- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീവർഗ്ഗീസ് മാർ കൂറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ മുൻ അധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലർ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. പിണറായി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവർഗീസ് മാർ കൂറിലോസ് വിമർശനം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ സർക്കാരിനെതിരേ നടത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഇന്ന് രാവിലെ മാധ്യമങ്ങളിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരോഹിതൻ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയിൽ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നൽകിയ പാഠമെന്നും പിണറായി പറഞ്ഞു.
പ്രളയകാലത്ത് സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രങ്ങൾ തീർത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. തളർന്നിരുന്നുപോകേണ്ട ഒരുഘട്ടത്തിൽ. നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാൻ സഹായകമായ്. വലിയ ദുരന്തമാണെങ്കിലും തലയിൽ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറാത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായിപ്രഖ്യാപിച്ചു. ആ അതിജീവനം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതിൽ പ്രശംസിക്കപ്പെട്ടതായും പിണറായി പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ഡി.എ കൃത്യമായി ലഭിക്കുന്നതിന് പ്രയാസം വന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എല്ലാക്കാലത്തും ആ വിഷമം ജീവനക്കാർക്ക് അനുഭവിക്കേണ്ടിവരില്ല. ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻകാരുടെ ഡിആറിനും ഈ കാലയളവിൽ ചില പ്രശ്നങ്ങൾ വന്നിട്ടുണ്ട്. അതുകൊടുക്കുന്നതിനും സാഹചര്യം അനുകൂലമായി മാറുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. 'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു കൂറിലോസിന്റെ പ്രതികരണം.