തിരുവനന്തപുരം: കേരളത്തിനുള്ള ജിഎസ്ടി വിഹിതം കേന്ദ്രസർക്കാർ വീണ്ടും വെട്ടിക്കുറച്ചു. ഒരു മുന്നറിയിപ്പും ഇല്ലാതെ 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന ചരക്ക്, സേവന നികുതി വിഹിതമായി ആദ്യം ഒരു തുക അനുവദിക്കുകയും പിന്നീടത് ക്രമപ്പെടുത്തുകയുമാണ് സാധാരണ ചെയ്യാറുള്ളത്. ഐജിഎസ്ടി സെറ്റിൽമെന്റിൽ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ്. ഐജിഎസ്ടി ബാലൻസിലെ കുറവ് നികത്തുന്നതിനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിനാണ് നടപടിയെന്നാണ് ധനവകുപ്പിന് കിട്ടിയ അറിയിപ്പ്. എന്താണ് കാരണമെന്നോ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് തുകയിൽ വെട്ടിക്കുറവ് വരുത്തിയതെന്നോ വ്യക്തമല്ല. തുക വെട്ടിക്കുറച്ചതിന്റെ അനുപാത കണക്കിൽ അടക്കം വ്യക്തത ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളത്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കങ്ങൾ നിലനിൽക്കുകയാണ്. ഐജിഎസ്ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തത വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐജിഎസ്ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നാണ് കേരളം കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നത്.

മൂല്യവർധിത നികുതി(വാറ്റ്)യിൽനിന്ന് ജി.എസ്.ടിയിലേക്കുള്ള മാറ്റം സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമാണുണ്ടാക്കിയത്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന നികുതി അധികാരം ചുരുങ്ങി. ഇരുനൂറിൽപരം ആഡംബര ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 35 മുതൽ 45 ശതമാനംവരെ മൂല്യവർധിത നികുതി ഉണ്ടായിരുന്നു. ജി.എസ്.ടിയിൽ ഇവയെല്ലാം 28 ശതമാനത്തിലേക്ക് താഴ്‌ത്തി, പിന്നീട് 18 ശതമാനത്തിലേക്കും കേന്ദ്ര സർക്കാർ ചുരുക്കി. ഇതുമൂലം സാധനങ്ങൾ വാങ്ങുന്നവർക്ക് വിലക്കുറവുണ്ടായതുമില്ല. എന്നാൽ, സംസ്ഥാന വരുമാനത്തെയാണ് ബാധിച്ചത്. വാറ്റ് നികുതി പൂർണമായും സംസ്ഥാനത്തിന് അവകാശപ്പെട്ടതായിരുന്നു. ജി.എസ്.ടിയിലാകട്ടെ, പകുതി കേന്ദ്ര സർക്കാറിന് പോകും. ജി.എസ്.ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും ഏതാണ്ട് പൂർണ നിയന്ത്രണം കേന്ദ്ര സർക്കാറിനാണ