ചിറ്റാർ: കോൺഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച സിപിഎമ്മിന് തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തെരഞ്ഞെടുപ്പിൽ ഭാഗ്യത്തിന്റെ പിൻബലത്തോടെ കോൺഗ്രസ് അംഗം പ്രസിഡന്റ്. ചിറ്റാർ പഞ്ചായത്തിലാണ് കോൺഗ്രസ് എ. ബഷീർ നറുക്കെടുപ്പിലുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

13 അംഗ പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആറ്, സിപിഎം അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. അടൂർ പ്രകാശ് എംപിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ പ്രസിഡന്റ് പദവി പങ്കു വയ്ക്കാൻ ധാരണയായി. ഇതിൻ പ്രകാരം ആദ്യ രണ്ടര വർഷം എ.ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും.
'
എന്നാൽ, ആദ്യടേമിൽ പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു. ലഭിക്കാതെ വന്നതോടെ സിപിഎമ്മിനൊപ്പം ചേർന്ന് സജി പ്രസിഡന്റായി. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയെ തുടർന്ന് സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി.

ഇതോടെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അംഗസംഖ്യ തുല്യമായി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എ. ബഷീറും സിപിഎമ്മിൽ നിന്ന് മൂന്നാം വാർഡ് അംഗം നിഷയും മത്സരിച്ചു.

ഇരുകൂട്ടർക്കും തുല്യവോട്ട് വന്നതിനെ തുടർന്ന് നറൂക്കെടുപ്പ് നടത്തിയപ്പോൾ ബഷീർ പ്രസിഡന്റായി. ബിജെപി അംഗങ്ങൾ വിട്ടു നിന്നു. സജിയുടെ അയോഗ്യതയെ തുടർന്ന് ഒഴിവു വന്ന രണ്ടാം വാർഡിൽ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയിക്കുന്ന കക്ഷിക്ക് പ്രസിഡന്റ്് സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടിനാണ് രണ്ടാം വാർഡിൽ നിന്ന് സജി സിപി്എം നേതാവ് എം.എസ് രാജേന്ദ്രനെ തോൽപ്പിച്ചത്.