ന്യൂഡൽഹി: കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പോകാനിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു. വീണാ ജോർജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി കേന്ദ്രസർക്കാർ നിഷേധിച്ചതോടെയാണിത്. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

കുവൈത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി പോകാനിരുന്നത്. കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതിരുന്നതോടെയാണു മന്ത്രി യാത്ര ഉപേക്ഷിച്ചത്. രാത്രി 9.40ന് പുറപ്പെടുന്ന വിമാനത്തിൽ കയറാൻ വീണാ ജോർജ് 9.30 വരെയും വിമാനത്താവളത്തിലുണ്ടായിരുന്നു. അവസാന നിമിഷം കേന്ദ്ര അനുമതി കിട്ടാതെ വന്നതോടെയാണു യാത്ര ഉപേക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തെറ്റാണെന്നും വീണാ ജോർജ് പറഞ്ഞു.

വിദേശത്ത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളിൽ നിന്നു മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കമില്ലെന്നു മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. വീണാ ജോർജിന്റെ യാത്രയെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ദുരന്ത സ്ഥലത്ത് സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. 'ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയക്കുന്നതെന്ന് മനസ്റ്റിലാകുന്നില്ല. ദുരന്ത സ്ഥലത്ത് ഇനിയെത്തിയിട്ട് എന്ത് കാര്യം. ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കൊറോണ സമയത്ത് പ്രവാസികളെ കൊണ്ട് വരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ അന്തി പത്ര സമ്മേളനത്തിലെ പരാമർശത്തിൽ പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്', ചെന്നിത്തല പറഞ്ഞു.

അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് കുവൈത്തിൽനിന്നും വിമാനങ്ങൾ തിരിക്കും. രാവിലെ 8.30ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽനിന്നും മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും.

ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം.) ജീവൻ ബാബു അനുഗമിക്കുമെന്നും വിവരമുണ്ടായിരുന്നു. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്.

കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.