കോഴിക്കോട്: നേരത്തെ മുതൽ സിപിഎം-സിപിഐ തർക്കം നിലനിന്നിരുന്ന കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ ഇരു പാർട്ടികളും കൂടുതൽ ഇടയുന്നു. സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായത്. മുൻ സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ പി ബിജുവിനെതിരെയാണ് സിപിഐ നേതാവും പഞ്ചായത്തിലെ കുടുംബശ്രഹീ പ്രവർത്തകയുമായ വനിത പരാതി നൽകിയത്. ബിജുവിനെതിരെ മേപ്പയ്യൂർ പൊലീസ് പീഡനക്കുറ്റം ചുമത്തി കേസുമെടുത്തിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിന് കുടുംബശ്രീ യോഗം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. ബിജു തന്നെ ചെറുവണ്ണൂരിലെ ഒരു കെട്ടിടത്തിലേക്ക് വിളിച്ചെന്നും അവിടെ വെച്ച് തന്നെ കടന്നു പിടിച്ചെന്നുമാണ് ഇവരുടെ പരാതി. ഭയം കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ബിജുവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി മേപ്പയ്യൂർ പൊലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോൾ സിപിഐയുടെ പേരിൽ ചെറുവണ്ണൂരിൽ വ്യാപകമായി ബിജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പതിച്ചിരുന്നു. ലൈംഗികാതിക്രമം കാണിച്ച ഒൻപതാം വാർഡ് മെമ്പർ രാജിവയ്ക്കുക. പകൽ മാന്യനെ ജനം തിരിച്ചറിയുക എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ എഴുത്ത്. പിന്നീട് സിപിഐ പ്രവർത്തകർ തന്നെ ഈ പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു. തങ്ങളല്ല പോസ്റ്റർ പതിച്ചതെന്നാണ് സിപിഐ പ്രവർത്തകർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ബിജുവിനെതിരെയുള്ള നീക്കത്തിന് പിന്നിൽ സിപിഐയും കോൺഗ്രസും ആർഎംപിഐയും സി പിഎമ്മിലെ ഒരു വിഭാഗവുമാണെന്നാണ് ബിജുവിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. ആർഎംപിഐയുടെ പ്രാദേശിക നേതാവിനെ ഉപയോഗപ്പെടുത്തിയാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ ബിജുവിനെതിരെ പ്രചരണം നടക്കുന്നത്. പരാതി നൽകിയതിന് പിന്നിൽ ബിജെപിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

നേരത്തെ തന്നെ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കാണ് ലഭിച്ചത്. എന്നാൽ വനിതാ പ്രസിഡന്റിന് സിപിഎം പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്നായിരുന്നു സിപിഐയുടെ ആരോപണം. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ചെറുവണ്ണൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ നിന്നും മാറ്റി നിർത്തുകയും അർഹമായ പരിഗണന നൽകാതിരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു സിപിഐ വ്യക്തമാക്കിയത്.

ഈ തർക്കം പിന്നീട് രൂക്ഷമാകുകയും സംഘർഷത്തിൽ ഉൾപ്പെടെ കലാശിക്കുകയും ചെയ്തിരുന്നു. പന്നിമുക്ക്-ആവള റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മഠത്തിൽ മുക്കിൽ സി പിഐ നടത്തിയ റോഡ് ഉപരോധത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. ഇതിൽ സിപിഎം-സിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐയുടെ ചില പ്രമുഖ നേതാക്കൾ സി പി എമ്മിൽ ചേർന്നതും സിപിഐയെ പ്രകോപിപ്പിച്ചിരുന്നു.

15 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സിപിഐ പ്രതിനിധി അസുഖത്തെ തുടർന്ന് ചികിത്സയിലായതിനാൽ ദീർഘകാല അവധിയിലാണ്. ഭരണ സമിതി യോഗത്തിലും ഇവർ പങ്കെടുക്കാറില്ല. ഇതുൾപ്പെടെ രണ്ട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ബിജുവിനോട് മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ഈ സീറ്റിലും തെരഞ്ഞെടുപ്പ് വരും. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലുള്ള എൽഡിഎഫിന് പുതിയ സംഭവങ്ങൾ വലിയ തിരിച്ചടിയാകാനുള്ള സാധ്യതയും ഏറെയാണ്.