- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ ശശിധരൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദനം ആരോപിച്ച് മുൻ ജില്ലാ സെസെക്രട്ടറി എ പി ജയനെ പുറത്താക്കിയ ഒഴിവിൽ സി.കെ. ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയനെ പുറത്താക്കിയ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തെങ്കിലും ഫാം അഴിമതി സംബന്ധിച്ച പരാമർശം ഉണ്ടായില്ല. അപ്പോൾ പിന്നെ ജയനെ പുറത്താക്കിയത് എന്തിനെന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തു വന്നു.
എ പി ജയന് എതിരേയുള്ള നടപടി റിപ്പോർട്ട് ചെയ്യാൻ കൂടിയ ഡിസി, ഡിസി എക്സിക്യൂട്ടീവ് യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എ പി ജയന് എതിരായ ഫാം അഴിമതി പരാമർശിച്ചില്ല. ഫാം നിർമ്മാണത്തിൽ പങ്കാളിയായി വലിയ അഴിമതിയാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ഇതി ന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് നടപടി എടുത്തത്.
എന്നാൽ ഈ നടപടിയെപ്പറ്റി പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ടിങ് നിർവഹിച്ചപ്പോൾ ഫാമിനെ സംബന്ധിച്ച് മിണ്ടിയില്ല എന്ന് മാത്രമല്ല അന്വേഷണ കമ്മീഷൻ അംഗത്തിന്റെ സംഭാഷണം ചോർത്തി നൽകിയതും, ഫാമിന് സബ്സിഡി വാങ്ങിച്ചതുമാണ് കുറ്റകരമായി കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് ചെയ്തത്. ഫലത്തിൽ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് നടപടി എടുത്തു എന്നത് റിപ്പോർട്ട് ചെയ്യാതെ സെക്രട്ടറി ഒഴിഞ്ഞു മാറുകയായിരുന്നു. അപ്പോൾ എന്തിനായിരുന്നു എ.പി ജയനെതിരെയുള്ള നടപടി എന്നതാണ് പ്രവർത്തകർ ചോദിക്കുന്നത്.
സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാൻ കൂടിയ സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും, ജില്ലാ കൗൺസിൽ യോഗത്തിലും നടപടിയെടുത്ത തീരുമാനത്തിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജില്ലാ എക്സിക്യൂട്ടീവിൽ അംഗങ്ങളായ പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുൻ ജില്ലാ സെക്രട്ടറി കൂടിയായ മുണ്ടപ്പള്ളി തോമസ് പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ ഗോപിനാഥൻ എന്നിവരെ പ്രത്യേകമായി സംസ്ഥാന നേതാക്കളായ ബിനോയ് വിശ്വം, അഡ്വക്കേറ്റ് പ്രകാശ് ബാബു, പി.പി സുനീർ, ജി.ആർ അനിൽ, മുല്ലക്കര രത്നാകരൻ എന്നിവർ പ്രത്യേകം യോഗം ചേർന്നിരുന്നു.
ഈ യോഗത്തിൽ കടുത്ത പ്രതിഷേധമാണ് ഇരു നേതാക്കളും പങ്കുവെച്ചത്. പാർട്ടി നടപടി ഏകപക്ഷീയവും വസ്തുതകൾക്ക് നിരക്കാത്തതും മുൻ ജില്ലാ സെക്രട്ടറി എ പി ജയനെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനോട് യോജിക്കാൻ നിവൃത്തിയില്ല എന്നും അവർ അറിയിച്ചതാണ് അറിയുന്നത്. നേതാക്കന്മാരുടെ സാന്നിധ്യത്തിൽ കൂടിയ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ഒരംഗം ഒഴിച്ച് എല്ലാവരും നടപടി തെറ്റായിപ്പോയി എന്നും ജില്ലയിലെ പാർട്ടിയുടെ മുഖം വികൃതമാക്കിയത് സംസ്ഥാന നേതൃത്വം ആണെന്നും തുറന്നടിച്ചു.
പരാതി വ്യാജമായി ചമച്ചതും സംസ്ഥാന നേതൃത്വത്തിലുള്ള ചിലരുടെ ആഗ്രഹപ്രകാരമായിരുന്നു എന്നും അംഗങ്ങൾ തുറന്നു പറഞ്ഞു. അന്വേഷണ കമ്മീഷൻ ജില്ലയിലെ മുതിർന്ന നേതാക്കളെ ആരെയും കേൾക്കാതെ ഗൂഡമായി പ്രവർത്തിച്ചതായും പാർട്ടി വിരുദ്ധരായ ചിലരുടെ ഉപദേശത്തിന് അനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചതെന്നും ആക്ഷേപം ഉയർന്നു. പാർട്ടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമാണ് ഒരു പരാതി അന്വേഷിക്കാൻ രണ്ട് കമ്മീഷനുകൾ വന്നതെന്നും, അന്വേഷണ കമ്മീഷൻ അംഗമായിരുന്ന ആൾ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത് അസാധാരണമായ കാര്യമാണെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നോ എ.പി ജയനെതിരെ വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയതെന്നും അംഗങ്ങൾ ചോദിച്ചു.
ജില്ലാ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ആകെ 50 അംഗങ്ങളിൽ 25 പേർക്ക് മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞത്. ഇതിൽ 20 പേരും എ.പി ജയനെതിരെയുള്ള നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ ജില്ലാ സെക്രട്ടറിയായി സംസ്ഥാന എക്സി അംഗം സി കെ ശശിധരൻ ചുമതലയേറ്റത് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ വച്ചായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി അദ്ധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സി അംഗം അഡ്വ കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ, സംസ്ഥാന അസി സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരൻ, സംസ്ഥാന കൗൺസിൽ അംഗം അംഗം മുണ്ടപ്പള്ളി തോമസ്സ്, ജില്ലാ അസി. സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
നവംബർ 30 നാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ബ്രാഞ്ചിലേക്ക് തരം താഴ്ത്താനും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജയന്റെ പ്രതികരണം. അതിന് ശേഷം അദ്ദേഹം പാർട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസിൽ കയറിയിട്ടുമില്ല. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ജയനെതിരേ അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് നാലംഗ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനും തരംതാഴ്ത്താനുമുള്ള തീരുമാനം വന്നത്.