ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് കമ്മിറ്റി അംഗീകാരം നൽകി. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് സൂചന.

കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിലും നേതാക്കൾ പ്രതികരിച്ചു. പത്മജ മൂത്ത സഹോദരിയായിരുന്നു. കരുണാകരന്റെ മകളായതിനാൽ ന്യായമല്ലാത്ത കാര്യങ്ങൾ വരെ ചെയ്തു കൊടുത്തു. ബംഗാളിനെയും ത്രിപുരയിലും 60% സിപിഎം നേതാക്കളും ബിജെപിയിലാണ്. കേരളത്തിലെ സിപിഎം എംഎൽഎ ആയിരുന്ന ആൾ വരെ പോയി. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സതീശൻ ആരോപിച്ചു. പത്മജ ബിജെപിയിൽ ചേർന്നതിൽ ഏറ്റവും ആഹ്ലാദം സിപിഎമ്മിനാണെന്നും സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാടിനൊപ്പം അമേഠിയിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യുപിയിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചയിലേ രാഹുൽ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലുംകൂടി മത്സരിക്കുമോ എന്നറിയാനാവു. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്. ഗുജറാത്തിലാണ് ഇപ്പോൾ അദ്ദേഹം.

പത്ത് സംസ്ഥാനങ്ങളിലായി 60 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിപട്ടിക തയ്യാറായിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡൽഹി, ചത്തിസ്ഗഢ്, കർണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുർ എന്നീ സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണനയിൽ. മുൻധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖാർഗെയ്ക്ക് കൈമാറിയിരുന്നു.