- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണകടത്തു ബന്ധമുള്ളയാളെ യുവജന കമ്മീഷൻ ചെയർമാനാക്കി

സ്വർണകടത്ത്
കണ്ണൂർ: സ്വർണകടത്ത് -ക്വട്ടേഷൻ കണ്ണൂരിലെ സിപിഎം നേതാക്കൾക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിലെ യുവനേതാവായ എം.ഷാജിറിന്റെ സ്വർണകടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പാർട്ടിക്കകത്ത് പരാതി നൽകിയതിന്റെ പേരിൽ ഒറ്റപ്പെടുകയും പാർട്ടിയിൽനിന്ന് നിന്ന് പുറത്താവുകയും ചെയ്ത സിപിഎം ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവതരമാണ്. സ്വർണകടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പാർട്ടിക്കകത്തു തന്നെ ആരോപണ വിധേയനായ ഒരാളെയാണ് പിണറായി സർക്കാർ യുവജന കമ്മീഷൻ ചെയർമാനാക്കിയത്. എന്ത് സന്ദേശമാണ് ഇതിലൂടെ സിനിമ പി എം നൽകുന്നത്? നേതാക്കൾ തമ്മിലുള്ള കിടമത്സരത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ലോബി അടപടലം തകർന്നിരിക്കുകയാണ്.
ക്വട്ടേഷൻ സംഘങ്ങളും സ്വർണകടത്തുകാരുമൊക്കെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു. ആകാശ് തില്ലങ്കേരിയടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളുടെ വരുതിയിലാണ് സിപിഎം നേതൃത്വമെന്ന യാഥാർത്ഥ്യമാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാവായ പി.ജയരാജനെതിരേയും മനുതോമസ് ഉന്നയിച്ച ആക്ഷേപങ്ങൾ ഗൗരവമുള്ളതാണ്.
ക്വാറി മാഫിയയുടെ പിണിയാളുകളെ സിപിഎം ഏരിയാ സെക്രട്ടറിമാരാക്കുന്നതും വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നു പറയുമ്പോൾ കൃത്യമായ ' മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനു സാധിക്കുന്നില്ല. പകരം ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ വെച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ്. മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് സിപിഎം നേതാക്കൾ വളർത്തിയ ക്വട്ടേഷൻ സംഘങ്ങളും സൈബർ ഗുണ്ടകളും ഇപ്പോൾ ആ പാർട്ടിയെ വിഴുങ്ങുകയാണ്.
പോരാളി ഷാജിയടക്കം സോഷ്യൽഞാൻ മീഡിയ ഗ്രൂപ്പുകളെ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ തള്ളിപ്പറയുമ്പോൾ സിപിഎമ്മിലെ മറ്റൊരു വിഭാഗം അത്തരം ക്രിമിനലുകളെ ചേർത്തു പിടിക്കുകയാണ്. സി പി എമ്മിന്റെ നിസ്വാർത്ഥരായ അണികൾ പാർട്ടിയുടെ അപചയത്തിൽ മനം മടുത്ത് മാറി ചിന്തിച്ചതിന്റെ തെളിവാണ് പാർട്ടികോട്ടകളെന്ന് പറയുന്ന പ്രദേശങ്ങളിൽ പോലും സി പി എമ്മിനുണ്ടായ തിരിച്ചടി. നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കിൽ മനസു മടുത്താണ് പലരും മാറി ചിന്തിക്കുന്നത്.
ഇത്രയേറെ തിരിച്ചടികളുണ്ടാകുമ്പോഴും ഒരു തിരുത്തലിനും തയ്യാറാകാതെ ക്രിമിനൽ, ക്വട്ടേഷൻ മാഫിയയുടെ പ്രീതി നേടാനാണ് സി പി എം നേതാക്കൾ ശ്രമിക്കുന്നത്. അത്തരക്കാർക്ക് കീഴ്‌പെട്ടിരിക്കുകയാണ് പല നേതാക്കളും. ഇവരെ പിണക്കിയാൽ പാർട്ടി നേതാക്കളുടെ പല അവിഹിത ഇടപാടുകളും പുറത്തു വരുമെന്ന ഭയത്തിലാണ് ഇത്തരത്തിൽ വിധേയത്വം പുലർത്തുന്നത്. കോടതി ഉത്തരവ് പോലും കണക്കിലെടുക്കാതെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവു നൽകി മോചിപ്പിക്കാൻ പി.ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതി നീക്കം നടത്തിയതൊക്കെ സിപിഎം ഒരു തിരുത്തലിനും തയ്യാറല്ലെന്നതിന്റെ തെളിവാണ്.
പാർട്ടി ശക്തി കേന്ദ്രങ്ങളിലെ ബോംബ് നിർമ്മാണത്തെ കുറിച്ച് സഹികെട്ട് തുറന്നു പറഞ്ഞ തലശേരി എരഞ്ഞോളിയിലെ സീനയെന്ന യുവതിയെ സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. സൈബർ ക്രിമിനലുകളെ ഉപയോഗിച്ച് സീനയെ വ്യക്തിഹത്യ നടത്തുന്നു. പോരാളി ഷാജിമാർക്കെതിരെ ഒരു ദിവസം ഉറഞ്ഞു തുള്ളിയ എം വിജയരാജൻ സൈബറിടങ്ങളിൽ സീനയ്‌ക്കെതിരെ നടക്കുന്ന അക്രമങ്ങളോട് മുഖം തിരിക്കുന്നത് ആരെ ഭയന്നിട്ടാണ്?
സി പി എമ്മിൽ നിന്നും മനു തോമസിനെ പോലെ കൂടുതൽ നേതാക്കൾ പുറത്തുവരും. പിണറായി വിജയന്റെയും ജയരാജന്മാരുടെയും മാഫിയാ പ്രവർത്തനങ്ങളോടും അതിനൊക്കെ വാഴ്‌ത്തുപാട്ടു പാടുന്ന എം വി ഗോവിന്ദനെ പോലുള്ളവരുടെ അമിത വിധേയത്വത്തോടും സമരസപ്പെടാത്ത ഒട്ടേറെ പേർ ഇനിയും സി പി എം വിട്ടു പോകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

