ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ നാളെ ഡൽഹിയിൽ കേരളം നടത്തുന്ന സമരം സവിശേഷമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമരം ആരെയും തോൽപ്പിക്കാനല്ലെന്നും, അർഹമായതു നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണു കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തിൽ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിനായി ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി, വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

"കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടു പോക്കിനും അനിവാര്യമായ മാർഗമെന്ന നിലയിലാണ്, ചരിത്രത്തിൽ അധികം കീഴ്‌വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തിരഞ്ഞെടുക്കേണ്ടി വന്നത്. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റു പിന്മാറുന്നതിനു പകരം അർഹതപ്പെട്ടതു നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. രാജ്യമാകെ ഈ സമരത്തിനു പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുകയാണ്.

രാജ്യമാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനു കക്ഷിരാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദർശമാണ്. ഈ ആശയത്തിന്റെ അന്തഃസത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുകയാണ്.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ അവരുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടു സ്വീകരിക്കുന്ന നിലപാടല്ല, എൻഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോടു കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റുള്ള ഇടങ്ങളിൽ പീഡനവും എന്നതാണു സമീപനം. ഇത്തരം നടപടികൾക്ക് എതിരെയാണു പ്രതീകാത്മക പ്രതിരോധം ഉയർത്തുന്നത്. ഇതിനു വ്യാപകമായ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കു കത്തയച്ചിട്ടുണ്ട്.

ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചു." മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്ര നയങ്ങൾ ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12% തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വീട് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കേരളം നാളെ ഡൽഹിയിൽ സവിശേഷമായ ഒരു സമരം നടത്തുകയാണ്. സംസ്ഥാനത്തിന്റെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാർലമെന്റംഗങ്ങളും ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കും. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്ന നിലയിലാണ്, ചരിത്രത്തിൽ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തെരെഞ്ഞെടുക്കേണ്ടിവന്നത്.
കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.

ഒരാളെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്മാറുന്നതിന് പകരം അർഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദർശമാണ്. ഈ ആശയത്തിന്റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുന്നു.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എൻഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവർമെന്റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികൾക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയർത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് കത്തുകൾ അയച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങൾ ചുരുക്കി പറയാം.

ധനകാര്യ അച്ചടക്കത്തിലെ ഭരണഘടനാ വിരുദ്ധ സമീപനം

കേരളം ധന ഉത്തരവാദിത്വ നിയമം പാസ്സാക്കിയ സംസ്ഥാനമാണ്. 2019 -20, 2020 -21 സാമ്പത്തിക വർഷങ്ങളിൽ ധനക്കമ്മി ഈ നിയമത്തിൽ നിഷ്‌കർഷിച്ച പരിധിക്കുള്ളിൽ കേരളം നിലനിർത്തിയിട്ടുണ്ട്. 2020-21ൽ കോവിഡ് 19 ന്റെ അസാധാരണ സാഹചര്യത്തിൽ ധനക്കമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തര വരുമാനത്തിന്റെ 3% ത്തിൽ നിന്നും 5% മായി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്.

നിയമപ്രകാരം തന്നെ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ നിലനിൽക്കേയാണ് കേന്ദ്ര ധനമന്ത്രാലയം ചില പുതിയ നിബന്ധനകൾ അടിച്ചേൽപ്പിച്ചത്. 2022 മാർച്ച് 31 ന് കേന്ദ്രധനമന്ത്രാലയം ഇത് സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ അയച്ചു. സംസ്ഥാന സർക്കാർ നികുതിയുടെ നിശ്ചിത വിഹിതം നൽകുന്ന സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ ആകെ സംസ്ഥാന സർക്കാരിന്റെ വായ്പകളായി കണക്കാക്കുമെന്നാണ് അതിലെ ഉള്ളടക്കം. തത്തുല്യമായ തുക സംസ്ഥാനത്തിന്റെ കമ്പോള വായ്പാപരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുമെന്നും അതിൽ വ്യക്തമാക്കി. ഇത് 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിൽ ഇല്ലാത്ത ഒന്നാണ്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ ബഹു: രാഷ്ട്രപതി അംഗീകരിച്ച് ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാർലമെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വച്ച് അംഗീകരിച്ചതാണ്. അതിനെയാണ് ഒരു എക്‌സിക്യുട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്. ഇത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഈ നടപടി വഴി കിഫ്ബി, കെ എസ് എസ് പി എൽ (പെൻഷൻ കമ്പനി) തുടങ്ങിയ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ എടുത്ത വായ്പകളെ കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ മുൻകാല പ്രാബല്യത്തോടെ ഉൾപ്പെടുത്തുകയാണ്.

കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ വായ്പകൾ എന്നിവയുടെയെല്ലാം പേരിൽ വായ്പാ പരിധിയിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തി. 2021 -22 സാമ്പത്തിക വർഷത്തിൽ മാത്രം 12,000 ത്തോളം കോടി രൂപയാണ് വെട്ടിക്കുറച്ചത്. അടുത്ത സാമ്പത്തിക വർഷങ്ങളിലും ഈ വെട്ടിക്കുറവ് തുടരുകയാണ്. നടപ്പുവർഷത്തിൽ 7000 കോടി രൂപയുടെ വെട്ടിക്കുറക്കലാണ് ഉണ്ടായത്.

സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള തുകകളെ കൂടി ഉൾപ്പെടുത്തി വെട്ടിച്ചുരുക്കലുകൾ 2017 മുതൽ മുൻകാല പ്രാബല്യം നൽകികേന്ദ്രം നടപ്പിലാക്കി വരികയുമാണ്. ഇതിൽ തന്നെ പബ്ലിക് അക്കൗണ്ടിലെ അവസാന വർഷത്തെ കണക്കെടുത്താൽ തുകയിൽ കുറവുവരുമെന്നു കണ്ടതുകൊണ്ട് 3 വർഷത്തെ കണക്കിന്റെ ശരാശരി എടുത്താണ് കണക്കാക്കിയിട്ടുള്ളത്. ഇത് വായ്പയുടെ വലിപ്പം വർദ്ധിപ്പിച്ച് കടമെടുപ്പ് പരിധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്തത്. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിച്ചുകളയാം എന്ന നിർബന്ധബുദ്ധിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ഈ വിധം പബ്ലിക് അക്കൗണ്ടിലുള്ള പണം പൊതുകടത്തിൽ പെടുത്തിയതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും വെട്ടിക്കുറച്ചത്.
സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിന് ഇല്ല. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും ധനകമ്മീഷന്റെ നിപാടിന് വിരുദ്ധവുമായ ഈ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.

അടിസ്ഥാന സൗകര്യവികസനത്തിന് ആക്കം കൂട്ടാനും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ പൗരന്മാരുടെ മൗലിക അവകാശങ്ങൾ കാര്യക്ഷമമായി സംരക്ഷിക്കാനും ആവശ്യമായ നിക്ഷേപം കൊണ്ടുവരുന്നതിനാണ് സംസ്ഥാന സർക്കാർ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി)യെ ശാക്തീകരിക്കുന്നത്. 84,454 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാർ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നു എന്ന നിലപാടാണ് എടുക്കുന്നത്. കൊച്ചിബാംഗ്ലൂർ വ്യവസായ ഇടനാഴിയും ഗിഫ്റ്റ് സിറ്റിയും തുടങ്ങി സംസ്ഥാനത്ത് വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിനായി 16,108 കോടി രൂപ ചെലവാക്കുന്നതും ഇതേ കിഫ്ബി മുഖേനയാണ്. കൊച്ചി വാട്ടർ മെട്രോ, കെഫോൺ തുടങ്ങിയ വൻകിട പദ്ധതികളിലെല്ലാം കിഫ്ബിയുടെ നിക്ഷേപമുണ്ട്. കൊച്ചി വാട്ടർ മെട്രോ വിജയകരമായി കൊമേഴ്‌സ്യൽ ഓപ്പറേഷൻ നടത്തുകയാണ്. ദീർഘകാല ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിഫ്ബിയ്‌ക്കെതിരെ ഇക്കാര്യങ്ങൾ മറച്ചു വച്ചാണ് വലിയ കുപ്രചരണം നടത്തുന്നത്.

2016ൽ എൽ. ഡി. എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സാമൂഹ്യ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 1600 രൂപയാണ്. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനങ്ങളിലായി 60 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൈത്താങ്ങായ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വിതരണം മുടങ്ങാതെ നടപ്പാക്കുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിയുടെ പ്രവർത്തനത്തിനായെടുക്കുന്ന വായ്പയും സംസ്ഥാന സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. ഈ നയം അവരുടെ ജനവിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിേ?ലുള്ള ഹീനമായ കൈകടത്തലാണിത്. ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ തകർക്കുകയാണ് കേന്ദ്ര സർക്കാർ.
സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്ന യൂണിയൻ സർക്കാരിന്റെ വിവേചനപരമായ നീക്കം ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണ്.
കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾ സൃഷ്ടിക്കുന്ന പണ ഞെരുക്കം സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുന്നു. ഈ വിഷയം കേരളം ബഹു. സുപ്രീം കോടതി മുൻപാകെ ഉന്നയിച്ചിട്ടുണ്ട്. ഈ തെറ്റായ സമീപനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് കേരളം ഒന്നാമതായി ആവശ്യപ്പെടുന്നത്.

ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും

കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ പ്രധാന ഘടകമാണ് ഗ്രാന്റുകൾ. ധന കമ്മിഷൻ ശുപാർശ പ്രകാരം വീതം വയ്ക്കപ്പെടുന്ന നികുതി വിഹിതത്തിന് പുറമെയാണ് ഇവ. ഗ്രാന്റുകളിൽ കേന്ദ്രാവിഷ്‌കൃതപദ്ധതികളിലെ ഗ്രാന്റ് സുപ്രധാനമാണ്. സംസ്ഥാന വിഷയങ്ങളിലാണ് മിക്ക കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കപ്പെടുന്നത്. പക്ഷേ ഈ പദ്ധതികളുടെ സൂക്ഷ്മ ഘടന വരെ തീരുമാനിക്കുന്നത് ഡൽഹിയിലെ മന്ത്രാലയങ്ങളാണ്. ഇത് തന്നെ ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. ഇപ്പോൾ അടിച്ചേൽപ്പിക്കുന്ന ബ്രാൻഡിങ് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. സംസ്ഥാന സർക്കാർ ഗണ്യമായ അധിക വിഹിതം നൽകിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം ജനുവരി 22വരെ 3,71,934 വീടുകൾ നിർമ്മിച്ചപ്പോൾ 32,751 വീടുകൾക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ 72,000 രൂപ വീതമുള്ള സഹായം ലഭിച്ചത്. പി.എം.എ.വൈ അർബന്റെ ഭാഗമായി 80,259 വീടുകൾക്ക് 1,50,000 രൂപ കേന്ദ്രം നൽകി. ഈ രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കൾക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നത് സംസ്ഥാന സർക്കാരാണ്. എല്ലാം ചേർത്താലും ആകെ 1,13,010 വീടുകൾക്ക് (30.38%) മാത്രമാണ് നാമമാത്രമായ കേന്ദ്രസഹായം ലഭിച്ചത്. ബാക്കി 2,58,924 വീടുകളും പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചത്. ലൈഫ് മിഷന് വേണ്ടി ഇതിനകം ആകെ ചെലവിട്ടത് 17,104.87 കോടി രൂപയാണ്. അതിൽ കേന്ദ്രം നൽകിയത് 2081 കോടി രൂപ. അതായത് വെറും 12.17 ശതമാനം. ബാക്കി 87.83 ശതമാനം തുക നൽകുന്ന സംസ്ഥാന സർക്കാർ ഒരു ബ്രാൻഡിംഗിനും തയ്യാറല്ല. കാരണം ഒരോരുത്തരുടെയും വീട് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ ലൈഫ് പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ഈ വീടുകളിൽ കേന്ദ്ര പദ്ധതിയുടെ ബോർഡ് വെക്കണം അല്ലെങ്കിൽ കേന്ദ്രം നൽകുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.

സംസ്ഥാനങ്ങൾ കുറഞ്ഞത് 40 ശതമാനം ചെലവഴിക്കുകയും നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുക്കുകയും ചെയ്യുന്ന പദ്ധതികളുടെ നേട്ടങ്ങളിൽ നിന്നും സംസ്ഥാനങ്ങളെ പൂർണ്ണമായും ഒഴിവാക്കുകയാണ്. അവ കേന്ദ്ര പദ്ധതികളായി ബ്രാൻഡു ചെയ്യണമെന്നാണ് നിർബന്ധം. ഇല്ലെങ്കിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുമെന്ന് നിലപാടെടുക്കുന്നു. ഈ സമീപനം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇതിന്റെ പേരിൽ കേരളത്തിന് 2023- 24 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവിനായുള്ള വായ്പാ സഹായമായി ലഭിക്കാനുള്ള 3000 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായ 600 കോടി രൂപയും തടഞ്ഞുവച്ചിരിക്കുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞ് യുജിസി. ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിനുള്ള 750 കോടി രൂപ ഗ്രാന്റുകൾ തടഞ്ഞുവെച്ചു. കേന്ദ്ര നിർദ്ദേശപ്രകാരം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കി കൊടുത്തുതീർത്ത പണമാണ് ഇങ്ങനെ മുടക്ക് ന്യായം പറഞ്ഞ് തടഞ്ഞത്.

നികുതി വിഹിതത്തിലെ കുറവ് :

ഗ്രാന്റുകളും മറ്റും ധനകാര്യ കമ്മീഷന്റെ ധനസഹായത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ വരൂ. 80 ശതമാനവും നികുതി വിഹിതമാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് ഡിവിസിബിൾ പൂളിന്റെ 3.8 ശതമാനമായിരുന്നത് 14-ാം ധനകാര്യ കമ്മീഷൻ കാലത്ത് 2.5 ശതമാനമായി കുറഞ്ഞു. 15-ാം ധനകാര്യ കമ്മീഷന്റെ കാലത്തത് വീണ്ടും കുറഞ്ഞ് 1.9 ശതമാനമായി.

സംസ്ഥാനങ്ങൾ തമ്മിൽ പ്രതിശീർഷ വരുമാനത്തിലുൾപ്പെടെ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. ജനസംഖ്യാവർദ്ധനയുടെ കാര്യത്തിലും ഇതുണ്ട്. വലിയ സാമ്പത്തിക ചെലവ് സഹിച്ച് കേരളമടക്കം നേടിയ നേട്ടങ്ങൾ ഇന്ന് നികുതി വിഹിതത്തിൽ തിരിച്ചടിക്ക് കാരണമാകുന്ന ദുരവസ്ഥയാണ്.

പ്രതിശീർഷ വരുമാനം കുറഞ്ഞതും, അധിക ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകണം. ജനസംഖ്യാ നിയന്ത്രണം സാധ്യമാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തെ ക്രമാതീതമായ കുറവിൽ നിന്നും സംരക്ഷിക്കുകയും വേണം. ഇതുവഴിമാത്രമേ കേരളത്തിന് പുതുതലമുറ വികസന പ്രശ്‌നങ്ങളെ നേരിടാൻ കഴിയുകയുള്ളു. അതല്ലെങ്കിൽ സംസ്ഥാനത്തിന് ഇതുവരെ നേടിയ നേട്ടങ്ങൾ ശിക്ഷയായി മാറും. ഇതുമനസിലാക്കിയുള്ള സമീപനം കേന്ദ്രസർക്കാരിന്റെയും ധനകാര്യ കമ്മിഷനുകളുടെയും ഭാഗത്ത് നിന്നും ഉണ്ടാകണം. ഈ ആവശ്യം കേരളം ശക്തിയായി ഉന്നയിക്കുകയാണ്.

ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാൽ ഇതിൽ നിന്നും അവരെ തടയുന്ന ഇടപെടലുകൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണ്. കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ വിപുലീകരിച്ചും ബാഹ്യ സമ്മർദ്ദങ്ങൾ ചെലുത്തിയുമുള്ള ഇടപെടലുകൾ ഉദാഹരണം. ഇത് ഫെഡറൽ വ്യവസ്ഥയെ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതായിരുന്നു കേന്ദ്രസർക്കാർ സമീപനം. ബിജെപി സർക്കാർ വന്ന ശേഷം 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കാൻ (നേരത്തെ 1971ലെ സെൻസസ്സായിരുന്നു മാനദണ്ഡം.) ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിച്ചു. കൈവരിച്ച നേട്ടങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇതോടെ തിരിച്ചടിയായി.
ഇതിനുപുറമേ, കേന്ദ്രവരുമാനത്തിന്റെ മൂന്നിലൊന്നും സെസ്സുകളും സർചാർജുകളും ആക്കുക വഴി സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുക കൂടി ചെയ്യുകയാണ് കേന്ദ്രം.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം 41 ശതമാനമായി 15 ആം ധനകമ്മിഷൻ നിശ്ചയിക്കുകയുണ്ടായി. എന്നാൽ, കേന്ദ്രവരുമാനത്തിന്റെ മുന്നിലൊന്ന് (കഴിഞ്ഞ വർഷം 28.1 ശതമാനം) സെസും സർചാർജുമായി മാറ്റി. 2014-15 ൽ ഇത് വെറും 10 ശതമാനം മാത്രമായിരുന്നു. ഈ സെസ്സും സർചാർജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ല. അതിനാൽ തന്നെ, സംസ്ഥാനങ്ങൾക്ക് വീതിച്ചു കൊടുക്കേണ്ട തുകയിൽ വലിയ കുറവ് വരുത്തി.

ജി.എസ്.ടി. നഷ്ടപരിഹാരം:

ജിഎസ്ടി നടപ്പാക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് അടിയറവ് വെക്കേണ്ടിവന്നത്. എന്നാൽ കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം നികുതി അവകാശം മാത്രമാണ്. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന രീതിയിൽ പങ്ക് വെക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് അടിയറവ് പറയേണ്ടി വന്ന നികുതി വരുമാനത്തേക്കാൾ കുറഞ്ഞവരുമാനമാണ് ലഭ്യമായിത്തുടങ്ങിയത്. അതായത്, ജിഎസ്ടി വന്നപ്പോൾ ഉണ്ടായ നികുതി നഷ്ടത്തേക്കാൾ കുറവാണ് ജിഎസ്ടി മൂലം ഉണ്ടായ വരുമാനം.

ഈ നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി ജിഎസ്ടിയിൽ 14 ശതമാനം വാർഷിക നികുതി വളർച്ചാ നിരക്ക് ഉറപ്പാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ, ജിഎസ്ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളർച്ചാ നിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് പരിഹാരമായാണ് ജിഎസ്ടി നഷ്ടപരിഹാരം നിർദ്ദേശിക്കപ്പെട്ടത്.

2017 ജൂലൈ 1 മുതൽ 5 വർഷക്കാലത്തേക്കാണ് ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകി വന്നത്. എന്നാൽ, അനവധി കാരണങ്ങളാൽ ജി.എസ്.ടി.യുടെ ആദ്യ അഞ്ചു വർഷങ്ങൾ അനിശ്ചിതത്വം നിറഞ്ഞവയായിരുന്നു. ഇതിൽ ആർക്കും രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. വാറ്റ് നികുതി കാലത്ത് സംസ്ഥാനങ്ങൾക്ക് മിക്ക ചരക്കു വിൽപനകൾക്ക് മേലും ചുമത്തിയിരുന്ന 14.5 % നികുതിനിരക്ക് ജി.എസ്.ടി.യിൽ 9% മായും ചിലതിൽ 6% മായും കുറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ജി.എസ്.ടി. നിരക്കുകൾ 40 : 60 എന്ന അനുപാതത്തിൽ പങ്കിടണമെന്ന അഭിപ്രായത്തിന്ന് വിദഗ്ധരുടെ ഇടയിൽ പ്രാമുഖ്യമുണ്ടായിരുന്നു. കേരളം ഈ ആവശ്യം ശക്തിയായി ഉയർത്തുകയും ചെയ്തു. എന്നാൽ ഇത് തിരസ്‌കരിക്കപ്പെട്ടു. ജി.എസ്.ടി. നിരക്ക് പങ്ക് വെയ്ക്കലിലെ അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ തന്നെയാണ് ആദ്യ 5 വർഷത്തിനൊടുവിൽ നഷ്ടപരിഹാരം നിർത്തിയത്. ഇത് കേന്ദ്രസംസ്ഥാന നികുതി അസന്തുലിതാവസ്ഥയുടെ ആക്കം വർദ്ധിപ്പിച്ചു. സംസ്ഥാനങ്ങൾക്ക് കുറച്ചുകൂടി ബ്രീത്തിങ്ങ് ടൈം നൽകേണ്ട ബാധ്യത ജിഎസ്ടി നിയമം നടപ്പിലാക്കാൻ തിടുക്കം കൂട്ടിയ കേന്ദ്രത്തിനുണ്ട് എന്നത് അവർ മറന്നുപോവുകയാണ്.

റവന്യു കമ്മി ഗ്രാന്റ്:

മേൽ സൂചിപിച്ചതുപോലെ നമ്മുടെ കേന്ദ്രനികുതി വിഹിതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പൂർണ്ണമല്ലെങ്കിലും ചെറിയ ആശ്വാസമായിരുന്നു 2020 -21 മുതൽ 2023 -24 വരെ ലഭിച്ച റവന്യൂ കമ്മി ഗ്രാന്റുകൾ. അതും ഇല്ലാതാകുകയാണ്.

15-ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പരിഗണനാ വിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസിൽ) പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഗ്രാന്റ് നൽകേണ്ടതില്ല എന്നായിരുന്നു. ഇതിനെ കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും എതിർക്കുകയായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തികച്ചും വിവേചനപരമായ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനമുൾപ്പെടെ കേരളം വിളിച്ചു കൂട്ടി. ഒടുവിൽ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനു കമ്മീഷന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവിൽ റവന്യു കമ്മി ഗ്രാന്റ് കേരളത്തിന് കിട്ടിയത്.

ഈ റവന്യു കമ്മി ഗ്രാന്റ് ഔദാര്യമായിരുന്നില്ല, മറിച്ച് അത് സംസ്ഥാനത്തിന്റെ അവകാശമായിരുന്നു. എന്നാൽ ഈ വർഷം ഏകപക്ഷീയമായി റവന്യു കമ്മി ഗ്രാന്റ് വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ ഇനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് ഈ വർഷം കേരളത്തിന് കുറവുവരുന്നത്. ഇതോടെ വായ്പാ നിയന്ത്രണം, ഗ്രാന്റുകൾ തടഞ്ഞുവയ്ക്കൽ എന്നിവയുടെ ആഘാതം ഒന്നു കൂടി വർദ്ധിക്കുകയാണ്. റവന്യു കമ്മി ഗ്രാന്റിൽ ഉണ്ടായ ഇടിവാണ് നിലവിലെ ധനപ്രശ്‌നങ്ങളുടെ ഒരു പ്രധാന കാരണം.

മറ്റു വിഷയങ്ങൾ:

കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികൾ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേര് പരാമർശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല. എല്ലാ യോഗ്യതയുമുണ്ടായിട്ടും, ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടും കേന്ദ്രബഡ്ജറ്റിൽ ഇത്തവണയും പരിഗണിച്ചില്ല.

ദേശീയ തലത്തിൽ എയർപോർട്ടുകൾ ലേലത്തിൽ വച്ചപ്പോൾ സംസ്ഥാന സർക്കാർ തിരുവനന്തപുരം എയർ പോർട്ടിന്റെ നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ലേലത്തിൽ ക്വാട്ട് ചെയ്ത ഉയർന്ന തുക സംസ്ഥാന സർക്കാർ നൽകാമെന്നും അറിയിച്ചു. എന്നാൽ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നൽകാനാണ് കേന്ദ്ര സർക്കാർ തയ്യാറായത്.

കണ്ണൂർ എയർപോർട്ടിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ അംഗീകാരം ലഭ്യമാക്കാൻ അനുഭാവപൂർണമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമിയേറ്റെടുത്തിട്ടും നിർമ്മാണത്തിനാവശ്യമായ ടെണ്ടർ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും അവഗണനയുടെ മറ്റുചില ഉദാഹരണങ്ങളാണ്.

പുതിയ ട്രെയിനുകൾ, പുതിയ പാതകൾ, പാത ഇരട്ടിപ്പിക്കൽ, നിലവിലെ പാതകളുടെ നവീകരണം, റെയിൽവേ സ്റ്റേഷനുകളുടെ ആധുനിക വൽക്കരണം തുടങ്ങി റെയിൽവേ വികസനത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിനെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണ്.

സെമി ഹൈ സ്പീഡ് റെയിൽ കോറിഡോറായ കെ റെയിലിന് (സിൽവർലൈൻ) സമാനമായ പദ്ധതികളെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിനോട് മാത്രം കടുത്ത വിവേചനം കാട്ടുകയാണ്.

കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കി മാറ്റിയില്ലെങ്കിൽ കേന്ദ്രസഹായം നിഷേധിക്കുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവയുടെ പേരാണ് മാറ്റേണ്ടത്. സമീപകാലത്ത് ആർദ്രംമിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഇതോടെ ഇവിടെ കൂടുതൽ ഡോക്ടർമാരെയും നേഴ്‌സുമാരെയും നിയോഗിച്ച് കാലത്തും വൈകിട്ടും ഒപിയാക്കി. ഫാർമസി അടക്കമുള്ള കെട്ടിടസൗകര്യങ്ങൾ വിപുലീകരിച്ചു. ലാബ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തു. ഇവയുടെ ചെലവിന്റെ 95% വഹിച്ചതു സംസ്ഥാന സർക്കാരാണ്. ഓരോന്നിനും ഒരുകോടി രൂപ വരെ ആസ്തിയുണ്ട്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരതിൽ നിന്നും അഞ്ചുലക്ഷം രൂപ വീതമാണ് ഉപയോഗിച്ചത്. ഈ വർഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സർക്കാരിന്റെ പേര് പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇതിനുവേണ്ടി 3000 രൂപ വീതം കേന്ദ്രം അനുവദിച്ചിരിക്കുകയാണ്. ഒരു കോടി രൂപയോളം മുടക്കുന്ന കേരള ഗവണ്മെന്റിന്റെ ബ്രാന്റിങ് ഒന്നും തന്നെ ഇല്ലാത്തപ്പോഴാണ് അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാൻ 3000 വീതം നൽകുകയും ചെയ്ത് ബ്രാന്റിങ്ങിനായി കേന്ദ്രം ശ്രമിക്കുന്നത്.

കേരളത്തിൽ നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കു കേരളം ഒരുവർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ഇതിലേക്ക് കേന്ദ്ര സർക്കാർ നൽകുന്നത് വെറും 130 കോടി രൂപ മാത്രമാണ്. അതായത് 10 ശതമാനം മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണ്. അവർക്ക് ശരാശരി 600 രൂപ വീതമാണു നൽകുന്നത്. എന്നാൽ കേരള സർക്കാർ 42 ലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് നൽകുന്നുണ്ട്. ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ?ആയുഷ്മാൻ ഭാരത് കാരുണ്യ ഇൻഷ്വറൻസ് പദ്ധതി ? എന്ന പേര് പോലും പറ്റില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പേരിൽ നിന്നും ?കാരുണ്യ? എന്ന വാക്ക് നീക്കം ചെയ്യണം എന്നാണ് പിടിവാശി. സംസ്ഥാന സർക്കാർ വലിയ പങ്ക് വഹിച്ച് നടപ്പാക്കുന്ന പദ്ധതികളെ കേന്ദ്രസർക്കാരിന്റെ സ്വാർത്ഥലക്ഷ്യത്തോടെയുള്ള പ്രചാരത്തിന്റെ ഉപാധിയാക്കാനുള്ള നിർബന്ധമാണ് ഉണ്ടാകുന്നത്.

കേന്ദ്ര സർക്കാർ വില്പനയ്ക്ക് വെച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയാണ് സംസ്ഥാന ഗവൺമെന്റ് ലേലത്തിൽ പങ്കെടുത്ത് വിലയ്ക്ക് വാങ്ങി കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (കെപിപിഎൽ) എന്ന പേരിൽ വിജയകരമായി കോട്ടയം വെള്ളൂരിൽ ഇപ്പോൾ നടത്തിവരുന്നത്. അതോടൊപ്പം, കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കുവാൻ തീരുമാനിച്ച, സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന, സംയുക്ത സംരംഭമായിരുന്ന ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും കെ.ഇ.എൽ- ഇ.എം.എൽ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

കേന്ദ്ര ഇറക്കുമതി നയംകാരണം ഉൾപ്പടെ ബുദ്ധിമുട്ടിലായ റബ്ബർ കർഷകരെ സഹായിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇങ്ങനെ അവഗണനയും ധനഞെരുക്കവും കേരളത്തെ സമരപാതയിലിറങ്ങാൻ നിർബന്ധിതമാക്കുകയാണ്.

മറ്റൊരു പ്രധാന വിഷയം ഗവർണർ പദവിയുമായി ബന്ധപ്പെട്ടതാണ്. ഗവർണർമാർ എങ്ങനെ പ്രവർത്തിക്കരുത് എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡന്റ്മാരെപോലെ പോലെ പെരുമാറുകയാണ്. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകൾക്ക് അംഗീകാരം നൽകാതെയും വഴിയിൽ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവർണറുടെ പ്രവർത്തനങ്ങൾക്കാണ് കേരളം വേദിയാകുന്നത്. ചാൻസിലർ പദവി ഉപയോഗിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനം പോലും അട്ടിമിറക്കുന്നു. ഭരണഘടനാ മൂല്യങ്ങളുടെ നിരാസമായി ഇത് മാറുകയാണ്. അടിയന്തരാവസ്ഥയുടെ അനുഭവമൊഴിച്ചാൽ ഇത്രയും ഗൗരവമേറിയ വെല്ലുവിളികൾ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ നേരിട്ട ചരിത്രമില്ല.

അവഗണനയുടെ അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദൽ മാർഗങ്ങൾ ഉയർത്തി അതിജീവനത്തിന് കേരളം ശ്രമിക്കുകയാണ്. എന്നാൽ അത്തരം അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ കൊണ്ടുവരാനും കേന്ദ്ര സർക്കാരിനെ ആവർത്തിച്ച് ബോധ്യപ്പെടുത്താനാണ് സംസ്ഥാനത്തിന് ഇത്തരമൊരു മാർഗം സ്വീകരിക്കേണ്ടിവരുന്നത്.

പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിന്റേത്. മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും ഞങ്ങൾ മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങൾ സ്വന്തമാക്കി.

നീതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര സൂചികയിൽ കുറവ് ദാരിദ്രമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021ലെ പബ്ലിക് അഫയേർസ് ഇൻഡെക്‌സിൽ ഒന്നാം സ്ഥാനം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പുരസ്‌കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്‌സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങി അസഖ്യം നേട്ടങ്ങൾ കേരളം കഴിഞ്ഞ 8 വർഷക്കാലയളവിൽ സ്വന്തമാക്കി.

എന്നാൽ മികവിൽ നിന്നും കൂടുതൽ മികവിലേയ്ക്ക് പോകാൻ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളിൽ അർഹമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് നാളെ നടക്കുന്ന സമരം.

ഇന്ത്യയുടെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാൻ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. ഈ വലിയ ലക്ഷ്യം മുൻ നിർത്തിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഡൽഹിയിൽ കേരളം സംഘടിപ്പിക്കുന്ന പരിപാടി. ഇതിന് ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുകയാണ്