- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൃപ്തി പരസ്യമാക്കി സി കെ പത്മനാഭൻ
കാസർകോട്: കേരളത്തിലെ ബിജെപിയിലേക്ക് പുതിയ രാഷ്ട്രീയക്കാർ കടന്നുവരുമ്പോൾ പഴയ നേതാക്കളെ അവഗണിക്കുന്നു എന്ന വികാരം ശക്തമാണ്. ഈ അതൃപ്തി പരസ്യമാക്കി കൊണ്ടാണ് കഴിഞ്ഞ ദിവസം കാസർകോട് പത്മജയുടെ പരിപാടിയിൽ നിന്നും മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ ഇറങ്ങിപ്പോയത്. സികെ പത്മനാഭന്റെ പ്രതിഷേധം പാർട്ടിയിൽ ഒറ്റപ്പെട്ടതല്ലെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴിതാ അതൃപ്തി തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കനാണ് സികെപി.
ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തിൽ ഊരുമൂപ്പന്മാരില്ലെന്നും മറ്റുപാർട്ടികളിൽനിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാൽ വീട്ടുകാർ എന്നല്ല അവരുടെ നിഴൽ പോലും കൂടെ വരുന്നില്ലെന്ന യാഥാർഥ്യം ദേശീയ നേതൃത്വം തിരിച്ചറിയണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗവും കൂടിയായ സി കെ പത്മനാഭൻ പറഞ്ഞു. കേരളത്തിൽ പാർട്ടി മാറി വരുന്നവരിൽ ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യകഴിവുണ്ട്. അവർ മറ്റു പാർട്ടികളിൽ ഇരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചശേഷം അവിടെനിന്ന് ഇനി ഒന്നും ലഭിക്കാനില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരാണ്. ജനസംഘത്തിന്റെ കാലം മുതൽ ഈ ആശയത്തിനു വേണ്ടി പ്രവർത്തിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഇത്തരക്കാരെ പ്രതിഷ്ഠിക്കുന്നതു ഗുണകരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് സംഭവത്തിലും അദ്ദേഹം വിശദീകരണം നൽകി. പരിപാടിയിൽ ഉദ്ഘാടകനായിട്ടാണ് തന്നെ ക്ഷണിച്ചത്. പിന്നീട് പത്മജയാണ് ഉദ്ഘാടനം എന്നറിഞ്ഞു. പത്മജ എത്തുന്നതിനു മുൻപുതന്നെ ഒരുപാട് സമയം പ്രസംഗിച്ചപ്പോൾ ഞാൻ നന്നായി വിയർത്തു. അതിനാലാണ് ഇരുന്നത്. വേഗം മടങ്ങുകയും ചെയ്തു. പ്രതിഷേധമായി കാണേണ്ടതില്ലെന്നും പത്മനാഭവൻ പറഞ്ഞു.
ബിജെപിയിലെ പഴയ ആളുകൾക്ക് അതൃപ്തിയുണ്ട്. മുൻകാലത്ത് ബിജെപിയുടെ ആശയത്തിന് എതിരു നിന്നവർ ഇപ്പോൾ വരുന്നത് അധികാരമുള്ളതുകൊണ്ടു മാത്രമാണെന്ന് അണികൾക്കു ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആവേശത്തോടെയും ഐക്യത്തോടെയും പ്രവർത്തിച്ചാലല്ലേ വിജയത്തിലെത്താൻ കഴിയൂ. വ്രണിതഹൃദയരായി ഇരുക്കുന്നവർ എങ്ങനെയാണ് ഐക്യത്തോടെ പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഉത്തരേന്ത്യയിലെ രീതിയിൽ വലിയ പദവികൾ നൽകിയാവരുത് കേരളത്തിൽ നേതാക്കളെ കൊണ്ടുവരേണ്ടത്. വരുന്നവർക്ക് പദവി കൊടുക്കുന്നതു ക്രമാനുഗതമായിട്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് പകരം അധികാര രാഷ്ട്രീയം പാർട്ടിയിൽ വളർന്നുവന്നിരിക്കയാണെന്നും പത്മനാഭൻ പറഞ്ഞു. ആദ്യം കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചു. അത് യാഥാർത്ഥ്യമായി വരുന്നു. ഇപ്പോൾ, വന്ന് വന്ന് കോൺഗ്രസ് മുക്ത ബിജെപി എന്ന ഒരു കാര്യത്തിനുവേണ്ടി പോരാടേണ്ടി വരുമോ എന്ന ആശങ്ക എന്നെപ്പോലുള്ളവർക്കുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
ബിജെപിയിൽ മുൻപ് അഞ്ച് കടമകൾ എന്നൊന്നുണ്ടായിരുന്നു. ദേശീയത്വം, മതേതരത്വം, ഭാവാത്മ മതേതരത്വം, ഗാന്ധിയൻ സോഷ്യലിസം, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നിവയാണവ. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിന് പകരം ഇപ്പോൾ അധികാര രാഷ്ട്രീയം എന്ന് വന്നിരിക്കുന്നു. അതാണ് പ്രശ്‌നം. ഈ പഞ്ച കടമകളിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന ഒന്ന് ഇന്നില്ല.
അത്, പാടെ അധികാര രാഷ്ട്രീയത്തിന് വഴിമാറി. ആ മാറ്റത്തിന്റെ അനുരണനങ്ങൾ ബാക്കി പ്രവർത്തനങ്ങളിലെല്ലാം പ്രകടമാണ്. ഇത് കാലത്തിൽ വരുന്ന മാറ്റമാണ്. നേതാക്കളൊക്കെ ആ മാറ്റത്തിൽ ഒഴുകി പോവുകയാണ്. ഇത്, മറികടക്കാനുള്ള ശേഷി നേതൃത്വത്തിനില്ല. ഭരണ തുടർച്ച ആകർഷണം നൽകും. അപ്പോൾ അങ്ങനെയുള്ള ആളുകൾ കൂടെ വരും. അവരെ സ്വീകരിക്കുകയും വേണം. ഞങ്ങൾ ആദ്യം കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചു. അത് യാഥാർത്ഥ്യമായി വരുന്നു. ഇപ്പോൾ, വന്ന് വന്ന് കോൺഗ്രസ് മുക്ത ബിജെപി എന്ന ഒരു കാര്യത്തിനുവേണ്ടി പോരാടേണ്ടി വരുമോ എന്ന ആശങ്ക എന്നെപ്പോലുള്ളവർക്കുണ്ട്. - സി കെ പത്മനാഭൻ പറഞ്ഞു.