- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐയുടെ കൂത്തുപറമ്പ് സമരകാലത്ത് എം വി രാഘവൻ, 'ഡ്രാക്കുള രാഘവൻ'; യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി സമരകാലത്ത് പിണറായി, വെള്ളരിപ്രാവ് വിജയൻ; സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി.കൃഷ്ണചന്ദ്രന്റെ കുറിപ്പ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ കരിങ്കൊടി പ്രകടനത്തെ നേരിട്ട സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണകക്ഷി നേതാക്കൾ ന്യായീകരിക്കുകയാണ്. നവകേരള യാത്രാ ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനുള്ള മാതൃകാപരമായ ഇടപെടലാണ് സിപിഎം പ്രവർത്തകർ നടത്തിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ്സിന് സിപിഎം നേതാക്കൾ ചാർത്തി നൽകുന്ന വിശേഷണങ്ങൾ, 'ചാവേർ, തീവ്രവാദി, ഭീകരൻ, ദേശദ്രോഹി, ആത്മഹത്യാ സ്‌ക്വാഡ്, ഗൂഢാലോചനക്കാർ' എന്നിങ്ങനെയാണ്. ഈ പശ്ചാത്തലത്തിൽ പരിയാരം സ്വാശ്രയ കോളേജിന് എതിരെ കൂത്തുപറമ്പിൽ ഡിവൈഎഫ്‌ഐ നടത്തിയ കരിങ്കൊടി സമരകാലവുമായി താരതമ്യം ചെയ്യുകയാണ് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രൻ. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിലെ ഇരട്ടത്താപ്പാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
കൃഷ്ണചന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:
'ഡ്രാക്കുള രാഘവൻ, വെള്ളരിപ്രാവ് വിജയൻ''
നവംബർ - കൂത്തുപറമ്പ്
പ്രതിഷേധിച്ചത്- ഡിവൈഎഫ്‌ഐ
പ്രതിഷേധ മാർഗ്ഗം- കരിങ്കൊടി
സ്ഥിതി നിയന്ത്രണം- പൊലീസ്
മാർഗ്ഗം- വെടിവെയ്പ്
ചിത്രം-1
കൂത്തുപറമ്പ് വെടിവയ്പിൽ ജീവൻ നഷ്ടപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരുടേതാണ്. സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, കെ വി റോഷൻ, മധു, ബാബു എന്നിവരാണ് മരിച്ചത്. വെടിയേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്.
കരിങ്കൊടി പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്‌ഐക്ക് അന്നത്തെ സിപിഎം നേതാക്കൾ ചാർത്തി നൽകിയ വിശേഷണങ്ങൾ;
''യുവതയുടെ ജനരോഷം, പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായം, നിത്യ സമരസത്യം, പോരാട്ട ഭൂമികകളിലെ രാജമല്ലിപ്പൂക്കൾ, പ്രഭ മങ്ങാത്ത നിത്യ സമര നായകർ...സ: എം വി രാഘവന് ''ഡ്രാക്കുള'' യെന്ന ചെല്ലപ്പേരും. ചരിത്ര പ്രഹസനമായ കൂത്തുപറമ്പ് സമരത്തിലെ മുദ്രാവാക്യം വെറും ആവിയായി, പരിയാരം സ്വാശ്രയ കോളജിനെതിരെ സമരം നടത്തി ജീവൻ പോയ 5 സഖാക്കളും, സ: പുഷ്പനും ആ സമരത്തിന്റെ ബാക്കി പത്രങ്ങളായപ്പോൾ, കൂത്തുപറമ്പ് സമര നായകൻ സ: എം വി ജയരാജൻ അതേ പരിയാരം സ്വാശ്രയ കോളേജിന്റെ ചെയർമാനായി വിലസിയതും ചേർത്ത് വായിക്കണം.
ചിത്രം-2
നവംബർ - കല്യാശ്ശേരി
പ്രതിഷേധിച്ചത്- യൂത്ത് കോൺഗ്രസ്സ്
പ്രതിഷേധ മാർഗ്ഗം- കരിങ്കൊടി
സ്ഥിതി നിയന്ത്രണം- ഡിവൈഎഫ്‌ഐ
മാർഗ്ഗം- ഹെൽമെറ്റ്, പൂച്ചട്ടി, വാക്കി ടോക്കി കൊണ്ട് മർദ്ദനം
കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ്സിന് ഇന്നത്തെ സിപിഎം നേതാക്കൾ ചാർത്തി നൽകുന്ന വിശേഷണങ്ങൾ;
''ചാവേർ, തീവ്രവാദി, ഭീകരൻ, ദേശദ്രോഹി, ആത്മഹത്യാ സ്‌ക്വാഡ്, ഗൂഢാലോചനക്കാർ ....''മഹത്തായ ജനാധിപത്യത്തിന്റെ, പ്രതിപക്ഷ ബഹുമാനത്തിന്റെ, കരിങ്കൊടി പ്രതിഷേധത്തോടുള്ള വെല്ലുവിളി നിറഞ്ഞ കേരളത്തിലെ സർക്കാർ സമീപനം. ഡിവൈഎഫ്‌ഐക്കാരുടെ പരസ്യമായ പോർവിളിയെ ന്യായീകരിക്കുന്ന ചെറുതും വലുതുമായ സിപിഎം നേതാക്കൾ. ഇതല്ലേ ഫാസിസം, ഏകാധിപത്യം?
സിപിഎം നേതാക്കളായ അന്താരാഷ്ട്ര ബുദ്ധിജീവികളുടെ വാക്കുകൾ കടമെടുത്താൽ, 'ഹമാസിന്റേത്, ഇസ്രയേലിന് നേരെ സഹികെട്ട് നടത്തിയ പ്രതികരണം' എന്നാണല്ലോ. അപ്പോൾ, വലിയ ബുദ്ധിമുട്ടില്ലാതെ യൂത്ത് കോൺഗ്രസ്സിന്റേത്, 'സർക്കാരിന് നേരെ സഹികെട്ട് നടത്തിയ പ്രതികരണം' എന്ന് ചേർത്ത് വായിച്ചാൽ മതി. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത്, സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി,
കേവലം രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന ധൂർത്തിന്റെ പേക്കൂത്തിനെതിരെ ശബ്ദിക്കുക തന്നെ ചെയ്യും. രാഷ്ട്രീയമായി പ്രതിഷേധിക്കും, എതിർപ്പുകളെ പ്രതിരോധിക്കും. ദാരിദ്ര്യമകറ്റാൻ ദാരിദ്ര്യത്തെ ഉപാസിച്ച കാൾ മാർക്‌സിൽ നിന്നും, ദാരിദ്ര്യമകറ്റാൻ ധൂർത്തിനെ ഉപാസിക്കുന്ന പിണറായി വിജയനിലേക്കുള്ള ദൂരം യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മനസ്സിലാക്കുന്നത് വരെ...




