കോട്ടയം: അമ്മ ബിജെപിയിലേക്കു പോകുന്നുവെന്ന് പ്രചാരണം വന്നാൽ വിശദീകരണം നൽകാൻ വയ്യാത്തതിനാലാണ് അമ്മയെയും ഇത്തവണ പ്രചാരണത്തിനു കൂട്ടിയതെന്ന് ചാണ്ടി ഉമ്മൻ. "ഞാൻ പലതവണ അതിനു മറുപടി പറഞ്ഞുകഴിഞ്ഞു. ഇനി ആ ചോദ്യത്തിനു മറുപടിയില്ല. 24 വർഷമായി ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. ഈ 24 വർഷത്തിൽ മിക്കവാറം സമയവും എനിക്കു പ്രത്യേകിച്ചു പോസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഒന്നും സമ്പാദിച്ചിട്ടുമില്ല. ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടിയായിരിക്കുമല്ലോ പോയവരെല്ലാം പോയത്. എന്തായാലും ഞാൻ പോകാൻ ഉദ്ദേശിക്കുന്നില്ല'- ചാണ്ടി ഉമ്മൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ 24 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും അതിൽ ഏറിയ കാലവും തനിക്കു പ്രത്യേകിച്ച് യാതൊരു പോസ്റ്റുകളും ഉണ്ടായിരുന്നില്ലെന്നു എംഎൽഎ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ ഒന്നും സമ്പാദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ടു കാര്യങ്ങൾക്കായാണു മിക്കവരും ബിജെപിയിലേക്കു പോകുന്നതെന്നു ചൂണ്ടിക്കാട്ടിയ ചാണ്ടി ഉമ്മൻ, തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. കുടുംബസമേതം ബിജെപിയിലേക്കു പോകുമെന്നു വ്യാപക പ്രചാരണം നടക്കുന്നതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

എന്നെ സംബന്ധിച്ച് എന്റെ പ്രസ്ഥാനമാണ് എന്റെ ജീവൻ. ഞാൻ അതു പല തവണ പറഞ്ഞുകഴിഞ്ഞു. ഞാൻ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നതു രണ്ടു വ്യക്തികളെ കണ്ടിട്ടാണ്. ഒന്ന്, ഇന്ത്യയ്ക്കായി ജീവിതം ത്യജിച്ച രാജീവ് ഗാന്ധി എന്നു പറയുന്ന മഹാമനുഷ്യൻ. 18ാം വയസിൽ വോട്ടു ചെയ്യാൻ അവകാശം കൊടുത്ത മഹാ നേതാവ്. രണ്ട് എന്റെ പിതാവ്. ഈ രണ്ടു വ്യക്തികളും എനിക്കു കാണിച്ചുതന്നിരിക്കുന്ന മാതൃക, രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുക എന്നുള്ളതാണ്. എന്റെ പിതാവ് അന്ത്യയാത്ര പോകുമ്പോൾ എനിക്കു തന്നിട്ടുപോയ കുടുംബത്തിലെ അംഗങ്ങളാണു കേരളത്തിലെ ജനങ്ങൾ. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ പോസ്റ്റ്.

ഞാൻ രാഹുൽജിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടാണു വരുന്നത്. ആ പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ എനിക്ക് അനങ്ങാൻ പറ്റാത്ത വിധത്തിലാണ് ആളുകൾ വന്നു ഫോട്ടോയെടുക്കുന്നത്. അത് എന്റെ പദവി കണ്ടുകൊണ്ടല്ലെന്ന് എനിക്കറിയാം. എന്റെ പിതാവിനെ കണ്ടുകൊണ്ടാണ് അവർ വരുന്നത്. എനിക്ക് കേരളത്തിലെ ജനങ്ങളോട് അത്തരമൊരു ഉത്തരവാദിത്തമുണ്ട്. ഏതു പോസ്റ്റിനെക്കാളും, എംഎൽഎ പദവിയെക്കാളും എനിക്കു കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ഭാഗ്യം കേരളത്തിലെ ഓരോ കുടുംബങ്ങളിലെയും അംഗമാകാൻ സാധിക്കുന്നു എന്നുള്ളതാണ്. അതു മറന്നുകൊണ്ട് എന്തെങ്കിലും നേട്ടത്തിനായി ഞാൻ ഒരിടത്തും പോകുന്ന പ്രശ്‌നമില്ല.

എന്നോടു സ്‌നേഹമുള്ളവർ കാണുമായിരിക്കും. എന്നോടും കുടുംബത്തോടുമുള്ള സ്‌നേഹം കൂടുന്നതിന് അനുസരിച്ചാണല്ലോ പ്രചാരണങ്ങളും കൂടുന്നത്. പിതാവിനെ ശ്രീരാമൻ എന്നു പറഞ്ഞുവെന്നതാണു പ്രശ്‌നമെന്ന് ആരോ പറഞ്ഞു. അത് ആയിരം വട്ടം വേണമെങ്കിലും ഞാൻ പറയും. ഞാൻ എന്റെ ചെറുപ്പത്തിൽ രണ്ടാം വയസിൽ പിതാവിനെയും മാതാവിനെയും രാമനും സീതയും എന്നാണു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. പക്ഷേ, അത് ഞാൻ ആയിരം വട്ടം വേണമെങ്കിലും പറയും. ലക്ഷം വട്ടവും പറയും. കാരണം അത് എന്റെ ചെറുപ്പത്തിൽ സംഭവിച്ചതാണ്. അതിന്റെ പേരിൽ എന്നെ വേറൊരു രാഷ്ട്രീയത്തിലേക്കു വിടാമെന്നു കരുതിയാൽ നടക്കില്ല.

എന്റെ മാതാവ് എന്റെ തിരഞ്ഞെടുപ്പിനു പോലും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. എന്റെ തിരഞ്ഞെടുപ്പിനാണ് ഇറങ്ങേണ്ടിയിരുന്നത്. അന്നു പോലും ഇറങ്ങിയില്ല. ഈ തിരഞ്ഞെടുപ്പിന് ഒരുമിച്ചു പ്രചാരണത്തിന് ഇറങ്ങാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. കാരണം, അതല്ലെങ്കിൽ അടുത്ത വിശദീകരണം ഞാൻ നൽകേണ്ടത് അമ്മ പോകുന്നുവെന്ന പ്രചാരണത്തിനായിരിക്കും അത് ഒഴിവാക്കാനാണ് എല്ലാവരെയും കൂട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്." ചാണ്ടി ഉമ്മൻ പറഞ്ഞു.