- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ച് സി രാധാകൃഷ്ണൻ

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ സി.രാധാകൃഷ്ണൻ വിശിഷ്ടാംഗത്വം രാജി വച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു.
'സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധം അറിയിക്കുന്നതായി കത്തിൽ പറയുന്നു. പരിപ3ടിയിൽ ആരുടേയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മർദങ്ങൾ മറികടന്ന് സ്വയംഭരണാവകാശം നിലനിർത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കൾക്ക് അറിയാം.
കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയവൽക്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായ അക്കാദമി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ല.' - സി. രാധാകൃഷ്ണൻ കത്തിൽ പറയുന്നു.
ഇന്ത്യയിൽ എഴുത്തുകാരന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാപനം മാത്രമേയുള്ളു, അതിനെ രക്ഷിക്കണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാജി തീരുമാനത്തിൽ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. അക്കാദമിയോടുള്ള സ്നേഹം കൊണ്ടും സ്ഥാപനം നാളെയും ഒരു ജനാധിപത്യ ഭരണസംവിധാനമായി നിലനിൽക്കണം എന്ന ആഗ്രഹംകൊണ്ടുമാണ് രാജി.
തനിക്ക് കേന്ദ്രം ഭരിക്കുന്ന കക്ഷികളോട് സ്നേഹമോ വിരോധമോ ഇല്ലെന്ന് ആവർത്തിച്ചു.മുൻപ് അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോൾ രാഷ്ട്രീയ അധീശത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും എന്നാൽ കമ്മിറ്റി ഒറ്റക്കെട്ടായി ശക്തമായി അതിനെതിരെ പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ച സി.രാധാകൃഷ്ണൻ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. സംഘപരിവാർ നേതൃത്വത്തിലുള്ള പാനലും അക്കാദമി പിടിക്കാൻ മത്സരിച്ചിരുന്നു. സംഘപരിവാർ അനുകൂലിയായ കുമദ് ശർമ്മയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞടുക്കപ്പെട്ടത്.

