- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ധർമടത്ത് സ്ഥാനാർത്ഥിയായത് ഗതി കെട്ട്; കെപിസിസിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല'; പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് വിട്ടു
കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സി രഘുനാഥ് കോൺഗ്രസ് വിട്ടു. അഞ്ചു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി സി രഘുനാഥ് അറിയിച്ചു. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് തീരുമാനം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു. മത്സരസമയത്തും കെപിസിസിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.
കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് ആരോപിച്ചു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താൻ ഗതികെട്ട സ്ഥാനാർത്ഥിയായി തീർന്നെന്നും രഘുനാഥ് പറഞ്ഞു.
കോൺഗ്രസ് വിട്ടാലും കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ടാകുമെന്ന് രഘുനാഥ് കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഓരോ ആളുകളും പടിയിറങ്ങുമ്പോൾ കൊട്ടാരം വിദൂഷകന്മാർ സ്തുതിഗീതം പാടട്ടെ. ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ക്ഷമിക്കുക.
ഭാവി തീരുമാനം തന്നോടൊപ്പം നിൽക്കുന്ന സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് വിടാൻ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.




