളത്തിൽ ക്രിസ്ത്യൻ-ഹിന്ദു ഏകീകരണം കെട്ടിപ്പടുത്ത് അതുവഴി അധികാരം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ സ്വപ്നം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമാണ് ബിജെപി കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ക്ഷേമ നടപടികൾ ഉയർത്തിക്കാട്ടി കേരളത്തിലെ ക്രിസ്ത്യാനികളിലേക്ക് കൂടുതൽ അടുക്കാനാണ് ശ്രമം. ഇതിനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ നിയമസഭാംഗങ്ങളെ കേരളത്തിലേക്ക് അയക്കാനും ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഹൈദരാബാദിൽ ചേർന്ന ബിജെപി ദേശീയ നിർവാഹക സമിതി (എൻഇസി) യോഗത്തിൽ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ളിൽ പുതിയ സാമൂഹിക സമവാക്യങ്ങൾ പരീക്ഷിച്ച് നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടൊപ്പം പരിപാടികൾ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ