കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി കെ.എസ്.യു എത്തുമ്പോൾ എസ് എഫ് ഐയിൽ നിരാശ. ഈ തോൽവിയെ സിപിഎമ്മും ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. തോൽവിയുടെ കാരണം കണ്ടെത്താൻ സിപിഎം അന്വേഷണം നടത്തും. പ്രചരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും എസ് എഫ് ഐയ്ക്ക് പിഴച്ചുവെന്നാണ് വിലയിരുത്തൽ. കാലിക്കറ്റിൽ എസ് എഫ് ഐയ്ക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

കാലിക്കറ്റിൽ കാലങ്ങളായി എസ്.എഫ്.ഐ. യൂണിയൻ ഭരിച്ചിരുന്ന പല കോളേജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേർന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ എസ്.എഫ്.ഐയുടേത്. സിപിഎമ്മിന്റെ തുടർ ഭരണകാലത്തെ എസ് എഫ് ഐ തോൽവി സിപിഎമ്മിന് ഞെട്ടലായി. ഭരണ വിരുദ്ധ വികാരവും സർക്കാരിന്റെ ധാർഷ്ട്യവുമെല്ലാം ഈ വിജയത്തിൽ കെ എസ് യു ഉയർത്തിക്കാട്ടുന്നുണ്ട്. മലബാറിൽ കൂടുതൽ സ്വാധീനത്തിനാണ് സിപിഎം ശ്രമം. ഇതിനിടെയാണ് കാലിക്കറ്റിലെ കെ എസ് യു മുന്നേറ്റം. ഇതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. എസ് എഫ് ഐയോട് വിശദീകരണം ചോദിക്കും. ഇതിനൊപ്പം തോൽവിയിൽ പാർട്ടി അന്വേഷണവും നടത്തും.

പാലക്കാട് ജില്ലയിൽ തൃത്താല ഗവൺമെന്റ് കോളേജ്, പാട്ടാമ്പി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ്, നെന്മാറ എൻ.എസ്.എസ്. കോളേജ്, പറക്കുളം എൻ.എസ്.എസ്. കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളേജ്. പട്ടാമ്പി ലിമന്റ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു. സഖ്യം വിജയിച്ചു. എസ് എഫ് ഐയ്ക്ക് വലിയ തിരിച്ചടിയായി ഇത്. ഇതിനൊപ്പം മറ്റ് പല കോളേജുകളിലും കെ എസ് യു നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ അവകാശ വാദങ്ങൾ എസ് എഫ് ഐ നിഷേധിക്കുന്നു.

മലപ്പുറം മഞ്ചേരി എൻ.എസ്.എസ്. കോളേജ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, വയനാട് സുൽത്താൻ ബത്തേരി അൽഫോൻസ കോളേജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആർ.ഡി. കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയൽ കോളേജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളേജ്, മലപ്പുറം അംബേദ്കർ കോളേജ്, കോഴിക്കോട് നാദാപുരം ഗവ. കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.

തൃശ്ശൂർ കേരള വർമ കോളേജിൽ തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചുവെന്ന് കെ.എസ്.യു. അവകാശപ്പെട്ടു. കെ.എസ്.യു. സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ ശിവദാസൻ ആദ്യവട്ട വോട്ടെണ്ണലിൽ ഒരുവോട്ടിന് വിജയിച്ചു. എന്നാൽ, റിക്കൗണ്ടിങ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. രംഗത്തെത്തി. നിലിവിൽ ഇവിടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാഴ്ച പരിമിതിയുള്ള മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ. 38 വർഷം തുടർച്ചയായി ഇവിടെ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചുവരുന്നത്.

പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ശ്രീക്കുട്ടൻ. സുപ്രിയ- ശിവദാസൻ ദമ്പതിമാരുടെ മകനാണ്. ശ്രീക്കുട്ടന് അഭിനന്ദനവുമായി കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം അടക്കമുള്ളവർ രംഗത്തെത്തി. കാലിക്കറ്റിലെ നെന്മാറ എൻഎസ്എസ് കോളേജിലും കെഎസ്‌യു വിജയക്കൊടി നാട്ടി. അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്ഐ നിലനിർത്തി. തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, എസ്എൻ വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്‌സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, ഐഎച്ച്ആർഡി ചേലക്കര, ഗവണ്മെന്റ് ആർട്‌സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ എൻഎസ്എസ് കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, എംഒസി ആർട്‌സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്‌സ് കോളേജ്, ഐഎച്ച്ആർഡി നാട്ടിക, എസ്എൻ നാട്ടിക, എംഇഎസ്അസ്മാബി കൊടുങ്ങല്ലൂർ, കെകെടിഎം കൊടുങ്ങല്ലൂർ , ഐഎച്ച്ആർഡി കൊടുങ്ങല്ലൂർ, എൻഇഎസ് നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ വിജയിച്ചുവെന്ന് എസ് എഫ് ഐ പത്രക്കുറിപ്പിൽ അറിയിച്ചു.

എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം കെ എസ് യൂ യൂണിയൻ പിടിച്ചു. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടി. സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലും കെ എസ് യു യൂണിയൻ പിടിച്ചു. ഒരു ജനറൽ സീറ്റ് എസ് എഫ് ഐ നേടി. പതിവ് തെറ്റിക്കാതെ മലബാർ ക്രിസ്ത്യൻ കോളേജ് എസ് എഫ് ഐക്ക് ഒപ്പം നിന്നു. ഒരു ജനറൽ സീറ്റാണ് ക്രിസ്ത്യൻ കോളേജിൽ കെ എസ് യുവിന് ലഭിച്ചത്.