തിരുവനന്തപുരം: ഡ്രൈവിങ് പരിഷ്‌കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ, മന്ത്രി കെ ബി ഗണേശ്‌കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു. ഡ്രൈവിങ് സ്‌കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് ഡ്രൈവിങ് സ്‌കൂൾ യൂണിയൻ സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവും, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ.ദിവാകരന്റെ മുന്നറിയിപ്പ്. ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗണേശിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേശ് കുമാർ കാണിക്കണം. ഗണേശിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും. മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേശ് ചിന്തിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.

മറ്റ് മന്ത്രിസഭയിലിരുന്ന എക്‌സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിയുവിന് അറിയാമെന്ന് കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.

ടെസ്റ്റ് നടത്താൻ ഇൻസ്ട്രക്ടർമാരെ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും സ്വയം തൊഴിൽ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എൽഡിഎഫ് സർക്കാരെന്നും സിഐടിയു നേതൃത്വം കുറ്റപ്പെടുത്തി.

ഗണേശ് മറ്റ് ചില മന്ത്രിസഭയിലും അംഗമായിട്ടുണ്ടാകാം. ആ എക്‌സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കണ്ട. അത് തിരുത്താൻ സിഐടിയു അറിയാമെന്നാണ് കെ കെ ദിവാകരൻ സമര വേദിയിൽ പറഞ്ഞത്.