ന്യൂഡൽഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 19 സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം കൊണ്ടാണോയെന്ന ചോദ്യത്തിന് നിങ്ങൾ ഇപ്പാഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സിപിഎം പിബി യോഗത്തിൽ പങ്കെടുക്കനായാണ് ഡൽഹിയിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡൽഹിയിൽ വല്യ ചൂടായിരുന്നല്ലേ എന്ന് പറഞ്ഞ മുഖ്യന്ത്രിയോട് 19 സീറ്റുകളിൽ തോറ്റത് ഭരണവിരുദ്ധവികാരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞല്ലോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള മറുപടി.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോൽവിയെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ കൂടി മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്നായിയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.