കോഴിക്കോട്: ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നും അക്കൗണ്ട് തുറന്നതിന്റെ ആവേശത്തിലാണ് ബിജെപി. ഇതിനിടെ കേരളത്തിൽ നിന്നും ബിജെപിക്ക് സന്തോഷം പകരുന്ന കൂടുതൽ വാർത്തകൾ പുറത്തുവരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധി വിജയിച്ചു.

കോഴിക്കോട് മാഗ്കോം ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ എ കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ജനറൽ കാറ്റഗറിയിലാണ് എ കെ അനുരാജ് മത്സരിച്ചു വിജയിച്ചത്. സിപിഎമ്മിന്റെയും കോൺഗ്രസ്സിന്റെയും എതിർപ്പിനെ മറികടന്നാണ് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളിൽ ഉൾപ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്.

സിൻഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാർ, എം പി ഫൈസൽ, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാർട്ടീൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.