- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു പ്രധാന നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്; തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്; അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം': പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി
കണ്ണൂർ: പഴയങ്ങാടി സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവിൽ നേരിടുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. തെരുവിൽ നേരിടുന്നതൊക്കെ ഒരുപാട് കണ്ടതാണെന്നും അങ്ങനെ വന്നാൽ അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ഒരു പ്രധാന നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്. തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്. ഞങ്ങളെയല്ല തെരുവിൽ നേരിടുമെന്നു നിങ്ങൾ പറഞ്ഞത്. നിങ്ങൾ ജനങ്ങളെയാണു തെരുവിൽ നേരിടുമെന്നു പറയുന്നത്. അതു നിങ്ങൾ മനസ്സിലാക്കണം. അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം'' പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിലെ നവ കേരള സദസ്സ് പരിപാടിയിൽ സംസാരിച്ചത്. പല കാര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. അതിന് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ആ ശ്രമം ഒരു വശത്ത് നടക്കുമ്പോൾ നാടിനെ മുന്നോട്ട് വിടില്ലെന്ന നിലപാടാണ് നാടിനെ സംരക്ഷിക്കേണ്ട കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്. അതിൽ പ്രധാനം കേന്ദ്ര സർക്കാരാണ്. കേന്ദ്ര ധനമന്ത്രിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിൽ ഒപ്പിടാൻ ചില എംപിമാർ തയാറല്ലായിരുന്നു. സംസ്ഥാനത്തെ 18 വലത് എംപിമാർ എന്താണ് കേരളത്തിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാത്തതെന്നും ചോദിച്ചു.
പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മടിയുള്ളവർ കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള അവസരങ്ങൾ പാഴാക്കാറില്ലെന്നും പറഞ്ഞു. ഞങ്ങളുടെ പക്ഷത്തിന് അധികം നൽകണമെന്ന നിലപാടാണ് കേന്ദ്രത്തിന്. കേരളത്തിൽ പ്രതിപക്ഷം എന്തിനും ബഹിഷ്‌കരണമാണ്. കെ ഫോണിന്റെ വരവോടെ കേരളം മാറും. ഇപ്പോൾ വേണ്ടെന്ന പ്രതിപക്ഷ നിലപാട് തുടർന്നിരുന്നുവെങ്കിൽ കേരളത്തിൽ പുതിയ പദ്ധതികൾ വരുമോയെന്നും ചോദിച്ചു. പ്രതിപക്ഷം വിഷമം മനസിലിട്ട് ഇരുന്നാൽ മതിയെന്നും മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് നടത്തിയ പ്രസംഗത്തിൽ പരിഹസിച്ചു.
അതേസമയം, പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ''ആരെങ്കിലും ട്രെയിനിനു മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരു തരത്തിൽ എടുക്കേണ്ട'' മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനകൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്. ഇത് ജനങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും എൽഡിഎഫ് ഗവൺമെന്റിനെ സ്നേഹിക്കുന്ന എൽഡിഎഫിന് ഒപ്പം നിൽക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
തെരുവിൽ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് 'അശ്‌ളീല നാടകമാണെന്നു ആക്ഷേപിച്ചതുംകേട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്ന് വാർത്ത നൽകി. ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും രസീതും നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണിത്. എന്തു ചെയ്യാമെന്നാണ് ചിലർ വിചാരിക്കുന്നത്. ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.




