- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ ഭേദഗതി നിയമം: സംസ്ഥാന സർക്കാർ നിയമനടപടിക്ക്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടർ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഹർജിയുമായി രമേശ് ചെന്നിത്തല സുപ്രീംകോടതിയിലേക്ക്
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ ഹർജി നൽകും . പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായിരിക്കെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ അപേക്ഷയും സമർപ്പിക്കുക. മുൻ സ്റ്റാന്റിങ് കൗൺസിലും സുപ്രീംകോടതി അഭിഭാഷകനുമായ രമേശ് ബാബുവുമായി രമേശ് ചെന്നിത്തല ചർച്ച നടത്തി
പൗരത്വത്തിന് മതം മാനദണ്ഡമാക്കരുത് എന്ന ആശയമാണ് ചെന്നിത്തല ഹർജിയിലൂടെ മുന്നോട്ട് വയ്ക്കുന്നത് .പൗരത്വത്തിനു അപേക്ഷിക്കാൻ അർഹതയുള്ളത്, പാക്കിസ്ഥാൻ ,ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കാണ് ഈ രാജ്യങ്ങളെ തെരെഞ്ഞെടുത്തതിലെ യുക്തിയില്ലായ്മ പരിശോധിക്കണം. ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന മതേതരത്വത്തിന് കടക വിരുദ്ധമാണ് നിയമവും ചട്ടവും . അന്താരാഷ്ട്ര സമൂഹവും നിരവധി മനുഷ്യാവകാശ സംഘടകളും ഇതിനകം തന്നെ നിയമ ഭേദഗതിയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട് .
മുസ്ലിം വിഭാഗത്തിൽപെടുന്നവരിൽ അരക്ഷിത ബോധം വളർത്താനും ജനങ്ങൾക്കിടയിൽ അസ്വസ്ഥത പടർത്താൻ മാത്രമേ നിയമം ഉപകരിക്കൂ . ഹരജികളിൽ സ്റ്റേ ഇല്ല എന്നത് വിഭജന നടപടികളുമായി മുന്നോട്ട് പോകാനുള്ള ലൈസൻസ് അല്ല. സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചു കരിനിയമം റദ്ദാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.