കോഴിക്കോട്: ഒന്നുമില്ലായ്മയിൽ നിന്നും കോൺഗ്രസിനെ കെട്ടിപ്പടുത്ത അധികാരംപിടച്ച തെലുങ്കാന മോഡൽ സംസ്ഥാന കോൺഗ്രസിനും ഊർജ്ജമാകുകയാണ്. രേവന്ദ് റെഡ്ഡിയെന്ന നേതാവിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് വൻ നേട്ടം കൊയ്തത്. ബൂത്ത് കമ്മറ്റികൾ പോലും ഇല്ലാതിരുന്ന പാർട്ടിയെ കെട്ടിപ്പടുത്താണ് തെലുങ്കാനയിൽ കോൺഗ്രസ് അധികാരം പിടിച്ചത്. ഇതിൽ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗേലുവിന്റെ തന്ത്രങ്ങളും നിർണായകമായിരുന്നു.

എന്തായാലും തെലുങ്കാനയുടെ ആവേശത്തിൽ സംസ്ഥാനത്തെ കോൺഗ്രസും ചില മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിക്ക് ചർച്ചയാകുന്നതിനിടെ പാർട്ടിയുടെ ഊർജം തിരിച്ചുപിടിക്കാനൊരുരുങ്ങി കോൺഗ്രസ് കേരളഘടകം. ബൂത്ത് അടിസ്ഥാനത്തിൽ തന്നെ പാർട്ടിയെ ഉടച്ചുവാർക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ബൂത്തടിസ്ഥാനത്തിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ അടിയന്തരമായി പുനഃസം ഘടിപ്പിക്കാനാണ് നിർദ്ദേശം. ഇതനുസരിച്ച് 25,177 പുതിയ കമ്മിറ്റികൾ വരും. എങ്ങനെയാണ് ബൂത്ത് കമ്മറ്റികൾ രൂപീകരിക്കേണ്ടതെന്ന കൃത്യമായ നിർദ്ദേശങ്ങളും കെപിസിസി നൽകിയിട്ടുണ്ട്.

13 പ്രവർത്തകർ ചേർന്നാണ് ബൂത്ത് കമ്മിറ്റി രൂപവൽകരിക്കുക. പ്രസിഡന്റ്, വനിത ഉൾപ്പെടെ രണ്ട് വൈസ് പ്രസിഡന്റ്, ട്രഷറർ, രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് എക്‌സിക്യുട്ടീവ് അംഗങ്ങൾ, മൂന്ന് ഡിജിറ്റൽ മീഡിയ ടാസ്സ് ഫോഴ്സ് അംഗങ്ങൾ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. സാമൂഹിക മാധ്യമ കൂട്ടായ്മയും ഉണ്ടാകും. നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്മിറ്റികൾക്ക് തൽ സ്ഥിതി തുടരാൻ കഴിയും.

പുതിയ നിർദ്ദേശം അനുസരിച്ച് ഈ മാസം തന്നെ പുനഃസംഘടന പൂർത്തിയാക്കണം. ഓരോ ബൂ ത്തിനും ഓരോ ചുമതലക്കാരനുണ്ടാകും. കെപിസിസി. ഭാര വാഹിക്ക് 10ഉം ഡി.സി.സി. ഭാരവാഹിക്ക് അഞ്ചും ബ്ലോക്ക് പ്രസിഡന്റിന് നാലും മണ്ഡലം പ്രസിഡന്റിന് മൂന്നും ബൂത്തുക ളുടെ ചുമതല വരും. പോഷകസംഘടനകളുടെ ഭാരവാഹികളും ബൂത്തിന്റെ ചുമതല വഹിക്കണം. വനിത പ്രസിഡന്റാകുന്നയിടത്ത് പുരുഷന്മാരാ യിരിക്കും വൈസ് പ്രസിഡന്റ്. ഭാരവാഹികളിലും കമ്മിറ്റിയിലും പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും കെപിസിസി. നിർദ്ദേശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണ് കോൺ്രഗസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കേരള യാത്രക്കൊരുങ്ങി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജനുവരി 21 ന് കാസർകോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കും. 140 നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള യാത്രയിൽ ദേശീയ നേതാക്കളും പങ്കെടുക്കും. സമാപന ചടങ്ങിൽ രാഹുൽഗാന്ധി എത്തും. കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും യാത്ര. കെപിസിസി അധ്യക്ഷനായതിന് ശേഷം കെ സുധാകരൻ നടത്തുന്ന ആദ്യയാത്രയാണിത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രചാരണമെന്ന നിലയ്ക്കാണ് യാത്ര ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളയാത്രയോട് കൂടി പൊതുതിരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാകുമെന്നാണ് വിലയിരുത്തൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും കനുഗോലുവിന് നിർണായക റോൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം സുനിൽ കനുഗോലു കേരളത്തിലെത്തി തന്ത്രങ്ങൾ മെനയുന്നത്. ലോക്‌സഭാ മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രചരണചുമതല എൽപ്പിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

കർണാടക സ്വദേശിയായ സുനിൽ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്താനും പങ്കുവഹിച്ചു. പിന്നാലെ തെലുങ്കാനയിലെ വിജയത്തിലും നിർണായക റോൾ വഹിച്ചു.