- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറി
തൃശൂർ: ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'. മെയ് ലക്കത്തിലെ 'മത ചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം.
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് കത്തോലിക്കാസഭ മുഖപ്രസംഗത്തിൽ പറയുന്നു. ദൂർദർശൻ ചാനലിന്റെ ലോഗോ കാവി നിറമാക്കിയതുൾപ്പടെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്‌കൂൾ ആക്രമിക്കുകയും മദർ തെരേസയുടെ രൂപം തകർക്കുകയും ചെയ്തവർ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
കാവി കാണുമ്പോൾ ഭയം തോന്നുന്നു എന്നും ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേൾക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.
തെലങ്കാനയിൽ മദർതെരേസയുടെ പേരിലുള്ള സ്‌കൂൾ ജയ്ശ്രീറാം വിളികളുമായെത്തിയവർ ആക്രമിച്ചിരുന്നെന്നും സ്‌കൂളും മദർ തെരേസയുടെ രൂപവും തകർത്ത ആക്രമികൾ അവിടെ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തിൽ പറയുന്നു. വിദ്യ പകർന്നു നൽകുന്ന ഒരു സ്ഥാപനം തകർത്തുകൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്താൻ കാവിക്കൊടി നാട്ടിയത് വിരോധാഭാസമാണെന്നും ലേഖനം വിമർശിക്കുന്നു.
ഭരണഘടന സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും അക്കാദമിക് രംഗവും കാവിവത്കരിക്കുന്നു എന്ന ആക്ഷേപം ശക്തമാണെന്നും ദൂർദർശന്റെ ലോഗോ കാവി നിറമാക്കിയതിനെ ചൂണ്ടിക്കാണ്ടിക്കൊണ്ട് ലേഖനം വിമർശിച്ചു. പാഠപുസ്തകങ്ങളിൽ വരെ ഇതിന്റെ അനുരണനങ്ങൾ കാണുന്നുണ്ടെന്നും മുൻകാലത്തെ ഭരണാധികാരികൾ സ്ഥാപിച്ച പലതും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം അതിന്റെ ഭാഗമാണെന്നും കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തിൽ പറയുന്നു. പാർലമെന്റ് മന്ദിരം മാത്രമല്ല ജനാധിപത്യം തന്നെ ഇല്ലാതാകുമെന്ന് സംശയിക്കുന്നവരുണ്ടെന്നും, വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കൾ പറയുന്നത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.