ന്യൂഡൽഹി: തന്റെ പുസ്തകത്തിൽ പാർട്ടിക്കെതിരെ സംസാരിച്ചെന്ന വാർത്തകൾ നിഷേധിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ദേശീയ തലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അഗീകരിച്ചില്ലെന്നും, പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം പരിഗണിച്ചെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നായിരുന്നു വാർത്ത വന്നത്.

മലയാള മാധ്യമത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും, തന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് കെട്ടിച്ചമച്ചതാണെന്നും അവർ പ്രതികരിച്ചു. പുസ്തകത്തിൽ താൻ അങ്ങനെ എഴുതിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു വാർത്ത നൽകിയ മാധ്യമം മാപ്പ് പറയുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

ഇത്തരത്തിലൊരു തലക്കെട്ട് നൽകുന്നത് ധാർമികതയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും, വാർത്ത മുഴുവൻ താൻ വായിച്ചിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഓർമക്കുറിപ്പിലെ പരാമർശം വളച്ചൊടിച്ചു. പാർട്ടിയിൽ നിന്ന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തന്റെ പുസ്തകം പൊതുയിടത്തിൽ കിട്ടും. താത്പര്യമുള്ളആർക്ക് വേണമെങ്കിലും വായിച്ചുനോക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് വൃന്ദ പറഞ്ഞു എന്ന വിധത്തിലായിരുന്നു വാർത്ത വന്നത്. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചെന്നാണ് അവർ വ്യക്തമാക്കുന്നത്. സിപിഎമ്മിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും വൃന്ദ ചൂണ്ടിക്കാട്ടുന്നു.

'ആൻ എജ്യുക്കേഷൻ ഫോർ ഗീത' എന്ന പേരിൽ ലെഫ്റ്റ് വേർഡ് ബുക്സ് പുറത്തിറക്കുന്ന ഓർമകുറിപ്പുകളിൽ 'ബീയിങ് എ വുമൺ ഇൻ ദ പാർട്ടി' എന്ന തലക്കെട്ടിലെ കുറിപ്പിലാണ് വൃന്ദയുടെ വെളിപ്പെടുത്തൽ. ''1982നും 1985നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്ത് ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല അനുഭവം.-വൃന്ദ പറയുന്നു.

ഡൽഹിക്ക് പുറത്ത് ദേശീയ തലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയ ഭിന്നതകളുടെ സമയത്ത്... അങ്ങനെ പല തവണ ഉണ്ടായി... രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു.'

റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. 75 മുതൽ 85 വരെയുള്ള വൃന്ദയുടെ ലണ്ടൻ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ സിപിഎം പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ വേർപാടുകൾ എന്നിവയാണ് ഓർമകുറിപ്പുകളിൽ ഉൾപ്പെടുന്നത്.