കോഴിക്കോട്: കോഴിക്കോട്ട് കെപിസിസി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുകയാണ്. കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നവംബർ 23 ന് ആണ് കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി. ഇതേ വേദിയിൽ 25 ന് സർക്കാറിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചത്. എന്നാൽ, പരിപാടിയുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് എം.കെ. രാഘവൻ എംപി വ്യക്തമാക്കി.

അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബർ 23ന് കോഴിക്കോട്ട് പരിപാടി നടത്തും. കോഴിക്കോട് കടപ്പുറത്ത് തന്നെയാണ് പരിപാടി നടത്തുക. ശശി തരൂർ ഉൾപ്പടെ കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും കോഴിക്കോട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേദി ആവശ്യപ്പെട്ടപ്പോൾ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാൻ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചത്. ഇത് തീർത്തും രാഷ്ട്രീയപരമാണ്. ഫലസ്തീൻ പരിപാടി നടത്തുന്നില്ലായെന്ന് വിമർശിക്കുന്ന സിപിഎം, ഇതിന് വേദി അനുവദിക്കാൻ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുന്നു. ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും രാഘവൻ പറഞ്ഞു.

അതേസമയം ആര് അനുവാദം നൽകിയില്ലെങ്കിലും റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ പറഞ്ഞു. റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല. അര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കലക്ടർ നവകേരള സദസിന്റെ പേരിൽ അനുമതി നിഷേധിച്ചു. കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ ഫലസ്തീൻ വിഷയത്തിൽ സിപിഎമ്മിന് ആത്മാർത്ഥതയില്ലെന്ന് വ്യക്തമായി.

സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണം.തൊട്ടടുത്ത് സ്റ്റേജ് കെട്ടാനുള്ള അനുവാദം പോലും നൽകിയില്ല.കോഴിക്കോട് കടപ്പുറത്ത് തന്നെ വേദിയിൽ പരിപാടി നടത്തും.കലക്ടർ പോസിറ്റീവ് ആയാണ് ഇന്ന് വരെ പ്രതികരിച്ചത് പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി.നേരത്തെ പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായി.ശശി.തരൂരും റാലിയിൽ പങ്കെടുക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകുന്നേരം 4.30നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്.

റാലിയുടെ വിജയത്തിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവൻ ചെയർമാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ കൺവീനറുമായ സമിതിക്ക് കെപിസിസി രൂപം നൽകിയിരുന്നു. വൻ ജനാവലിയെ അണിനിരത്തി ഫലസ്തീൻ ഐക്യദാർഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്നാണ് കെ സുധാകരൻ പറഞ്ഞത്. നിരപരാധികളായ ഫലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്.

പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല. ജവഹർലാൽ നെഹ്‌റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.