കോഴിക്കോട്: ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. സി പി എമ്മും മുസ്ലിം ലിഗും കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുകയും ഈ മാസം 23ന് കോൺഗ്രസും ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാനൊരുങ്ങവെയാണ് ബിജെപിയുടെ ഈ നീക്കം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് പരിപാടി നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരെ ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടത്തുമെന്നാണ് വിവരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ അറിയിച്ചു.

അതിർത്തി കടന്നുള്ള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സജീവൻ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പൗരന്മാരെയും ബന്ദികളാക്കുകയും വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും അതുകൊണ്ട് ഇസ്രയേലിന്റെത് ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങൾ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവൻ പറഞ്ഞു.

ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദന്മാരെയും മറ്റു മതവിശ്വാസികളെയും ഉന്മൂലനം ചെയ്യുമെന്ന് പ്രസംഗിക്കുകയും ചെയ്തുവെന്നു സജീവൻ പറഞ്ഞു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ മലപ്പുറത്തെ പരിപാടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും സജീവൻ പറഞ്ഞു. കേരളത്തിലെ ഇടത്, വലത് സംഘടനകൾ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെള്ളപൂശുകയാണെന്നും സജീവൻ പറഞ്ഞു.