- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ കെ ശൈലജ സംസാരിച്ച സമയം കൂടി പോയി; തനിക്കും മന്ത്രിമാർക്കും സംസാരം ചുരുക്കേണ്ടി വന്നു; മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ വിമർശനവുമായി മുഖ്യമന്ത്രി; മട്ടന്നൂരിലെ പരിപാടി വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായി
കണ്ണൂർ: മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ കെ കെ ശൈലജയെ വിമർശിച്ച് മുഖ്യമന്ത്രി. ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി വിമർശനരൂപേണ പറഞ്ഞത്. സ്ഥലം എംഎൽഎയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതൽ സമയം സംസാരിച്ചതുകൊണ്ട് മന്ത്രിമാർക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'നവകേരള യാത്രയിൽ ഞങ്ങൾ 21 പേരുണ്ടെങ്കിലും മൂന്ന് പേർ സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി. 'സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരൻ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോൾ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു'', മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും ജനങ്ങൾ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കള്ളവുമില്ലാത്തതാണ് കുഞ്ഞുമനസ്, നവകേരള യാത്രയുടെ ഭാഗമായി തങ്ങൾ ബസിൽ യാത്ര ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ ചാടിവന്ന് റോഡ് സൈഡിൽ കൈവീശി കാണിക്കുകയാണെന്നും മുഖ്യമന്ത്രി പേരാവൂരിൽ പറഞ്ഞു. നവകേരള സദസിന് ആളെക്കൂട്ടാൻ സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം നൽകിയെന്നത് വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
നവ കേരള സദസിനെതിരെ വ്യാജപ്രചാരണം നടത്തി അപഹസിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ നൽകുന്ന മറുപടിയാണ് ഓരോ കേന്ദ്രത്തിലേയ്ക്കു ഒഴുകിയെത്തുന്ന ജനപ്രവാഹം. രണ്ട് ജില്ലകളിലെ അനുഭവം വെച്ച് വിലയിരുത്തുമ്പോൾ ഉറപ്പിച്ച് പറയാനാവുന്ന ഒരു കാര്യം സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമാണ് ഉണ്ടാകുന്നത് എന്നു തന്നെയാണ്. ഡിസംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന ചരിത്രനേട്ടമാണ് നവകേരള സദസ്സ് കൈവരിക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ