തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് യുവജന സംഘടനകളായ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് അധ്യക്ഷന്മാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്.

സിദ്ധാർഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും കൊലക്ക് കൂട്ടുനിന്ന ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ സർവീസിൽ നിന്നും പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. സമരം പ്രതിക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാർഥന്റേതെന്ന് വി.ഡി. സതീശൻ പറഞ്ഞു. നൂറ്റിമുപ്പതോളം വിദ്യാർത്ഥികളുടെ മുന്നിൽ വിവസ്ത്രനാക്കി, ക്രൂരമായി മർദ്ദിച്ച് വെള്ളം പോലും കുടിക്കാൻ നൽകാതെ മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടാണ് സിദ്ധാർഥിനെ കൊലപ്പെടുത്തിയത്. മുഖത്തും താടിയെല്ലിലും നട്ടെല്ലിലും നെഞ്ചിലും ഉൾപ്പെടെ 19 ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇൻക്വസ്റ്റിലും പോസ്റ്റ്‌മോർട്ടത്തിലും ഇത് കണ്ടെത്തിയിട്ടും പിണറായിയുടെ പൊലീസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്ന് സതീശൻ ചോദിച്ചു.

എന്തുകൊണ്ടാണ് അക്രമ വിവരം മൂടിവച്ചത്. സിദ്ധാർഥന്റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. വിവാദമായതിനു ശേഷമാണ് പൊലീസ് രംഗപ്രവേശം ചെയ്തത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചപ്പോൾ മുൻ എംഎ‍ൽഎയായ സിപിഎം നേതാവ് ഹാജരായി.

സിപിഎമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവിൽ പാർപ്പിച്ചത്. ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്തപ്പോൾ കുടുംബത്തെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കിയതു പോലെ സിദ്ധാർഥനെതിരെയും കള്ളക്കഥയുണ്ടാക്കി. എന്നാൽ അത് പാളിപ്പോയി. കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.