തൃത്താല: നവകേരള യാത്രയ്ക്കും സദസ്സിനും എതിരായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാറൂക്കിനെതിരേയാണ് തൃത്താല പൊലീസ് കേസെടുത്തത്.

പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ് 'ആലിബാബയും 41 കള്ളന്മാരും' എന്ന് ആലേഖനംചെയ്ത ഒരുബസ്സിന്റെ ചിത്രം സഹിതം നവംബർ 19-നാണ് ഫാറൂക്ക് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ പേരിലാണ് സിപിഎം. പ്രവർത്തകരുടെ പരാതിയിൽ പൊലീസ് തനിക്കെതിരേ കേസെടുത്തതെന്നാണ് ഫാറൂക്കിന്റെ ആരോപണം.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇക്കാര്യം സംബന്ധിച്ച് ഫേസ്‌ബുക്ക് ലൈവിലൂടെ ഫാറൂക്ക് പ്രതികരിച്ചിരുന്നു. പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സർക്കാരിന്റെ കൊള്ളരുതായ്മകളെ വിമർശിച്ചാൽ കേസിൽ കുടുക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നവംബർ 19-ലെ പോസ്റ്റിന്റെ പേരിൽ സിപിഎം, ഡിവൈഎഫ്ഐ. നേതാക്കളുടെ പരാതിയുണ്ടെന്ന് പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൊബൈൽഫോൺ പോലും സ്റ്റേഷനിൽ പിടിച്ചുവെയ്ക്കുന്ന സ്ഥിതിയാണുണ്ടായത്. എത്രകേസെടുത്താലും ഇനിയും പ്രതിഷേധിക്കുമെന്നും ഫാറൂക്ക് ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോൺഗ്രസും വ്യക്തമാക്കി. 'പിണറായി സർക്കാരിന്റെ ധൂർത്തിനും നവ കേരള സദസ്സിനുമെതിരെ ഞാൻ നവംബർ 19ന് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു, ഇന്ന് തൃത്താല പൊലീസ് എനിക്കെതിരെ സിപിഎം നേതാക്കളുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം നടത്തി എന്നാണത്രേ കേസ്. പറയാനുള്ളത് ഇനിയും ആർജ്ജവത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും. കേസുകൾ നിങ്ങൾ എടുത്തു കൊണ്ടേയിരിക്കുക' 'ഫാസിസം തുലയട്ടെ' എന്ന തലക്കെട്ടിൽ ഫാറൂഖ് കുറിച്ചു.

ഫാറൂഖിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായും വിമർശനമുണ്ട്. തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കാമെന്ന് ഫാറൂഖ് നിലപാട് സ്വീകരിക്കുകയായിരുന്നു.