തിരുവനന്തപുരം: എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന് വരുത്തി തീർക്കുകയാണെന്ന് മുഖ്യമന്ത്രി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസിൽ കാര്യങ്ങളെല്ലാം ഇപ്പോൾ വ്യക്തമായല്ലോ എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലീസുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നാൽ കേസ് സംബന്ധിച്ചു കാര്യങ്ങളെല്ലാം വ്യക്തമായല്ലോ എന്നും മാധ്യമങ്ങൾ തന്നെ അക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദം. കള്ളവാർത്തയ്ക്ക് വൻ പ്രചാരണം നൽകി ശുദ്ധമായി പ്രവർത്തിക്കുന്ന ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അവർ അവിടേക്ക് എത്താൻ മറ്റാരെങ്കിലും പിന്നിൽ പ്രവർത്തിച്ചോയെന്നാണ് അറിയാനുള്ളത്. കള്ളവാർത്തയ്ക്ക് മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയംവിമർശനപരമായി കാണണം. ഇത് സർക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്, അല്ലാതെ ഭരണപക്ഷമല്ല. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളല് എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ചിലർ വരുമ്പോൾ വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിന് ശുദ്ധമായി നടക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലല്ലോ. കള്ളവാർത്തയ്ക്ക് പരമാവധി പ്രചാരണം കൊടുക്കാൻ ശ്രമിച്ചു. തിരുത്തുകൊടുക്കുന്നത് എങ്ങനെയാണ്? വീഴ്ച തുറന്ന് സമ്മതിക്കാൻ മാധ്യമങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല. മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.

'കേസുമായി ബന്ധപ്പെട്ട് ആ റിപ്പോർട്ട് കാണുമ്പോൾ നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്നു ആലോചിക്കേണ്ടതുണ്ട്. സ്വയം വിമർശനപരമായി അതു പരിശോധിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.'

'നേരേ ചൊവ്വേ നടക്കുന്ന ഒരു വകുപ്പിനെ, നമ്മെ സംബന്ധിച്ചു അഭിമാനകരമായ ഒരു വകുപ്പിനെ ബോധപൂർവം താറടിച്ചു കാണിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തിൽ നിന്നു ഉണ്ടാകുന്നു. നിപയൊക്കെ കൈകാര്യം ചെയ്തതിന്റെ തുടർച്ചയായി വരുമ്പോ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രത്യേകമായി ശ്രദ്ധിക്കുമല്ലോ.'

'അങ്ങനെ യശസോടെ നിൽക്കുന്ന ഘട്ടത്തിലാണല്ലോ തീർത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. ഇല്ലാത്തൊരു കാര്യം കെട്ടിച്ചമക്കാൻ ശ്രമം നടന്നതായി ഇപ്പോ വ്യക്തമായിട്ടുണ്ട്. ഈ പറഞ്ഞ വ്യക്തികൾക്കെല്ലാം അതിൽ പങ്കുണ്ടെന്നു അവർ സമ്മതിച്ചതായാണ് വാർത്ത കാണുന്നത്. അവരുടെ അടുത്തേക്ക് എത്താൻ ഇനി വേറെ ആരെങ്കിലും ഉണ്ടോ എന്നാണ് ഇനി കണ്ടെത്താനുള്ള കാര്യം. അതെന്തായാലും പരിശോധിച്ചു കാണട്ടെ. ഉണ്ടോ, ഇല്ലയോ എന്നതു ഇപ്പോ എനിക്കു പറയാൻ കഴിയുന്ന കാര്യമല്ല.'

'പക്ഷേ നമ്മുടെ നാട്ടിലെ പ്രചാരണ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇതുപോലൊരു കള്ള വാർത്തക്ക്, ബോധപൂർവ സൃഷ്ടിച്ച ഒരു കള്ള കാര്യം അതിനു വലിയ പ്രാധാന്യമാണല്ലോ നമ്മളെല്ലാം കൊടുത്തത്. പ്രചാരണ സംവിധാനമായി എന്തെല്ലാം കാര്യങ്ങൾ ഇവിടെയുണ്ടോ അതെല്ലാം ഇതിനായി ഒരുങ്ങുകയല്ലേ ചെയ്തത്. ഇത് നമ്മൾ ഇങ്ങനെയാണോ തുടരേണ്ടത് എന്നത് സ്വയം വിമർശനപരമായി ആലോചിക്കുന്നത് നല്ലതാണ്.'

'ഇതു ഗവൺമെന്റിന്റെ പ്രശ്നവും ഗവൺമെന്റിന്റെ പ്രവർത്തനത്തെ താറടിക്കുന്നതിന്റെ മാത്രം പ്രശ്നവുമല്ല. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കാൻ നോക്കുന്നത്. രാഷ്ട്രീയപരമായ വിമർശനങ്ങൾ അതു നല്ല വിമർശനമാണെങ്കിൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാണ്. ഏതെങ്കിലും വീഴ്ചകളും കുറവുകളുമുണ്ടെങ്കിൽ പരിഹരിക്കാൻ അതു സഹായിക്കും.അതിനു പകരം ഇതു എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട ഗവൺമെന്റാണ്. അതിനു ഇല്ലാത്ത കഥകളുമായി പുറപ്പെട്ടാൽ എങ്ങനെയിരിക്കും'- മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി യോഗത്തിൽ പിആർ വിദഗ്ധനെ വിളിച്ചു വരുത്തി എതു വിധത്തിൽ പ്രവർത്തനം വേണമെന്നു ആലോചിച്ചതിനെ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.

'അദ്ദേഹത്തെ കൊണ്ടു വന്നു ഏതു തരത്തിലുള്ള പ്രവർത്തനമാണ് എന്തു പ്രവർത്തനമാണ്. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഇല്ലാ കഥകൾ ഉണ്ടാക്കുകയാണ്. അതിനായി ആളുകളെ ഈ രാഷ്ട്രീയ പാർട്ടി നിയോഗിക്കുകയാണ്. അതിനായി വലിയ തോതിൽ പണം ചെലവഴിക്കുന്നു. അതെല്ലാം ഏറ്റെടുക്കാൻ ചിലരെ പ്രലോഭിപ്പിക്കുകയാണ്. ഇത് സ്വീകാര്യമാണോ എന്നു നാം ആലോചിക്കേണ്ടതുണ്ട്'- മുഖ്യമന്ത്രി വ്യക്തമാക്കി.