- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടി വിവാദത്തിൽ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ ചൂടായി മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണത്തെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ രോഷാകുലനായി മുഖ്യമന്ത്രി. വീണയ്ക്ക് എതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതുമായി ബന്ധപ്പട്ട് തുടരെ ചോദ്യങ്ങൾ വന്നതോടെ, നിങ്ങൾക്ക് ചെവി കേൾക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള പിണറായി വിജയന്റെ മറുചോദ്യം.
അന്വേഷണം നടക്കുന്നുണ്ടല്ലോ, അത് നടക്കട്ടെ. അത് കഴിഞ്ഞാൽ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങൾക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു മറുപടി. തുടർന്നുള്ള ചോദ്യത്തോടാണ് പിണറായി വിജയൻ രോഷത്തോടെ പ്രതികരിച്ചത്. ഞാൻ പറഞ്ഞത് കേട്ടില്ലേ? നിങ്ങൾക്ക് കേൾവിക്ക് എന്തെങ്കിലും തകരാർ ഉണ്ടോ?. ഇല്ലലോ എന്നാ അതു മതി എന്ന് സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി നൽകുകയായിരുന്നു.
ഈരാറ്റുപേട്ട സംഭവത്തിലും മുൻ പ്രസ്താവനയിൽ പിണറായി വിജയൻ ഉറച്ചുനിന്നു. ഈരാറ്റുപേട്ട സംഭവത്തിൽ ഉള്ള കാര്യം ഉള്ളതുപോലെ പറയുകയായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് കേരളത്തിൽ പോരാട്ടമെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയെയും പിണറായി തള്ളി. കേരളത്തിൽ യുഡിഎഫും-എൽഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇതിൽ എൽഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പിണറായി വിജയനെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കും പിണറായി മറുപടി നൽകി. പത്മജ പോയ കൂട്ടത്തിൽ തന്റെ പേര് കൂടി പരാമർശിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ഏതായാലും നന്നായെന്നും പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിക്കുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. സ്വന്തം പാർട്ടിയിൽ നടക്കുന്ന കാര്യത്തിന് ഉത്തരവാദിത്തം മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് സ്വന്തം പാർട്ടിയിലുള്ളവർ എങ്ങനെ കാണുമെന്നെങ്കിലും ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി. 260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുള്ളത്. പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നത്. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പിൻവലിക്കുമെന്നും പിണറായി വ്യക്തമാക്കി.

