- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ റോഡ് ഷോയിൽ മലപ്പുറത്തെ സ്ഥാനാർത്ഥിയെ ഒഴിവാക്കിയെന്ന് ആക്ഷപം
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ഒഴിവാക്കിയെന്ന ആരോപണവുമായി സിപിഎം. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയായ ഡോ. അബ്ദുൽ സലാമിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ സഞ്ചരിച്ചത് പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലാണെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലാ മുൻ വി സി കൂടിയായ ഡോ. അബ്ദുൾ സലാമിനെ പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോക്കിടെ വാഹനത്തിൽ കയറ്റാതിരുന്നത് മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്നും അബ്ദുൾ സലാം അപമാനിതനായി തിരികെ പോയെന്നും എകെ ബാലൻ കുറ്റപ്പെടുത്തി.
മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും എകെ ബാലൻ പറഞ്ഞു. ഇത് ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ബിജെപി ക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് വിജയിക്കുമെന്നും എകെ ബാലൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, പൊന്നാനിയിലെ ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യൻ തുടങ്ങിയവർ മോദിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്‌പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം ഉണ്ടായിരുന്നു. മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങൾ നൽകിയിരുന്നതാണെന്നും എന്നാൽ വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുൽ സലാം പ്രതികരിച്ചു. തനിക്ക് പരാതി ഇല്ലെന്നും സലാം പ്രതികരിച്ചു. ലിസ്റ്റിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ പ്രധാനമന്ത്രിക്കൊപ്പം അനുവദിക്കാതിരുന്നത് എന്ന് അബ്ദുൽ സലാം പറഞ്ഞു. റോഡ് ഷോ പൂർത്തിയാക്കിയ മോദി, പിന്നീട് ഹെലികോപ്റ്ററിൽ സേലത്തേക്ക് മടങ്ങി.