- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നോർകയെ മറയാക്കി അഴിമതി പദ്ധതി; സർക്കാർ ഭൂമി വിറ്റുതുലയ്ക്കാൻ അതീവ രഹസ്യമായി വിചിത്രമായ ഉത്തരവ്; സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ നീക്കം'; വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
കോഴിക്കോട്: വിദേശമലയാളികളെ പങ്കാളികളാക്കി നോർക്ക റൂട്സിന്റെ കീഴിൽ രൂപീകരിച്ച കമ്പനിക്ക് 'വഴിയോര വിശ്രമകേന്ദ്രങ്ങൾ' തുടങ്ങാൻ വിവിധ ജില്ലകളിൽ സർക്കാർഭൂമി ഉടമസ്ഥാവകാശംതന്നെ വിട്ടുകളഞ്ഞു കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് ചെന്നിത്തല ആരോപിച്ചു. നോർക്ക റൂട്ട്സിന്റെ കീഴിൽ ഒരു കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റുതുലയ്ക്കാനുള്ള വിചിത്രമായ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നോർകയെ മറയാക്കിയാണ് അഴിമതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
'കമ്പനി എംഡിയുടെ നേതൃത്വത്തിൽ വിദേശ സന്ദർശനം നടത്തിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. സ്മാർട്ട് സിറ്റി വിവാദങ്ങളുമായി ബന്ധപ്പെട്ട് പുറത്തായ ഒരു വ്യക്തിയാണ് ഈ കമ്പനിയുടെ എംഡിയായി നിയമിക്കപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്. ഇയാൾ എങ്ങനെ സർക്കാർ കമ്പനിയുടെ എംഡിയായി എന്നും ഗവൺമെന്റ് വ്യക്തമാക്കേണ്ടതുണ്ട്'; ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതിയായിരുന്നു ഇത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
'നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി വെറുതെ കിടക്കുന്നുണ്ട്. സംസ്ഥാനപാതയോട് ചേർന്ന് കിടക്കുന്ന കെട്ടിടങ്ങൾ ഇടിച്ചുതകർത്താണ് പദ്ധതിക്കായി സ്ഥലം നൽകാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാർ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിയാണെന്നാണ് വാദം. ഈ കമ്പനികളോ വ്യക്തികളോ ഭൂമി ബാങ്കിൽ പണയം വെച്ച് വൻ തോതിൽ വായ്പയെടുക്കുമെന്ന കാര്യം ഉറപ്പാണ്. ഈ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഭൂമി ബാങ്കുകൾ ജപ്തി ചെയ്യുകയും ചെയ്യും'; ചെന്നിത്തല കൂട്ടിച്ചേർത്തു.
റവന്യു, ധന, നിയമ വകുപ്പുകളുടെ എതിർപ്പുകൾ അവഗണിച്ചാണ് സർക്കാർ നീക്കം. ദേശീയ, സംസ്ഥാന പാതകളോടു ചേർന്ന് 5 ഏക്കർ ഭൂമിയാണു കൈമാറുന്നത്. ഭൂമിയുടെ കമ്പോളവില, സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി കണക്കാക്കാനാണു തീരുമാനം. വിദേശമലയാളികളെ ചേർത്ത് നോർക്ക റൂട്സിന്റെ കീഴിൽ രൂപീകരിച്ച ഓകിൽ എന്ന കമ്പനിക്കാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ വിട്ടുകളഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്ന് ആദ്യം തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ദേശീയ, സംസ്ഥാന പാതകളോടു ചേർന്ന് 5 ഏക്കർ ഭൂമി കൈമാറാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കിഫ്ബിയുമായി ഓകിൽ കരാറിലായിട്ടുണ്ട്. 30 കേന്ദ്രങ്ങളിലാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങുക. 1000 കോടിയുടെ പദ്ധതിയാണിത്.
ആദ്യപടിയായി കാസർകോട് തലപ്പാടിയിൽ ജിഎസ്ടി വകുപ്പിന്റെ 7.5 കോടി ന്യായവില കണക്കാക്കിയ 5 ഏക്കറും ആലപ്പുഴ ചേർത്തലയിൽ സിൽക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ 45 കോടിയുടെ 5 ഏക്കറും ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഓകിൽ) കമ്പനിക്കു പതിച്ചുനൽകാൻ നടപടി തുടങ്ങി. ചേർത്തലയിലെ ഈ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങാനായി സിൽക്കും ഓട്ടോകാസ്റ്റും ക്ഷണിച്ചിരുന്ന ടെൻഡറുകൾ റദ്ദാക്കാനും തീരുമാനിച്ചു.
കിഫ്ബിയുമായി ഓകിലിന്റെ കരാർ പ്രകാരം 30 കേന്ദ്രങ്ങളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ 1000 കോടിയുടെ പദ്ധതിയാണിത്. യാത്രക്കാർക്കു വിശ്രമ കേന്ദ്രം, ശുചിമുറി, ഫുഡ്കോർട്ട്, വർക് ഷോപ്, ഷോപ്പിങ് സൗകര്യം എന്നിവയുൾപ്പെടുന്നതാണു പദ്ധതി.
വയനാട് ലക്കിടിയിൽ പൊതുമരാമത്തു വകുപ്പിന്റെ ഭൂമി, ആലുവയിൽ റവന്യുവിന്റെയും ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിന്റെയും ഭൂമി, മലപ്പുറം നിലമ്പൂരിൽ വനഭൂമി എന്നിവയും 'വിശ്രമകേന്ദ്രം' തുടങ്ങാനായി കണ്ടെത്തിയിട്ടുണ്ട്. 'ഭൂമി അന്യാധീനപ്പെടുത്തരുത്' എന്ന പ്രധാന വ്യവസ്ഥ ഒഴിവാക്കണമെന്നു ഓകിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് ആ വ്യവസ്ഥയും മാറ്റുകയാണ്. ഭൂമി ബാങ്കിൽ പണയപ്പെടുത്തി വായ്പ എടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത് എന്ന ന്യായത്തിലാണു നീക്കം.
ബാജു ജോർജാണ് ഓകിൽ എംഡി. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മുഖ്യമന്ത്രി, ധന അഡിഷനൽ ചീഫ് സെക്രട്ടറി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ഒ.വി.മുസ്തഫ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, സ്വപ്ന സുരേഷിനെ നിയമിക്കാൻ ആലോചിച്ചിരുന്നതും ഇതേ സംരംഭത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ