തിരുവല്ല: നഗരസഭയിലെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ്, കേരളാ കോൺഗ്രസ് ബന്ധം ഉലയുന്നു. കോൺഗ്രസ്, കേരളാ കോൺഗ്രസ് അംഗങ്ങളുടെ വോട്ടുകൾ അസാധുവായതിനെ തുടർന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ വൈസ് ചെയർമാനാവുകയായിരുന്നു. തോൽവിക്ക് പിന്നാലെ കോൺഗ്രസ് പ്രതിനിധി മാത്യു ചാക്കോ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തു വന്നു.

രണ്ടു മുൻ മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ വോട്ടുകളാണ് അസാധുവായത്. ഇതോടെ വോട്ട് തുല്യനിലയിൽ വരികയും ജിജി വട്ടശേരിയെ നറുക്കെടുപ്പിൽ ഭാഗ്യം തുണയ്ക്കുകയുമായിരുന്നു. കോൺഗ്രസിലെ ബിന്ദു ജയകുമാറിന്റെയും കേരളാ കോൺഗ്രസിനെ ഷീലാ വർഗീസിന്റെയും വോട്ടാണ് അസാധുവായത്. എന്നാൽ, ഫേസ്‌ബുക്കിൽ മാത്യു ചാക്കോ എഴുതിയ കുറിപ്പിൽ കേരളാ കോൺഗ്രസിനെ മാത്രമാണ് രൂക്ഷമായി വിമർശിച്ചത്. കേരളാ കോൺഗ്രസ് വേശ്യ പാർട്ടിയാണെന്നായിരുന്നു മാത്യു ചാക്കോയുടെ പരാമർശം.

ഇതിനെതിരേ പ്രതികരിക്കാൻ കേരള കോൺഗ്രസിന്റെ ജില്ലാ നേതാക്കൾ അടക്കം മടിച്ചു നിൽക്കുമ്പോൾ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് പ്രതികരണവുമായി രംഗത്തു വന്നു. നമ്മുടെ പാർട്ടിക്കിത് എന്തു പറ്റി എന്ന തലക്കെട്ടിൽ സാമൂഹിക മാധ്യമങ്ങളിലൂടെ രാജേഷ് എഴുതിയത് ഇങ്ങനെ:

വോട്ട് അസാധുവായത് നമ്മുടെ പാർട്ടിക്കാരിയുടെ മാത്രമല്ല. കോൺഗ്രസുകാരിയുടെ കൂടെ ഉണ്ടായിട്ടും അവരെ ഒന്ന് പരാമർശിക്കാതെ നമ്മുടെ പാർട്ടിയേയും ജില്ലാ നിയോജകമണ്ഡലം നേതാക്കളെയും വളരെ മ്ലേച്ഛമായ രീതിയിൽ പൊതു സമൂഹത്തിനു മുന്നിൽ താറടിച്ചിട്ടും നേതാക്കൾ എല്ലാം ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനിബാബകളായി തുടരുന്നത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭൂഷണമല്ല.
രണ്ടര ശബ്ദക്കാലം മുൻപ് വരെ തിരുവല്ല രാഷ്ട്രീയം എങ്ങനെ പോകണമെന്ന് തീരുമാനിച്ചിരുന്നത് കേരള കോൺഗ്രസ് ആയിരുന്നു. അന്ന് കോൺഗ്രസിന് മുമ്പിൽ നമ്മളായിരുന്നു വല്യേട്ടൻ.

ജില്ലയിൽ യു.ഡി.എഫിലെ പ്രധാനപ്പെട്ട ഘടക കക്ഷിയായ കേരള കോൺഗ്രസ് പല വേദികളും മാറ്റിനിർത്തപ്പെട്ടപ്പോൾ കൃത്യമായി പ്രതികരിക്കാതിരുന്നതിന്റെ പരിണിത ഫലമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ പോയപ്പോൾ പ്രധാന ഘടകകക്ഷിയായ നമ്മളെ ഒഴിവാക്കിയതും തിരുവല്ലയിൽ നടന്ന യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസിന്റെ പ്രവർത്തകർ എവിടെ എന്ന് ചോദിച്ച് അപമാനിക്കാൻ ശ്രമിച്ചതും. നമ്മളെ എന്തു പറഞ്ഞാലും ചെയ്താലും പ്രതികരിക്കില്ല എന്ന ഉത്തമ ബോധ്യത്തിന്റെ പശ്ചാത്തലത്തിൽ ആയിരിക്കണം പാർട്ടിയെ മോശം പദങ്ങളിലൂടെ മാത്യു ചാക്കോ വിശേഷിപ്പിച്ചത്.

നമ്മുടെ രണ്ട് കൗൺസിലർമാരായ ജോസ് പഴയിടവും ഷീല വർഗീസും കാട്ടിയത് മാപ്പർഹിക്കാത്ത ചെയ്തികൾ ആണ്. എന്നാൽപ്പോലും നമ്മുടെ പാർട്ടിയെ സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കാൻ വേണ്ടി കൗൺസിലർ നടത്തിയ പരാമർശങ്ങൾക്കെതിരേ ശക്തമായ നടപടികൾ കോൺഗ്രസ് നേതൃത്വത്തെ കൊണ്ടെടുപ്പിക്കാൻ നമ്മുടെ നേതാക്കൾക്ക് സാധിക്കുന്നില്ല എങ്കിൽ ഈ പണി നിർത്തി രാമേശ്വരത്ത് പോകുന്നതായിരിക്കും നല്ലത്.

മാത്യു ചാക്കോ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ കേരളാ കോൺഗ്രസിനെ കുറിച്ച് കുറിപ്പെഴുതിയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും കേരളാ കോൺഗ്രസിന്റെ ഒരു നേതാവ് പോലും വിഷയത്തിൽ പ്രതികരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ് എഴുതേണ്ടി വന്നത് എന്നും രാജേഷ് പറയുന്നു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ എന്നിവർ തിരുവല്ലയിൽ നിന്നുള്ള നേതാക്കളാണ്. വർഗീസ് മാമൻ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയാണ്.