ന്യൂഡൽഹി: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ മൈക്ക് പണി മുടക്കുമോ എന്ന ആധിയിലാണ് എപ്പോഴും ഓപ്പറേറ്റർമാർ. മുൻകാല സംഭവങ്ങളും വിവാദങ്ങളും തന്നെ കാരണം. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്ക് എതിരായ സമരത്തിന് മുന്നോടിയായി വിളിച്ച വാർത്താസമ്മേളനത്തിലും മൈക്ക് പ്രശ്‌നക്കാരനായി. മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് പരാതിയായി. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയാക്കാനായില്ല. ഒടുവിൽ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യിൽ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടർന്നത്.

ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസിൽനിന്ന് ആരോ സൂചിപ്പിച്ചപ്പോൾ, 'ഇതിനേക്കാൾ അടുപ്പിച്ചാൽ വായിൽ കേറില്ലേ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മൈക്ക് ശരിയാകുന്ന ലക്ഷണമില്ലെന്നു കണ്ടതോടെ, 'ഇതിന്റെ ഓപ്പറേറ്റർക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ' എന്നായി മുഖ്യമന്ത്രി. 'ഇല്ലെങ്കിൽ മൈക്ക് മാറ്റുന്നതാകും നല്ലത്' എന്നും ചൂണ്ടിക്കാട്ടി.

ഇടയ്ക്ക് മറ്റൊരു മൈക്കിന് അടുത്തുചെന്ന് നിന്നു സംസാരിക്കാൻ മുഖ്യമന്ത്രി സന്നദ്ധനായെങ്കിലും അപ്പോഴേക്കും ഒരു വയർലെസ് മൈക്ക് ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചു. 'ഇത് റെഡിയാണല്ലേ. അങ്ങനെയെങ്കിൽ ഇനി ഞാൻ ചാരിയിരുന്നു സംസാരിക്കാം. അതാണു നല്ലത്' എന്നു പറഞ്ഞ് അദ്ദേഹം വാർത്താ സമ്മേളനം തുടരുകയും ചെയ്തു.

നേരത്തേ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിന് കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനു പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. പ്രതി ആരെന്നു വ്യക്തമാക്കാതെയായിരുന്നു കേസ്. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് കേസ് വേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം കോട്ടയം ജില്ല ആസൂത്രണ സമിതി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തലും രണ്ടുമിനിറ്റോളം മൈക്ക് പണിമുടക്കിയിരുന്നു. അപശബ്ദത്തോടെ മൈക്കിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് മറ്റൊരു മൈക്ക് എത്തിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.