- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്; മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്'; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എസ്. ശാരദക്കുട്ടി
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിൽ മലയാളത്തിലെ ഏറെ പ്രശസ്തമായ 'വാഴക്കുല' എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേര് രേഖപ്പെടുത്തിയതിൽ വിവാദം കത്തുന്നതിനിടെ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി എസ്. ശാരദക്കുട്ടി.
ഗവേഷകയ്ക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഗൈഡിന് മനസിലായില്ല എന്നത് അലട്ടുന്നുണ്ടെന്ന് എസ് ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണതെന്നും പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽപെടാതെ പോകുന്നത് എങ്ങനെയെന്ന് മൂല്യനിർണയം നടത്തിയ അദ്ധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ വിമർശനം.
സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഇത്തരം പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ ഓപൺ ഡിഫൻസിൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെയെന്നും എന്നാലതും സംഭവിച്ചതായി കാണുന്നില്ലെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
ഇവിടെ സൂപ്പർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ പിഎച്ച്ഡി റദ്ദ് ചെയ്ത് പ്രബന്ധം തെറ്റു തിരുത്തി സമർപ്പിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടുപിടിക്കപ്പെട്ടു എന്നത്, ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം- ശാരദക്കുട്ടി വിശദമാക്കി.
എസ്. ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇപ്പോഴാണ് ഒരു പ്രബന്ധം യഥാർഥ Open defence ന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഗവേഷക എങ്ങനെ defend ചെയ്യുന്നു എന്നാണറിയേണ്ടത്. പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് പ്രാഥമികമായി ഗവേഷകയുടെ ഉത്തരവാദിത്തമാണെങ്കിലും, 'ഈ പ്രബന്ധം ഞാൻ പരിശോധിച്ച്, under my supervision and guidance ആണ് തയ്യാറാക്കിയത് ' എന്ന് Guide സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പ്രബന്ധം യൂണിവേഴ്‌സിറ്റിക്ക് സമർപ്പിക്കപ്പെടുന്നത്.
ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽ പ്പോലും Guide ന് മനസ്സിലായില്ല എന്നത് അലട്ടുന്നുണ്ട്.
ഗൈഡിന്റെ കൃത്യാന്തര ബാഹുല്യങ്ങളൊന്നും ഈ പിഴവിനെ സാധൂകരിക്കുന്നതല്ല. പ്രബന്ധം വായിച്ച് നേരെ ചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്.
പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽ പെടാതെ പോകുന്നത് എങ്ങനെ എന്ന് മൂല്യനിർണ്ണയം നടത്തിയ അദ്ധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണ്.
സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഈ മാതിരിയുള്ള പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ open defence ൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെ. അതും സംഭവിച്ചതായി കാണുന്നില്ല. തിരുത്തപ്പെട്ട തീസിസ് സമർപ്പിച്ചാൽ മാത്രമേ സാധാരണ ഗതിയിൽ ഇത് Open defence വരെ എത്താറുള്ളു. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചതായി കാണുന്നില്ല
ചില ചില ചോദ്യങ്ങൾക്ക് പൊട്ടന്യായങ്ങൾ പറഞ്ഞ് open defence ൽ ചിലപ്പോൾ ഗവേഷകർ തടി ഊരാറുണ്ട് എന്ന് സമ്മതിക്കുന്നു . ഇതു പക്ഷേ അങ്ങനെയല്ല.
ഇവിടെ സൂപർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ Ph.D റദ്ദ് ചെയ്ത് പ്രബന്ധം തെറ്റുതിരുത്തി സമർപ്പിച്ച് പുനഃപരിശോധനക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.
തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത് . പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം.
1998ൽ എന്റെ Ph.D തീസിസിന് കൃത്യമായി നോട്ടെഴുതി കൊണ്ടു വരുകയും, മലയാളം ടൈപ്പിങ്ങിന്റെ തുടക്കകാലത്തെഴുതിയ ആ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകൾ മുതൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും, ചോദ്യങ്ങൾ കൊണ്ട് ശരശയ്യയിൽ കിടത്തുകയും , പരിശോധകർക്കു തോന്നിയ എല്ലാ ന്യായമായ സംശയങ്ങൾക്കും എന്നെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും , ഒടുവിൽ Ph.D ക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്ത് ഒരു ചെയർമാന്റെ ഉത്തരവാദിത്തമെന്തെന്ന് ബോധ്യപ്പെടുത്തിത്തന്ന M. M. ബഷീർ സാറിനെ ഇന്ന് ഓർമ്മിച്ചു പോകുന്നു.
-എസ്. ശാരദക്കുട്ടി
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവാണ് കണ്ടെത്തയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സർവകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി 2021 ൽ ഡോക്ടറേറ്റും കിട്ടി.
സംവിധായകരായ പ്രിയദർശൻ, രഞ്ജിത്ത് എന്നിവരുടെ സിനിമകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് 'വാഴക്കുല' എന്ന കവിതയെ കുറിച്ച് പരാമർശമുള്ളത്. ഇവിടെ ഗ്രന്ഥകർത്താവിന്റെ സ്ഥാനത്ത് ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.
കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ൽ ടി.ദാമോദരൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
തികച്ചും പുരോഗമനപരമായ കവിതയെ സവർണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമർശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ സൂചന. ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വർഗത്തിന്റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തിൽ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകൾക്ക് ശേഷമാണ് ഒരു സർവകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാൽ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം പ്രതികരിച്ചിരിക്കുന്നത്. തന്റെ കവിതകൾ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ തീരുമാനമെന്ന് ചോദിച്ചപ്പോൾ തന്റെ കവിതകളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറൽ ബിരുദം സമ്പാദിച്ച ആൾക്ക് 'താതവാക്യം' എന്ന കവിതയുടെ വൃത്തം തിരിച്ചറിയാൻ അറിയില്ലായരുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചത്.
ന്യൂസ് ഡെസ്‌ക്