- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ എടുക്കാൻ സുരേഷ് ഗോപി വന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ടി എൻ പ്രതാപൻ
തൃശൂർ: പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് ബിജെപി തൃശൂരിൽ ശക്തിപ്രകടനം നടത്തിയതോടെ, കോൺഗ്രസും കരുത്തു തെളിയിക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ കോൺഗ്രസിന്റെ അവസാനഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി 3ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എൽ.എമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. ശനിയാഴ്‌ച്ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം.
സമ്മേളനം വൻ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു.
ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബൂത്ത് പ്രസിഡന്മാരും വനിതാ വൈസ് പ്രസിഡന്റും ബി.എൽ.എമാരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശ്ശൂർ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രത്യേകത.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേർക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ എംപി,കൊടിക്കുന്നിൽ സുരേഷ് എംപി,യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എംപി, എഐസിസി ഭാരവാഹികൾ,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ,എംഎൽഎമാർ,ഡിസിസി,ബ്ലോക്ക് ,മണ്ഡലം ഭാരവാഹികൾ,പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.