തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച യു.ഡി.എഫ് മണ്ഡലതലങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം.

ജനങ്ങളിൽ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ കോൺഗ്രസും യു.ഡി.എഫും ചെറുക്കും. നിയമം നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിർത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരാൾ രാജ്യത്ത് ജീവിക്കണമോയെന്ന് തീരുമാനിക്കാൻ ഭരണകൂടത്തിന് എന്ത് അവകാശമാണുള്ളത്? സർക്കാർ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് ജനങ്ങൾക്കിടയിൽ ഉത്കണ്ഠയുണ്ടാക്കും. വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പ്രാണപ്രതിഷ്ഠ നടത്തി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തിയുള്ള നാടകമുണ്ടായത്. അതിന്റെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമവും.

പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. പൗരത്വ നിയമനത്തിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നിയമം നടപ്പാക്കാൻ ആലോചിക്കുന്നേയില്ലെന്ന മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നത്. അയോധ്യയിൽ രാമനെ പ്രതിഷ്ഠിച്ച് ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ചെങ്കിലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്താനുള്ള ശ്രമമാണെന്ന കോൺഗ്രസ് നിലപാടാണ് രാജ്യം അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് സംഘപരിവാർ പുതിയ ആയുധമെടുത്തിരിക്കുന്നത്. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. ഈ രാഷ്ട്രീയത്തെ കോൺഗ്രസ് അതിശക്തമായി നേരിടും. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നീക്കങ്ങളെ അനുകൂലിക്കില്ല. നിയമത്തിനെതിരെ ദേശവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിൽ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ ഉൾപ്പെടെ സഹകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, നരേന്ദ്ര മോദി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം ഇന്ത്യ സഖ്യം ഭരണത്തിൽ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കു സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.മനുഷ്യനെ വേർതിരിക്കുന്ന ഈ നിയമം നടപ്പിലാക്കാൻ നമ്മുടെ ശരീരത്തിൽ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഎം

തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലവട്ടം സർക്കാർ ആവർത്തിച്ചിട്ടുള്ളതാണെന്നും അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം. ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയർന്നുവന്നതാണ്. കേരളത്തിൽ ഇത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തിൽ ഈ നിയമം നടപ്പിലാക്കപ്പെടുകയില്ല.

ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രീംകോടതിയിൽ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേർന്നുകൊണ്ട് ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സിഎഎ സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും നടനും ബിജെപി നേതാവും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. സി.എ.എ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആവശ്യമാണ്. കേരളത്തിൽ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി എത്തിയിരുന്നു.

'എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമ്മാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ആത്യന്തികമായി നടപ്പാകാൻ പോകുന്നത് ദാരിദ്ര്യനിർമ്മാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ പറ്റും. അത്രേയുള്ളൂ. വഹിക്കാൻ പറ്റും. അതിനാണീ മുഖ്യമന്ത്രി. ഇതു രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കപ്പെടും. നിങ്ങൾ നോക്കിക്കോളൂ.

തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ. തിരഞ്ഞെടുപ്പിന് ഗുണമാകാനല്ല" തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.