- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ പുനഃ സംഘടനാ വാർത്ത ചൂടുപിടിച്ചതോടെ എൻസിപിയിലും കോളിളക്കം; വാക്പോരുമായി തോമസ് കെ തോമസും എ കെ ശശീന്ദ്രനും; ഘടകകക്ഷികൾ അവകാശവാദം മുറുക്കുന്നതിനിടെ മന്ത്രിസഭാ പുനഃ സംഘടന ഉടൻ ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദനും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ രണ്ടര വർഷത്തിലേക്കെത്തുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയും. ഗണേശ് കുമാറിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രനെ ഗതാഗത വകുപ്പ് നൽകും. മന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കും. എ.എൻ.ഷംസീറിനെ ആരോഗ്യമന്ത്രിയാക്കും. ഇങ്ങനെയൊക്കെയാണ് അഭ്യൂഹങ്ങൾ.
അതിനിടെ, മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് രംഗത്ത് എത്തി. രണ്ടരവർഷത്തിനുശേഷം തന്നെ മന്ത്രിയാക്കാമെന്ന് മുന്നണിയിൽ ധാരണ ഉള്ളതായി അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ദേശീയ അധ്യക്ഷൻ ശരദ് പവാർ നേരിട്ട് ഉറപ്പ് നൽകിയിരുന്നതായി തോമസ് അവകാശപ്പെട്ടു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ശരദ് പവാറിനെ ഉടൻ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി. സി. ചാക്കോയുടെ വിയോജിപ്പ് കണക്കാക്കുന്നില്ല. പ്രഫുൽ പട്ടേലും, സുപ്രിയ സുലേ പോലുള്ള ദേശീയനേതാക്കൾ പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാമെന്നും എന്നാൽ പ്രതികരിക്കേണ്ടത് മാധ്യമങ്ങളോടല്ലെന്നും മന്്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും പ്രതികരണങ്ങൾക്ക് പാർട്ടിവേദിയാണ് നല്ലതെന്നും ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇല്ലാത്ത ചർച്ചയുടെ പേരിൽ പ്രതികരിച്ച് വിവാദം ഉണ്ടാക്കണോയെന്നും ശശീന്ദ്രൻ ചോദിച്ചു. നിലവിൽ എ.കെ. ശശീന്ദ്രനാണ് സംസ്ഥാനത്തെ എൻസിപിയുടെ മന്ത്രി. വനംവകുപ്പാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.
അതേസമയം, രണ്ടാം പിണറായി സർക്കാർ രണ്ടര വർഷത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമയം മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല. നവംബറിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തിട്ട് രണ്ടര വർഷം പൂർത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളിൽ മന്ത്രിമാർക്ക് മാറ്റമുണ്ടാകുമെന്ന മുൻധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ട്.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു സീറ്റിൽ വിജയിച്ച നാല് ഘടകകക്ഷികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നൽകാനായിരുന്നു ധാരണ. എൽ.ജെ.ഡിക്കും, ആർ.എസ്‌പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമുണ്ടാകില്ലെന്നും വ്യക്തമായിരുന്നു. കേരള കോൺഗ്രസ് എം, ജെ.ഡി.എസ്, എൻ.സി.പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം നൽകാനായിരുന്നു തീരുമാനം. ഈ ധാരണ അതേ പടി പാലിക്കുന്നുവെന്ന് വരുത്താനാണ് ഇപ്പോൾ സിപിഎം പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നത്. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി ലെനിനിസ്റ്റിനെ ഇനിയും ഇടതു പക്ഷത്തെ ഘടകകക്ഷിയാക്കിയിട്ടില്ല. അതുകൊണ്ട് കോവൂരിന് ഒരു പരിഗണനയും ഉണ്ടാകില്ല.
കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേശ്കുമാർ, ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ തുടങ്ങിവർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നൽകാനാണ് സിപിഎം തീരുമാനിച്ചിരുന്നത്. ജെ.ഡി.എസിനും എൻ.സി.പിക്കും ഒരോ മന്ത്രിസ്ഥാനം നൽകി. എൽജെഡിയും ജെഡിഎസും ലയിക്കണമെന്നതായിരുന്നു സിപിഎമ്മിന്റെ ആഗ്രഹം. അത് ഇനിയും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം ഇനിയും അവർക്ക് നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. അതിനിടെ ഇടത് യോഗത്തിൽ സമ്മർദ്ദം ചെലുത്താനാണ് എൽജെഡിയുടെ തീരുമാനം. ദേശീയ തലത്തിൽ ആർജെഡിയുമായി ലയിക്കാൻ ഒരുങ്ങുകയാണ് അവർ. 21 മന്ത്രിമാർ നിലവിൽ ഉണ്ട്. അതുകൊണ്ട് തന്നെ എൽജെഡിക്ക് മന്ത്രിയെ നൽകുക എന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഏറെയാണ്. എന്തായാലും 20 ന് ഇടതുമുന്നണി യോഗം ചേരുമ്പോൾ, ഘടകകക്ഷികൾ
അവകാശവാദം ആവർത്തിച്ചേക്കും.




