- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് നടപടി: പൊലീസ് സ്‌റ്റേഷൻ മാർച്ചിന് കോൺഗ്രസ്; ഡിസംബർ 20ന് നടക്കുന്ന പ്രതിഷേധത്തിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരെ അടിച്ചൊതുക്കുന്ന പൊലീസ് നയത്തിനെതിരെ പൊലീസ് സ്‌റ്റേഷൻ മാർച്ചിന് കോൺഗ്രസ്. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡിസംബർ 20ന് കോൺഗ്രസ് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
സംസ്ഥാനത്തെ 1500 ലധികം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 11നാണ് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്നത്. ഒരു മണ്ഡലത്തിൽ നിന്ന് ചുരുങ്ങിയത് 1000 പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. രണ്ടോ അതിൽ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ചിലയിടങ്ങളിൽ ഒരു പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധം. കോൺഗ്രസ് പ്രതിഷേധത്തിന്റെ ചൂടറിയുന്ന ശക്തമായ പ്രക്ഷോഭമായി പൊലീസ് സ്റ്റേഷൻ പ്രതിഷേധ മാർച്ച് മാറും.
ഡി.സി.സി അധ്യക്ഷന്മാർ, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ, അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികൾ തുടങ്ങിയവർ ബഹുജന പൊലീസ് സ്റ്റേഷൻ മാർച്ച് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലകളിൽ മേൽനോട്ടം നൽകും. അധികാരികളുടെ വിടുവേല ചെയ്യുകയല്ല പൊലീസിന്റെ പണിയെന്ന് അവരെ ഓർമപ്പെടുത്തുന്നതായിരിക്കും കോൺഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം. കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ച് വിജയിപ്പിക്കാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും കരിങ്കൊടി കാട്ടിയതിനുമാണ് വഴിനീളെ കോൺഗ്രസ് പ്രവർത്തകരെ തെരുവുകളിൽ കൈകാര്യം ചെയ്തത്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുതിർന്നിട്ടില്ല. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന ഗൺമാന്മാരെ നിലക്ക് നിർത്തണം. അക്രമികളായ സിപിഎമ്മുകാരെയും ഗൺമാന്മാരെയും ന്യായീകരിക്കുക വഴി മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.
സിപിഎമ്മിന്റെയും പിണറായി വിജയന്റെ ഗുണ്ടാപൊലീസിന്റെയും ചെയ്തികൾക്ക് വരമ്പത്ത് തന്നെ കൂലി നൽകേണ്ടതാണ് എന്നതാണ് താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. കോൺഗ്രസിന്റെ ഉന്നതമായ ധാർമിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊണ്ട് നേതൃത്വം സംയമനം പാലിച്ചത് ബലഹീനതയായി കാണേണ്ട. തെരുവ് ഗുണ്ടയുടെ നിലവാരത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രകോപനപരമായി വെല്ലുവിളി നടത്തുമ്പോൾ ഇതിനെ നിസാരമായി കാണാൻ കോൺഗ്രസിനുമാകില്ല. ഈ നില തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും. ശക്തമായി തന്നെ കോൺഗ്രസും തിരിച്ചടിക്കേണ്ടിവരും. അതിനുള്ള മുന്നറിയിപ്പ് കൂടിയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച്.
നവ കേരള സദസിന്റെ വാളന്റിയർമാരായി നിയോഗിച്ചിരിക്കുന്ന സിപിഎം ക്രിമിനലുകൾ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്.ഗവർണറെ അക്രമിക്കുന്ന കുട്ടിസഖാക്കളെ ലാളിക്കുന്ന പൊലീസ്, മുഖ്യമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതക്കുകയാണ്. മൃദു ഭാവേ ദൃഢകൃത്യേ എന്ന് പൊലീസ് മുദ്രാവാക്യം നവ കേരള സദസ് കാസർഗോഡ് നിന്ന് ആരംഭിച്ചത് മുതൽ മൃഗഭാവെ പിണറായി ദൃഢകൃത്യേ എന്നാക്കി മാറ്റി. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അത് വള്ളിപുള്ളി തെറ്റാതെ നടപ്പാക്കുകയാണ് പൊലീസ്. അത് തിരുത്താൻ തയാറായില്ലെങ്കിൽ തിരുത്തിപ്പിക്കേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
നവ കേരള സദസ് ജനം ബഹിഷ്‌കരിച്ചതിലുള്ള രോഷമാണ് സിപിഎമ്മുകാർ കോൺഗ്രസ് പ്രവർത്തകരോട് കാട്ടുന്നത്. നവ കേരള സദസ് കടന്നുപോകുന്നിടങ്ങിളിലെല്ലാം സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യാപക അക്രമപരമ്പരകളാണ് അഴിച്ചുവിടുന്നത്. ഇത് അസഹനീയവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ കെപിസിസിക്ക് നിശബ്ദമാകാനാകില്ലെന്നും കെ.സുധാകരൻ പറഞ്ഞു.




