- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം നാളിൽ സത്യപ്രതിജ്ഞ ചെയ്യുന്ന അവിവാഹിതരിൽ നാലാമൻ; നിയമസഭയിലെ യൂത്ത് ബ്രിഗേഡിലെ പ്രാധാനി സഞ്ചരിക്കുക 'രാഹുൽ ഗ്രൂപ്പിനൊപ്പം'; അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎ
തിരുവനന്തപുരം: തന്റെ ഗ്രൂപ്പിന്റെ പേര് രാഹുൽ ഗ്രൂപ്പെന്നാകും. പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിന് ശേഷം കോൺഗ്രസ് ഹൈക്കമാണ്ടിനൊപ്പമാകും താൻ നിൽക്കുകയെന്ന് വ്യക്തമാക്കുകയാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മകന് നിയമസഭയിലും വിരോചിത സ്വീകരണം കോൺഗ്രസ് ഒരുക്കും. നിയമസഭാ സമ്മേളനത്തിൽ താരമായി ചാണ്ടി ഉമ്മനെ നിറയ്ക്കും. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് കോൺഗ്രസ് കാര്യ കാരണങ്ങൾ സഹിതം നിരത്തും.
നിയമസഭയിൽ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡിലേക്കു ചേരുന്ന ചാണ്ടി ഉമ്മൻ വിജയത്തിന്റെ മൂന്നാം നാളിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ നേരവകാശിയായി നിയമസഭയിൽ അദ്ദേഹത്തിന്റെ മകൻ മാറും. ചാണ്ടി ഉമ്മൻ തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ മരിച്ച ഒഴിവിൽ അരുവിക്കരയിൽ 2015 ൽ ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേന്നുതന്നെ കെ.എസ്.ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാണ് ഉപതിരഞ്ഞെടുപ്പിലെ അതിവേഗ സത്യപ്രതിജ്ഞ.
അവിവാഹിതരായ നിയമസഭാംഗങ്ങളുടെ പട്ടികയിൽ നാലാമനായി എത്തുകയാണു ചാണ്ടി ഉമ്മൻ. മന്ത്രി കെ.രാധാകൃഷ്ണൻ, കോവൂർ കുഞ്ഞുമോൻ, റോജി എം.ജോൺ എന്നിവരാണു മറ്റുള്ളവർ. ഉപതെരഞ്ഞെടുപ്പിൽ ചർച്ചയായ വിവാദ വിഷയങ്ങളിൽ മറുപടി നൽകിയാണ് പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ തിരുവനന്തപുരത്ത് എത്തുന്നത്.
വിജയകാരണങ്ങൾ പറഞ്ഞ് ചാണ്ടി ഉമ്മൻ
സഹതാപ തരംഗമല്ല, അഭിമാന തരംഗമാണ് പുതുപ്പള്ളിയിൽ പ്രകടമായതെന്നും വികസന സംവാദത്തോട് ഒരിക്കലും മുഖം തിരിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. ഉമ്മൻ ചാണ്ടിയെ മരണത്തിന് ശേഷവും അപമാനിച്ചു. ചികിത്സാ വിവാദത്തിന് പിന്നിൽ സിപിഎമ്മാണ്. ഞാൻ അപ്പയെ കൊല്ലാൻ ശ്രമിച്ചുവെന്നടക്കം സിപിഎം സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചു. കോൺഗ്രസാണ് ചികിത്സക്ക് സഹായം നൽകിയത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് നേരത്തെ കിട്ടിയിരുന്നെങ്കിൽ ചികിത്സാ വിവരങ്ങളെല്ലാം പുറത്ത് വിട്ടേനെയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മണ്ഡലത്തിലെ ആശുപത്രിയുടെ വികസനത്തിന് സർക്കാർ പിന്തുണ വേണം. വികസനത്തിൽ ഒരുമിച്ച് നിൽക്കണമെന്നുെ ചാണ്ടി ഉമ്മൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ ഇനി എംഎൽഎ ഓഫീസുണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചിച്ച് വേണ്ട രീതിയിൽ ചെയ്യുമെന്നും വ്യക്തമാക്കി. സമയം വേണം. മറ്റുള്ളവരുമായി കൃത്യമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തോട് മുഖം തിരിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാനാണ് തീരുമാനം. ജനങ്ങൾക്ക് സഹായം ചെയ്യാനാണ് ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
അച്ചു ഉമ്മൻ അവരുടെ ജോലിയുടെ ഭാഗമായി ചെയ്ത കാര്യങ്ങളെ അധിക്ഷേപിച്ചു. സൈബർ ആക്രമണം ഇപ്പോൾ കാര്യമാക്കുന്നില്ല. ഇതിനേക്കാൾ വലിയ ആക്രമണമാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം കുടുംബം നേരിട്ടത്. അതിനെയെല്ലാം ഞങ്ങൾ മറികടന്നു. അച്ചു കെ എസ് യുവിൽ പ്രവർത്തിച്ചയാളാണ്. മികച്ച നേതാവായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ല. അതവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അവർ കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ഉമ്മൻ ചാണ്ടി അസുഖബാധിതനായിരിക്കുന്ന സമയത്ത് തന്നെ വീട്ടിൽ ചർച്ചയായിരുന്നു. സഹോദരിമാരായ അച്ചുവിനോടും മരിയത്തോടും ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും ഇവരും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടെടുക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.




