തിരുവനന്തപുരം: സോളാർ കേസ് വിവാദത്തിന്റെ ചൂടാറും മുമ്പേ, മന്ത്രിസഭാ പുനഃ സംഘടന വേഗം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് കത്തുനൽകി. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേശ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. സോളാർ വിവാദ കുരുക്കിൽ അകപ്പെട്ടെങ്കിലും, മുൻ ധാരണ പ്രകാരം നവംബറിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടുമെന്നാണ് കേരള കോൺഗ്രസ് ബിയുടെ പ്രതീക്ഷ.

നവംബർ 20 നാണ് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം തികയ്ക്കുന്നത്. ഘടകകക്ഷികളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമാണ് മാറേണ്ടത്. പകരം കെ ബി ഗണേശ്‌കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലേക്ക് വന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേശ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്.

ഈ ഉറപ്പ് ലംഘിക്കാൻ, ഇടതുമുന്നണിക്ക് കാരണമാക്കാവുന്നത് സോളാർ വിവാദമാണ്. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേശ്കുമാർ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തു വന്നതോടെ യൂത്ത്കോൺഗ്രസ് നേതാക്കൾ ഗണേശിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

്‌വരുന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഗണേശിനെതിരെ ശക്തമായ പ്രചാരണത്തിന് ഇറങ്ങിയേക്കും. അതിനെ ചെറുക്കേണ്ടത് ഇടതുമുന്നണിയുടെ ബാധ്യതയാണ്. അതുകൊണ്ട് എല്ലാ വശവും പരിഗണിച്ചായിരിക്കും, ഗണേശിന്റെ പുനഃപ്രവേശന കാര്യത്തിൽ തീരുമാനം.എൻ.എസ്.എസിന്റെ ശക്തമായ പിന്തുണയാണ് ഗണേശിന്റെ ബലം. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന്റെ സഹോദരനായ കലഞ്ഞൂർ മധുവിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയ ജി.സുകുമാരൻ നായർ, പകരം ഡയറക്ടറാക്കിയത് ഗണേശിനെയാണ്.

ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഗണേശിനെ മന്ത്രിയാക്കാനുള്ള എൽഡിഎഫ് തീരുമാനത്തെ വിമർശിച്ചാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്. ഗണേശ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.

'സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നത്, ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേശ്, ഭാര്യയുടെ അടിമേടിക്കുന്നയാൾ, ഗണേശ് കുമാറും അച്ഛനും കൂടി ട്രാൻസ്പോർട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്..ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാൾ വേണ്ടേ എന്നതുകൊണ്ടാണ്'- വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ എൽഡിഎഫിൽ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. എന്നാൽ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുന്നണി ചർച്ചചെയ്തിട്ടില്ലെന്നും, മുന്നണി ധാരണകളെല്ലാം പാലിക്കുമെന്നാണ് വിഷയത്തിലെ ഇടത് മുന്നണിയുടെ നിലപാട്. മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോൺഗ്രസിന്റെ എംഎൽഎയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേശ് കുമാറാണ് മന്ത്രിയാകേണ്ടത്.

അതേസമയം ഗണേശ് പക്ഷത്തുള്ള മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കിയ തീരുമാനം സർക്കാർ മരവിച്ചിരുന്നു. കേരള കോൺഗ്രസ് (ബി)യുടെ കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. കെ.ബി ഗണേശ് കുമാർ എംഎൽഎയുടേയും പാർട്ടിയുടേയും ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള നടപടി. വിഷയം ചൂണ്ടിക്കാട്ടി ഗണേശ് കുമാർ എൽ.ഡി.എഫ്. കൺവീനർക്ക് കത്ത് നൽകിയിരുന്നു.

കേരളാ കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ സ്ഥാനത്തു നിന്ന് മാറ്റി അഡ്വ. എം. രാജഗോപാലൻ നായരെ പുതിയ ചെയർമാനായി നിയമിച്ചുകൊണ്ടായിരുന്നു പൊതുഭരണ വകുപ്പിന്റെ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. എൽ.ഡി.എഫിലോ മുന്നണിതലത്തിലോ ചർച്ച ചെയ്യാതെയായിരുന്നു തീരുമാനം. അതിനാൽ തന്നെ കടുത്ത അതൃപ്തിയിലായിരുന്നു കേരളാ കോൺഗ്രസ് ബി. ഇക്കാര്യം കെ.ബി. ഗണേശ്കുമാർ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ്. കൺവീനറേയും സിപിഎം. സംസ്ഥാന സെക്രട്ടറിയേയും അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആർ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ നിയമിച്ചുകൊണ്ടായിരുന്നു കോർപ്പറേഷൻ രൂപവത്കരിച്ചത്. ബാലകൃഷ്ണപിള്ള യു.ഡി.എഫ്. വിട്ടതോടെ പ്രയാർ ഗോപാലകൃഷ്ണൻ ചെയർമാനായി. പിന്നീട് പിണറായി സർക്കാർ അധികാരത്തിൽവന്നതോടെ ബാലകൃഷ്ണപിള്ള ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു പ്രേംജിത്തിനെ സ്ഥാനത്ത് നിയമിച്ചത്.

അടുത്തിടെ സർക്കാരിനും ചിലവകുപ്പുകൾക്കുമെതിരേ പാർട്ടി ചെയർമാൻ കെ.ബി. ഗണേശ്കുമാർ നടത്തിയ പരസ്യവിമർശനങ്ങൾ സി.പി. എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഗണേശ്കുമാർ യു.ഡി.എഫിലേക്ക് തിരികെ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾകൂടി പുറത്തുവന്നതിനുപിന്നാലെയാണ് പാർട്ടിക്ക് നൽകിയിരുന്ന ചെയർമാൻസ്ഥാനങ്ങളിലൊന്ന് തിരിച്ചെടുത്തത്. വിഷയത്തിൽ ഗണേശ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതോടെ സ്ഥാനം തിരികെ നൽകുകയായിരുന്നു.