- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശശീന്ദ്രനെ മാറ്റി തോമസിന് മന്ത്രിയാകണം, കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി തോമസിനും; കെ പി മോഹനനും കോവൂർ കുഞ്ഞുമോനും മന്ത്രിമോഹങ്ങൾ; കസേര ഉള്ളവർക്ക് വിട്ടുകൊടുക്കാനും മടി; പുനഃസംഘടനാ ചർച്ചയിൽ ഭൈമീകാമുകർ ഏറെ!
തിരുവനന്തപുരം: പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാകുന്നതോടെ പുനഃസംഘടനാ ചർച്ചകളിലേക്ക് കാര്യങ്ങൾ കടന്നിട്ടുണ്ട്. ഗണേശ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിനായി പുനഃസംഘടന നടക്കുമ്പോൾ മന്ത്രിസ്ഥാനത്തേക്ക് കൂടുതൽ അവകാശവാദവുമായി ആളുകൾ എത്തിക്കഴിഞ്ഞു. ഇപ്പോൾ മന്ത്രിക്കസേരയിൽ ഇരിക്കുന്നവർ അത് വിട്ടുകൊടുക്കാൻ മടിക്കുമ്പോൾ എങ്ങനെയെങ്കിലും മന്ത്രിക്കസേര കിട്ടുമോ എന്ന പരിശ്രമത്തിലാണ് മറ്റുള്ളവർ.
ഇതിനിടെ ിപിഎം മന്ത്രിമാരിലടക്കം മാറ്റംവരുമോയെന്ന് പെട്ടെന്നൊരു ചർച്ച. എ.എൻ.ഷംസീർ മന്ത്രിയാകുമെന്നും പകരം മന്ത്രി വീണാ ജോർജ് സ്പീക്കറാകുമെന്നുമുള്ള അഭ്യൂഹമാണ് പ്രധാനമായും പരന്നത്. ഇതുസംബന്ധിച്ചു മാധ്യമങ്ങളിൽ കണ്ട അറിവേയുള്ളൂവെന്നു ഷംസീർ പ്രതികരിച്ചു. വീണാ ജോർജ് വാർത്ത പൂർണമായി നിഷേധിച്ചു. ഇതിനിടെയാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ കൂടുതൽ പാർട്ടികൾ രംഗത്തെത്തിയിട്ടുമുണ്ട്.
സർക്കാർ രൂപീകരണഘട്ടത്തിലെ ധാരണപ്രകാരം ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലിനും (തുറമുഖം) ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിനും (ഗതാഗതം) പകരം നവംബറിൽ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള കോൺഗ്രസ് ബിയുടെ കെ.ബി.ഗണേശ്‌കുമാറും മന്ത്രിമാരാകണം. ഈ ധാരണ പാലിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. എന്നാൽ, ഗണേശിനെ മന്ത്രിയാക്കുന്നതിനോടു സിപിഎമ്മിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. സോളർ ലൈംഗികാരോപണക്കേസിൽ സിപിഎമ്മിനെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്നതിനു തുല്യമാകില്ലേ എന്നാണു വാദം.
ഒറ്റ എംഎൽഎ വീതമുള്ള എൽജെഡിയും (കെ.പി.മോഹനൻ) ആർഎസ്‌പി ലെനിനിസ്റ്റും (കോവൂർ കുഞ്ഞുമോൻ) മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നതും സിപിഎമ്മിനു തലവേദനയാണ്. ഒറ്റ എംഎൽഎയുള്ള 6 പാർട്ടികളിൽ നാലെണ്ണത്തിനെ മാത്രം പരിഗണിക്കുന്നുവെന്നാണു പരാതി. ഒറ്റ എംഎൽഎയുള്ള ഗണേശിനെ പരിഗണിക്കുമ്പോൾ തങ്ങളെ കൂടി പരിഗണിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
എൻസിപിയിലും ജെഡിഎസിലും മന്ത്രിമാറ്റത്തിന് ആവശ്യമുയർന്നിട്ടുണ്ട്. എൻസിപിയിലെ എ.കെ.ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കണമെന്നു തോമസ് കെ.തോമസ് ആവശ്യപ്പെടുന്നു. ജെഡിഎസിൽ കെ.കൃഷ്ണൻകുട്ടിക്കു പകരം മാത്യു ടി.തോമസിനെ മന്ത്രിയാക്കണമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്ഥാനം പിടിച്ചുവാങ്ങാനില്ലെന്ന നിലപാടിലാണു മാത്യു ടി.തോമസ്. എങ്കിലും 30നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തർക്കമുയരാം.
ആർ.എസ്‌പി (ലെനിനിസ്റ്റ്) പാർട്ടിയുടെ ഏക എംഎൽഎയായ കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫിന് കത്ത് നൽകിയതായാണ് റിപ്പോർട്ട്. ഒറ്റ എംഎൽഎമാരുള്ള മറ്റ് പാർട്ടികളെ പരിഗണിക്കുമ്പോൾ അഞ്ച് തവണ എംഎൽഎയായ തനിക്ക് അർഹതയുണ്ടെന്നാണ് കത്തിലുള്ളത്. എ.കെ. ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്നാണ് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്റെ ആവശ്യം. എൻ.സി.പി ദേശീയ നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ നേരത്തേ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ, പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻ.സി.പി സംസ്ഥാന ഘടകം ഇക്കാര്യം അംഗീകരിക്കുന്നില്ല.
കെ.പി. മോഹനനെ മന്ത്രിയാക്കണമെന്നാണ് ജെ.ഡി.എസുമായി ലയനത്തിന് ഒരുങ്ങുന്ന എൽ.ജെ.ഡിയുടെ ആവശ്യം. മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്നവർ അവകാശവാദം കടുപ്പിച്ചാൽ ഇടതുമുന്നണി പ്രതിസന്ധിയിലാകും. അതേസമയം നിലവിൽ പുനഃസംഘടനാ ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന മന്ത്രിമാർ പറയുന്നത്.
മന്ത്രിസഭ പുനഃസംഘടന ചർച്ചയിലേക്ക് കടക്കാൻ സമയമായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. രണ്ടരവർഷത്തെ ധാരണ പുതിയ കാര്യമല്ല. നിലവിൽ ഇടതുമുന്നണി ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. തീരുമാനമെടുക്കാൻ എൽ.ഡി.എഫിന് ഒരു ദിവസമോ ഒരു മണിക്കൂറോ മതി. ഞാൻ മുന്നണിക്കകത്തുതന്നെയുണ്ട്. മന്ത്രിസ്ഥാനം ആരുടെയും സ്ഥിര അവകാശമല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. വ്യക്തിയുടെ മെറിറ്റും ഡി മെറിറ്റും നോക്കേണ്ടതില്ല. എനിക്ക് മാത്രമാണ് അർഹത, മറ്റാർക്കും ഇല്ലെന്ന് അഭിപ്രായം എനിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം സർക്കാറിനെ നിരന്തരം വിമർശിക്കുന്ന, സോളാർ സിബിഐ റിപ്പോർട്ടിൽ പേരുവന്ന് വീണ്ടും വിവാദത്തിലായ കെ.ബി. ഗണേശ് കുമാറിനെ മന്ത്രിസഭയിലെടുക്കുന്നതിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. അതേസമയം, ഗണേശ് കുമാറിന് അയോഗ്യതയില്ലെന്നാണ് ഇ.പി. ജയരാജൻ പ്രതികരിച്ചത്.
കേരള കോൺഗ്രസ് ബിയിൽനിന്ന് സിപിഎം ഏകപക്ഷീയമായി ഏറ്റെടുത്ത മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ഇതുവരെ തിരിച്ചുനൽകിയിട്ടില്ല. കെ.ബി. ഗണേശ് കുമാറിന് ആന്റണി രാജു ഒഴിയുന്ന ഗതാഗതവകുപ്പാണ് ലഭിക്കേണ്ടത്. ഗതാഗതവകുപ്പിനോട് താൽപര്യമില്ലെന്ന് കെ.ബി. ഗണേശ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വനം, അല്ലെങ്കിൽ സിനിമ ഉൾപ്പെടുന്ന സാംസ്‌കാരിക വകുപ്പുകളിലൊന്നിലാണ് ഗണേശ് കുമാറിന്റെ നോട്ടം.
അതേസമയം രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടനയെന്നത് നേരത്തേയുള്ള ധാരണയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ. എടുത്ത തീരുമാനം നടപ്പാക്കാൻ കെൽപുള്ളതാണ് മുന്നണി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അദ്ദേഹം തീരുമാനമെടുത്താൽ അത് സ്വീകരിക്കും. ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
സിപിഎം മന്ത്രിമാരുടെ മാറ്റത്തിന് ഇന്നും നാളെയും ചേരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിൽ നിർദേശമുയർന്നാലേ സംസ്ഥാന തലത്തിൽ തുടരാലോചനയുണ്ടാകൂ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റംവരുത്തിയിരുന്നു. മുന്നണിയിലെ ധാരണപ്രകാരമുള്ള പുനഃസംഘടനയുണ്ടാകുമെന്നു മാത്രമാണ് പാർട്ടി കേന്ദ്രങ്ങൾ ഇപ്പോൾ പ്രതികരിക്കുന്നത്.




