- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസില്ലെങ്കിൽ സിപിഎമ്മിന് ചിഹ്നമില്ല
തിരുവനന്തപുരം: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ഈ വർഷം മാർച്ചിൽ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു പതനത്തിലേക്ക് പാർട്ടി എത്താൻ പാടില്ലെന്നും ചിഹ്നം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോ? അങ്ങനെയൊരു ഭീഷണിയുണ്ടോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, കോൺഗ്രസിന്റെ ഔദാര്യത്തിലാണ് സിപിഎം ദേശീയ പാർട്ടി പദവി നിലനിർത്തുന്നതെന്ന് കുറിക്കുന്നു ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രൻ.
കോൺഗ്രസ് കനിഞ്ഞു നൽകിയ രാജസ്ഥാനിലെ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായി. സിക്കാറിൽ സീറ്റ് നേടിയതോടെ രാജസ്ഥാനിലും സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്‌നാട്, ത്രിപുര, തമിഴ്‌നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുടെ ബലത്തിൽ 2033 വരെ സിപിഎമ്മിന് ദേശീയ പാർട്ടിയായി തുടരാം. കോൺഗ്രസില്ലെങ്കിൽ സിപിഎമ്മിന് ചിഹ്നമില്ലെന്ന് കുറിക്കുന്നു കൃഷ്ണചന്ദ്രൻ
സി കൃഷ്ണചന്ദ്രന്റെ കുറിപ്പ് വായിക്കാം:
'കോൺഗ്രസില്ലെങ്കിൽ സിപിഎമ്മിന് ചിഹ്നമില്ല"
രാജസ്ഥാൻ
മണ്ഡലം: സിക്കർ
2024 തിരഞ്ഞെടുപ്പ്
വിജയി: സ: അംറ റാം
ലഭിച്ച വോട്ടുകൾ: 6,59,300 - 50.7%
പ്രധാന എതിർ സ്ഥാനാർത്ഥി: സ്വാമി സുമേധാനന്ദ് സരസ്വതി (ബിജെപി)
ലഭിച്ച വോട്ടുകൾ: 5,86,404 - 45.08%
2019 തിരഞ്ഞെടുപ്പ്
വിജയി: സ്വാമി സുമേധാനന്ദ് സരസ്വതി (ബിജെപി)
ലഭിച്ച വോട്ടുകൾ: 7,72,104 - 58.19%
പ്രധാന എതിർ സ്ഥാനാർത്ഥി: സുഭാഷ് മഹരിയ (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 4,74,948 - 35.79%
*സ: അംറ റാം: 31,462 - 2.37%*
2014 തിരഞ്ഞെടുപ്പ്
വിജയി: സ്വാമി സുമേധാനന്ദ് സരസ്വതി (ബിജെപി)
ലഭിച്ച വോട്ടുകൾ: 4,99,428 - 47.12%
പ്രധാന എതിർ സ്ഥാനാർത്ഥി: പ്രതാപ് സിങ് ജാട്ട് (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 2,60,232 - 24.55%
*സ: അംറ റാം: 53,134 - 5.01%*
ഇത്രയും പറയാൻ കാരണം, ഈ കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചകളിൽ രാജസ്ഥാനിലെ സിപിഎം പാർട്ടി കോട്ടയിൽ സ: അംറ റാം വിജയിച്ചു, ഇവിടെ കേരളത്തിൽ മാത്രമല്ല അങ്ങ് രാജസ്ഥാനിലും നമുക്ക് പിടിയുണ്ട്, ലോകത്തൊട്ടാകെ 117 രാജ്യങ്ങളിൽ പടർന്ന് പന്തലിച്ച പ്രസ്ഥാനമാണ് ഞങ്ങൾ, സിപിഎം ആണ് ഇന്ത്യയിൽ സംഘപരിവാർ ശക്തികളെ ചെറുത്തു നിർത്തുന്നത്, ബിജെപിയുടെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണ്,എന്നൊക്കെയുള്ള ഗീർവാണം ന്യായീകരണ തൊഴിലാളികൾക്കുള്ള, ബുദ്ധിജീവികളായ സഹയാത്രികർക്കായുള്ള പാർട്ടി ക്ളാസ്സുകളിൽ മാത്രം മതി, പരസ്യ ബോധവത്കരണം വേണ്ട.
എന്ന് വച്ചാൽ കൂടുതൽ ആഡംബരം വേണ്ട; സിക്കർ മണ്ഡലത്തിൽ നാളിതു വരെ കെട്ടി വച്ച കാശ് കിട്ടാത്ത സിപിഎം സ്ഥാനാർത്ഥി കോൺഗ്രസിന്റെ കാരുണ്യത്താൽ വിജയിച്ചു, എ കെ ബാലൻ പേടിച്ച മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുന്നതിൽ നിന്ന് പാർട്ടിയെ തത്ക്കാലം രക്ഷപ്പെടുത്തിയ കോൺഗ്രസിനോടുള്ള അകൈതവമായ നന്ദി, ഉപകാരസ്മരണ; അത് മതി, അത്രയും മാത്രം മതി.
അല്ലാതെ; രാജസ്ഥാനിൽ ഞങ്ങൾ മല മറിച്ചു,
സിക്കറിനെ ചുവപ്പണിയിച്ചു,
ഇന്ത്യ സഖ്യത്തിന്റെ മുന്നണി പോരാളിയാണ്,
ബുദ്ധി കേന്ദ്രമാണ്,
ഇടത്തില്ലെങ്കിൽ ഇന്ത്യയില്ല
എന്നൊക്കെയുള്ള കോരിത്തരിപ്പിക്കുമെന്ന് തോന്നിപ്പിക്കുന്ന അവാസ്തവ ഡയലോഗുകളിൽ ഒരു രോമം പോലും ആരുടെയും അനങ്ങുന്നില്ല എന്നതോർത്താൽ നന്ന്.
അതുകൊണ്ട് സിപിഎം മലയാള വാർത്താ ചാനൽ ന്യായീകരണ സഖാക്കളോട്, സഹയാത്രികരോട് ഒരപേക്ഷ;
കർക്കിടക ചേന കട്ട് തിന്നോ, സീറ്റിനും ചിഹ്നത്തിനും നല്ലതാണ്. പക്ഷെ, കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി കഴിഞ്ഞാൽ മറക്കരുത്...