തൃശൂർ: ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ തൃശൂരിൽ ആരാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുക എന്നതിൽ ആശയക്കുഴപ്പം സജീവമെന്ന് സൂചന. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ സുരേഷ്ഗോപിയെ നിയമിച്ചതോടെ തൃശൂരിൽ ചർച്ചകൾ പുതിയ തലത്തിലെത്തുന്നു. തൃശൂർ സീറ്റിൽ ബിഡിജെഎസ് ശക്തമായ അവകാശ വാദം ഉന്നയിക്കുന്നുവെന്നാണ് സൂചന.

തൃശൂർ പാർലമെന്റ് സീറ്റ് എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് നൽകുമെന്നാണ് ബിജെപിയിലെ സംസ്ഥാന നേതാക്കൾക്കിടയിലെ അടക്കംപറച്ചിൽ. ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും അമിത്ഷായും ഡൽഹിയിൽ നടത്തിയ ചർച്ചയിൽ തൃശൂർ സീറ്റും ചർച്ചയായി എന്നാണ് സൂചന. കേരളത്തിൽ കൂടുതൽ അംഗങ്ങളുള്ള രണ്ട് ക്രൈസ്തവ അതിരൂപതകളാണ് തൃശൂരും ഇരിങ്ങാലക്കുടയും. ക്രൈസ്തവ പിന്തുണ ഉറപ്പിച്ചാലേ തൃശൂരിൽ ജയിക്കാനാകൂ. ഈ സാഹചര്യത്തിലാണ് ബിഡിജെഎസിന്റെ സമ്മർദ്ദവും എത്തുന്നത്. എന്നാൽ തൃശൂരിൽ തന്നെ സുരേഷ് ഗോപി മത്സരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപി കേരള നേതൃത്വത്തിലെ ബഹു ഭൂരിഭാഗവും.

സഹകരണ ബാങ്ക് അഴിമതിക്കെതിരെ ഗാന്ധിജയന്തിദിനത്തിൽ കരുവന്നൂരിൽനിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി പദയാത്ര നടത്തുന്നുണ്ട്. ഇതെല്ലാം സുരേഷ് ഗോപി തൃശൂരിനെ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായി. ഇതിനിടെയാണ് ബിഡിജെഎസ് സമ്മർദ്ദം പയറ്റുന്നത്. നിലവിലെ സാഹചര്യത്തിൽ എസ് എൻ ഡി പിയുടെ പിന്തുണയുള്ള ബിഡിജെഎസിനെ തള്ളിക്കളയാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ വേണമെങ്കിലും മത്സരിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന പ്രസ്താവനയുമായി സുരേഷ് ഗോപി എത്തുന്നത്. നേരത്തെ തന്നെ തൃശൂരിനൊപ്പം കണ്ണൂരിലും മത്സരിക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി പരസ്യമായി പറഞ്ഞിരുന്നു.

അതിനിടെ തൃശൂരിൽ സുരേഷ് ഗോപിതന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റും എത്തുന്നു. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ആര് വിവിചാരിച്ചാലും തടയാനാവില്ല. സുരേഷ് ഗോപിയുടെ പേരിൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു വാർത്ത കൊടുക്കുന്നതിനുമുമ്പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാദ്ധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ് അജണ്ടയാണെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെ സാധ്യതകളും ചർച്ചയാക്കുന്നത്. ഇതിലെല്ലാം തൃശൂരിൽ ചില സംശയങ്ങളുണ്ടെന്ന് നടൻ പറയാതെ പറയുക കൂടിയാണ്.

തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുള്ളവർക്ക് അവസരമെന്ന് സുരേഷ് ഗോപി വ്യക്തമാക്കുകയായിരുന്നു കഴിഞ്ഞ ദിവസം. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താരം കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാനുള്ള സാദ്ധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ജില്ലയിൽ നിന്ന് മത്സരിക്കാനുള്ള സാദ്ധ്യത പ്രകടമാക്കുന്ന തരത്തിൽ സുരേഷ് ഗോപി സംസാരിച്ചത്.

ആലപ്പുഴയിലെ കുട്ടനാട്ടിൽ ജനിച്ച് രണ്ടരവയസായപ്പോൾ കൊല്ലത്ത് അച്ഛന്റെ നാട്ടിൽ കൊണ്ടുപോയി. അവിടെ വളർന്ന് പഠിച്ച് ഒരു പൗരന്മായി മാറിയ ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് തൊഴിലിനായി ചെന്നൈയിലേക്ക് പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലു വർഷത്തെ അല്ലലുകളും വ്യാകുലതകൾക്കുമിടയിലാണ് കരിയർ നട്ടുവളർത്താനായത്. ഇന്ന് അത് നിങ്ങൾക്കൊരു തണൽ മരമായി കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന് വളം നൽകി വേരുറപ്പിച്ചത് ചെന്നൈയാണ്. ഇന്ന് ജീവിതം ഉറപ്പിച്ചിരിക്കുന്നത് 33 വർഷമായി ഭാര്യ വീടുള്ള തിരുവനന്തപുരത്താണ്. താരം തുടർന്നു.

തലസ്ഥാന നഗരിയിൽനിന്നും തീർത്തും ഒരു തെക്കന് വേണമെങ്കിൽ കുറച്ചുകാലത്തേക്ക് കൂടി വരത്തൻ എന്ന് നിങ്ങൾക്ക് ചാർത്തി തരാൻ താൻ അവസരം നൽകുകയാണ്. കുറച്ചുകാലത്തേക്ക് കൂടിയാണെങ്കിലോ അതുകഴിഞ്ഞാലോ നിങ്ങളുടെ സ്വന്തം ആളെന്നനിലയിൽ താൻ വളർന്നുവരുകയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ ബിജെപി സ്ഥാനാർത്ഥിയാകാമെന്ന് കഴിഞ്ഞ മാർച്ചിൽ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി അദ്ദേഹം കണ്ണൂരിലെ വേദിയിൽ പരോക്ഷ സൂചന നൽകിയത്.