- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിപ്പിച്ച് വിട്ടാൽ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക; മമ്മൂട്ടിയുടെ ആ അഭിപ്രായം മുഖവിലയ്ക്കെടുക്കില്ല; തൃശൂരിൽ സുരേഷ് ഗോപിയെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കും; കേരളത്തിലെ ബാക്കി സീറ്റുകളിൽ കൂടിയാലോചനകളിലൂടെ തീരുമാനം
തൃശൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ നിന്ന് തന്നെ മത്സരിക്കും. ആർഎസ്എസ് നേതൃത്വത്തിനും ഇതിനോടാണ് താൽപ്പര്യം. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണം തുടങ്ങാൻ പരിവാർ പ്രസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ തീരുമാനിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ എവിടെ മത്സരിക്കണമെന്ന് നേതാക്കൾ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനാർത്ഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടി തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പരിവാറുകാർ പ്രചരണം തുടങ്ങി കഴിഞ്ഞു. ഇതിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'സ്ഥാനാർത്ഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകിൽ പോസ്റ്റർ കണ്ടത് പബ്ലിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിച്ചാൽ കൂടുതൽ ആളുകൾ അത് ചെയ്യും.
ഞാൻ മത്സരിക്കണോ എന്ന് എന്റെ നേതാക്കളാണ് തീരുമാനിക്കേണ്ടത്. ഞാൻ തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ ഇനി തിരുവനന്തപുരമാണോ എന്നെല്ലാം നേതാക്കളാണ് തീരുമാനിക്കുന്നത്-ഇതാണ് സുരേഷ് ഗോപി പറയുന്നു.
ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാൽ അങ്ങനെയും. മമ്മൂക്കയുടെ ഉപദേശവും അവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞില്ലേ. ഞാൻ ഒന്നും മറച്ചുവയ്ക്കുന്ന ആളല്ല. മമ്മൂക്കായ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും-ഇതും സുരേഷ് ഗോപി പറയുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുക ആർഎസ്എസ് തന്നെയാകും. ബിജെപിയുൾപ്പെടെ എല്ലാ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് ചേരുന്നത് ഏകോപനം ഉറപ്പു വരുത്താനാണ്.
മമ്മൂട്ടിയിൽ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ച് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ നിൽക്കരുതെന്നാണ് മമ്മൂക്ക തന്നോട് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു.'തിരഞ്ഞെടുപ്പിൽ നിന്ന് ജയിച്ചാൽ പിന്നെ ജീവിക്കാൻ ഒക്കത്തില്ലെടാ. രാജ്യസഭാ എംപി ആയിരുന്നപ്പോൾ നിനക്കാ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ബാദ്ധ്യതയില്ലാ. ചെയ്യാമെങ്കിൽ ചെയ്താൽ മതി. എന്നാൽ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാൽ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അതൊരു നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന് നൽകിയ മറുപടി. എന്നാൽ പിന്നെ എന്തെങ്കിലുമാകട്ടെയെന്ന് പറഞ്ഞു.'- സുരേഷ് ഗോപി വ്യക്തമാക്കി. ഇതിൽ തന്നെ മത്സര ആഗ്രഹം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
ആർ എസ് സർ സംഘ് ചാലക് അടക്കമുള്ള ദേശീയ നേതാക്കൾ ആഴ്ചകൾക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്നു. അവരുടെ നിർദ്ദേശ പ്രകാരമാണ് യോഗം. ആർ എസ് എസുമായി ചേർന്നു നിൽക്കുന്നവരെയെല്ലാം അടുപ്പിച്ച് നിർത്തിയാകും യോഗങ്ങൾ. ആർഎസ്എസ് അഖിലഭാരതീയ ഭാരവാഹി സഹസർകാര്യവാഹ് സി.ആർ.മുകുന്ദും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും പിന്നീട് ആർഎസ്എസ് ദേശീയ നേതൃത്വത്തിലേക്കു പ്രവർത്തനം മാറിയ റാംമാധവുമാണ് പങ്കെടുക്കുന്നത്. റാംമാധവിന് കേരളത്തിലെ സാഹചര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ആർഎസ്എസ് കാര്യകാരി സമിതി അംഗം കൂടിയായ റാംമാധവ് കേരളത്തിലെ പ്രചരണത്തിൽ സജീവ ഇടപെടലും നടത്തും. മികച്ച ഏകോപനം ഉറപ്പാക്കും. ഇതിന് വേണ്ടിയാണ് ഉന്നത തലയോഗം.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് തന്ത്രങ്ങളൊരുക്കുകയാണ് ഉന്നതതല യോഗത്തിന്റെ പദ്ധതി. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിലെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കും. ബിജെപി, ബിഎംഎസ്, യുവമോർച്ച, എബിവിപി തുടങ്ങി 33 സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധികളെയാണ് വാർഷിക സമന്വയ യോഗത്തിലേക്കു ആർഎസ്എസ് വിളിച്ചിട്ടുള്ളത്.
ബിജെപിയിൽനിന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരാണ് പങ്കെടുക്കുന്നത്. ഇതിൽ സുഭാഷ് ആർഎസ്എസ് പ്രചാരകൻ കൂടിയാണ്. അടുത്ത കാലത്താണ് ഗണേശിനെ മാറ്റി സുഭാഷിനെ ബിജെപിയുടെ താക്കോൽ സ്ഥാനത്ത് ആർഎസ്എസ് നിയോഗിച്ചത്. സുഭാഷിന്റെ പ്രവർത്തനങ്ങളിൽ ഏവർക്കും മതിപ്പുണ്ട്. എല്ലാവരേയും യോജിപ്പിച്ചു കൊണ്ടു പോകാനാണ് സുഭാഷിന്റെ ശ്രമം.
ഓരോ സംഘപരിവാർ പ്രസ്ഥാനവും വരുന്ന വർഷത്തെ പ്രവർത്തന ലക്ഷ്യം റിപ്പോർട്ടായി അവതരിപ്പിക്കുകയും അതിൽ ആർഎസ്എസ് നേതൃത്വം നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പ്രവർത്തന രീതി നിശ്ചയിക്കുന്നതുമാണ് സമന്വയ യോഗത്തിൽ പതിവ്. ബിജെപി മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളും യോഗം പരിഗണിക്കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും.
2025 ൽ 100 വർഷം തികയുന്ന ആർഎസ്എസ് അതുവരെ ഓരോ സംഘടനയും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇതെല്ലാം ചർച്ചകളുടെ ഭാഗമാകും. തൃശൂരും തിരുവനന്തപുരത്തും ലോക്സഭയിൽ ബിജെപിക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് ആർ എസ് എസും വിലയിരുത്തുന്നത്. തൃശൂരിൽ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇതും ആർ എസ് എസാണ് നിയന്ത്രിക്കുന്നത്. സുരേഷ് ഗോപിയുടെ ജനസമ്മതി മുന്നിൽ നിർത്തിയാണ് തൃശൂരിലെ പ്രചരണം.




