തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണി കഴിഞ്ഞ ദിവസം, കോൺഗ്രസുകാരെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രാജ്യംവിട്ട് പാക്കിസ്ഥാനിൽ പോകുന്നതാണ് കോൺഗ്രസുകാർക്ക് നല്ലതെന്നാണ് മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ പരിഹസിച്ചത്. രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തോട് നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോൺഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിൽ എത്ര അനാരോഗ്യം ഉണ്ടെങ്കിലും എ കെ ആന്റണി പത്തനംതിട്ടയിൽ പ്രചാരണത്തിന് എത്തണമെന്നും, അനിൽ ആന്റണിക്ക് രാഷ്ട്രീയ മറുപടി നൽകണമെന്നും ആർഎസ്‌പി സംസ്ഥാന സമിതിയംഗം സി കൃഷ്ണചന്ദ്രൻ ആന്റണിക്ക് അയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടു.

ശ്രീ. എ കെ ആന്റണിക്ക് ഒരു തുറന്ന കത്ത്

ബഹുമാനപ്പെട്ട ശ്രീ. എ കെ ആന്റണി,

എത്ര അനാരോഗ്യമാണെങ്കിലും, കിടന്ന കിടപ്പാണെങ്കിലും, സ്വബോധമുണ്ടെങ്കിൽ, ശരീരത്തിൽ ജീവശ്വാസമുണ്ടെങ്കിൽ, അങ്ങ് പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങണം.

എ കെ ആന്റണി എന്ന സമുന്നതനായ കോൺഗ്രസ് നേതാവിന്റെ മകനെന്നതിലുപരി രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമേതുമില്ലാത്ത, വിദ്യാർത്ഥി-യുവജന രാഷ്ട്രീയ രംഗത്തെങ്ങും പ്രവർത്തിക്കാത്ത, സമരമുഖങ്ങൾ കണ്ടിട്ടില്ലാത്ത അങ്ങയുടെ മകൻ, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി നടത്തിയ മ്ലേച്ഛകരമായ ആക്ഷേപത്തിന് അങ്ങയുടെ രാഷ്ട്രീയ മറുപടി പ്രബുദ്ധരായ കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്; അവരുടെ അവകാശമാണത്.

ആദർശത്തിന്റെ പ്രതിരൂപമായി കോൺഗ്രസ് പ്രവർത്തകർ കാണുന്ന എ കെ ആന്റണി എന്ന അങ്ങേയ്ക്ക് പേരും പ്രശസ്തിയും, അധികാര സ്ഥാനങ്ങളും, എല്ലാ വിധ ജീവിത സൗഖ്യവും നൽകിയ കോൺഗ്രസ് പാർട്ടിയെ പുച്ഛിക്കുന്ന, നേതാക്കളെ അടിച്ചാക്ഷേപിക്കുന്ന, കേവലമൊരു അധികാര മോഹിയായ, രാഷ്ട്രീയ അല്പത്തരത്തിന്റെ മകുടോദാഹരണമായ അനിൽ ആന്റണിയുടെ ജല്പനങ്ങൾക്കുള്ള രാഷ്ട്രീയ മറുപടി അങ്ങ് തന്നെ പറയണം. രാഷ്ട്രീയത്തിൽ ഒന്നും പ്രതീക്ഷിക്കാതെ, യാതൊന്നും നേടാതെ, പട്ടിണിയിലും പരിവേദനത്തിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പതിനായിരങ്ങൾക്ക് അങ്ങയുടെ മറുപടി കേൾക്കണം.

'തീരുമാനം വേദനയുണ്ടാക്കി, അടഞ്ഞ അദ്ധ്യായം, അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഒരു ചോദ്യോത്തരത്തിനും ഇനിയില്ല, ഞാൻ മരണം വരെ കോൺഗ്രസുകാരൻ' എന്നൊക്കെയുള്ള അഴകൊഴമ്പൻ പ്രതികരണങ്ങളല്ല വേണ്ടത്; ശക്തമായ രാഷ്ട്രീയ ഭാഷയിൽ കൃത്യവും വ്യക്തവുമായ അങ്ങയുടെ നിലപാട് കൂടിയേ തീരൂ. കൃപാസനത്തിലെ 'തുണ്ട്' അനുസരിച്ചാണ് മകന്റെ രാഷ്ട്രീയ ഭാവി തീരുമാനിച്ചതെന്ന അങ്ങയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ പോലും തീർത്തും ലജ്ജാകരമാണ്. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം സ്വന്തം കുടുംബത്തിൽ പോലും പ്രാവർത്തികമാക്കാൻ സാധിക്കാത്ത ഒരു നേതാവും, നാട് നന്നാക്കാൻ പൊതുജനങ്ങളെ പ്രബുദ്ധരാക്കാൻ ഇറങ്ങരുത്.

പത്തനംതിട്ടയിൽ, കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോയ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ, യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വോട്ടഭ്യർത്ഥിക്കാൻ, കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘമേറിയ കാലം കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗമായിരുന്ന, രാജ്യത്തെ കോൺഗ്രസ് സംഘടനാ പ്രശ്‌നങ്ങളിലെ അവസാന വാക്കായിരുന്ന, ഏറ്റവും കൂടുതൽ കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന, കേരളാ മുഖ്യമന്ത്രിയായിരുന്ന, നിലവിൽ കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനുമായ ശ്രീ എ കെ ആന്റണി എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ,

അഭിവാദ്യങ്ങളോടെ,
സി കൃഷ്ണചന്ദ്രൻ
RSP സംസ്ഥാന കമ്മിറ്റിയംഗം
#CKC