കോഴിക്കോട്: കായിക കൂട്ടായ്മയിലെ പരിപാടിയിൽ ഇന്നലെ പുതിയ സ്റ്റേഡിയം പ്രഖ്യാപിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നടപടി പെരുമാറ്റചട്ട ലംഘനമെന്ന് ആരോപണം. യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടർ വിശദീകരണം തേടി.

പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി എന്ന് കളക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന്റെ നോട്ടിസിൽ പറയുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി. 7 ദിവസത്തിനകം മറുപടി നൽകണം.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീം ഉൾപ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണു വിവാദമായത്. 'കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്' എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രഖ്യാപനം നടത്തിയതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കോൺഗ്രസ് പരാതി നൽകിയത്.

എന്നാൽ ആരോപണം മന്ത്രി മുഹമ്മദ് റിയാസ് തള്ളി. നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിര കയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫർക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിന്റെ മറുപടി.

പത്തനംതിട്ടയിലെ കുടുംബശ്രീ പരിപോടിയിൽ തോമസ് ഐസക്കിനെ കമ്മീഷൻ താക്കീത് ചെയ്തിരുന്നു. ഇതിന് കാരണമായത് വീഡിയോ ചിത്രീകരണമായിരുന്നു. ഇതുകൊണ്ടാണ് എളമരം കരുതൽ എടുത്തതെന്ന വാദമാണ് ഉയരുന്നത്. വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർത്ഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീന്റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു.

5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടന്നെന്ന സംശയത്തെ തുടർന്നാണു വിഡിയോഗ്രഫറെ കൂട്ടിക്കൊണ്ടുപോയതെന്നും ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നുമാണു സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്.

വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ എളമരം കരീം പറഞ്ഞു. യുഡിഎഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ ഗ്രാഫർക്ക് പരാതിയുണ്ടെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്.