- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നവകേരളത്തിനായി ഒന്നിക്കാം' എന്ന് മുഖ്യമന്ത്രിയുടെ ലേഖനം; അതേപടി പ്രസിദ്ധീകരിച്ചു ലീഗ് മുഖപത്രമായ ചന്ദ്രിക; എൽഡിഎഫിലേക്കുള്ള ലീഗിന്റെ പാലമിടൽ സംശയത്തോടെ കണ്ട് കോൺഗ്രസ്; എതിർപ്പുകൾ ശക്തമെങ്കിലും അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കുന്നതിൽ നിന്നും ലീഗ് പിന്മാറില്ല
കോഴിക്കോട്: മുസ്ലിംലീഗിനെ മുന്നണിയിൽ എത്തിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് സിപിഎം. ആ ഉദ്ദേശത്തോടു കൂടിയാണ് വള്ളിക്കുന്ന് എംഎൽഎ പി. അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയതും. ഈ തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുമ്പോഴും ലീഗ് പിന്നോട്ടില്ല. ഒരു വിഭാഗം ഇപ്പോഴും അധികാരത്തിലേക്കുള്ള പാലമായി സിപിഎമ്മിനെ കണ്ടു തുടങ്ങിയിട്ടുണ്ട്. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം വിവാദമായി തുടരുന്നതിനിടെയാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനവും വന്നത്.
'നവകേരളത്തിനായി ഒന്നിക്കാം' എന്ന ലേഖനം എഡിറ്റോറിയൽ പേജിലാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാർ അനുകൂല ലേഖനങ്ങൾ സാധാരണ ഗതിയിൽ ചന്ദ്രികയിൽ പ്രസിദ്ധികരിക്കാറില്ല. പ്രതിപക്ഷം പൂർണമായും തള്ളിക്കളഞ്ഞ നവകേരളസദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തിൽ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകരുന്നതാണ് ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനമെന്നാണ് വിലയിരുത്തൽ.
'സമസ്ത' മുഖപത്രം സുപ്രഭാതത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. അതേസമയം, വീക്ഷണത്തിൽ വരെ ഇന്ന് ഒരു പേജ് സർക്കാർ പരസ്യം വന്നിട്ടുണ്ടെന്നും പത്രധർമവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. സർക്കാർ പരിപാടിയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അയക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുള്ളതാണ്, പത്രമെന്ന നിലയിൽ ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചതിൽ അപാകതയില്ല. മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടി പറഞ്ഞു.
അതേസമയം പി അബ്ദുൽ ഹമീദിന് സംസ്ഥാന സർക്കാർ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം നൽകിയതിൽ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളിൽ അതൃപ്തി. സംഭവത്തിൽ പാർട്ടി തലത്തിൽ കൂടിയാലോചന നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി കൂടിയായ ഇടി മുഹമ്മദ് ബഷീർ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂടിയാലോചനയ്ക്ക് മുൻപ് പ്രതികരിക്കുന്നതിൽ അർഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പി അബ്ദുൽ ഹമീദിനെ യൂദാസാക്കി ചിത്രീകരിച്ച് ഇന്നു മലപ്പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ കീറിക്കളയുകയും ചെയ്തിരുന്നു. അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയത് സിപിഎമ്മിന്റെ ചൂണ്ടയെന്ന് സംശയിച്ച് ലീഗിലെ ഒരു വിഭാഗം പ്രവർത്തകർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
പാർട്ടിയേയും പാർട്ടി അണികളേയും വഞ്ചിച്ച യൂദാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കുക എന്നാണു അബ്ദുൽ ഹമീദിന്റെ വലിയ ഫോട്ടോ ഉൾക്കൊള്ളുന്ന പോസ്റ്ററിൽ പറയുന്നത്. 'യൂദാസ്' എന്ന് മുകളിൽ എഴുതിയിട്ടുമുണ്ട്. ലീഗ് മലപ്പുറം ജില്ലാ ഓഫീസിനു മുൻപിലും മലപ്പുറം കളക്ടറേറ്റിനു മുൻപിലും വഴികളിലും മലപ്പുറം കുന്നുമ്മലിലെ മഞ്ചേരി ബസ് സ്റ്റോപ്പിലും ഉൾപ്പെടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നത്.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തന്നെ നാമനിർദ്ദേശം ചെയ്തതിൽ രാഷ്ട്രീയ നീക്കമില്ലെന്നാണ് പി അബ്ദുൽ ഹമീദ് പറയുന്നത്. യുഡിഎഫിന്റെയും ലീഗിന്റെയും അനുമതിയോടെയാണ് നോമിനേറ്റ് ചെയ്ത്. സഹകരണ മേഖലയിൽ ഒന്നിച്ച് മുന്നോട്ടുപോകുമെന്നും സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും പി അബ്ദുൽ ഹമീദ് പറഞ്ഞു.
ലീഗ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാകുന്നതിനെതിരെ യുഡിഎഫിലും പാർട്ടിയിലും അതൃപ്തിയുണ്ടെങ്കിലും പുനരാലോചന വേണ്ടെന്ന നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വം. പദവി ഏറ്റെടുക്കാനിടയായ സാഹചര്യം യുഡിഎഫിനെ ബോധ്യപ്പെടുത്തും. കേരള ബാങ്ക് ഭരണസമിതി അംഗത്വം രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണു ഹമീദിനെ പിന്തുണയ്ക്കുന്നവർ. പിണറായി വിജയൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്ത് മലപ്പുറത്തു നിന്നുള്ള ഡയറക്ടറായി ഹമീദിനെ നാമനിർദ്ദേശം ചെയ്തിരുന്നു. അന്നില്ലാത്ത വിവാദം ഇപ്പോൾ ഉയർന്നുവന്നതിനു പിന്നിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറം ജില്ലയിലെ ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണെന്ന് അവർ പറയുന്നു.
മലപ്പുറം ജില്ലാ ബാങ്ക് ഏറ്റെടുക്കുന്നതിനെതിരെ യുഡിഎഫ് സഹകരണസംഘങ്ങൾ നടത്തുന്ന നിയമപ്പോരാട്ടത്തെ ഹമീദിന്റെ നാമനിർദ്ദേശം ബാധിക്കില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. ഏറ്റെടുക്കലിനെതിരെ സുപ്രീം കോടതിവരെ പോരാടാൻ നേരത്തേ ജില്ലാ യുഡിഎഫ് തീരുമാനിച്ചിരുന്നു.




