കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൻസൻ കേസിൽ അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. മാധ്യമങ്ങളിലൂടെ അടക്കം വലിയതോതിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞ് അതിന് തടയിടാൻ വേണ്ടി കൂടിയാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളെ സിപിഎം കടന്നാക്രമിക്കാൻ തീരുമാനിച്ചതും. പിണറായി സർക്കാറിലെ ഉന്നതരായ ഉദ്യോഗസ്ഥരുമായി വളരെ അടുപ്പത്തിലായിരുന്നു മോൻസൻ മാവുങ്കൽ. ഇവരെ തൊടാതെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമെന്ന നിലയിൽ കെപിസിസി അധ്യക്ഷനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

സുധാകരന്റെ അറസ്റ്റിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുമെന്ന് ഉറപ്പാണ്. കോൺഗ്രസ് ദേശീയ നേതൃത്വവും സിപിഎമ്മിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. ദേശീയതലത്തിൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുമ്പോൾ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് വിമർശിച്ചു. സുധാകരന്റെ അറസ്റ്റ് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്റെ തെറ്റായ നടപടികൾക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നൽകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. പാറ്റ്‌നയിലെ പ്രതിപക്ഷ സഖ്യ ചർച്ച ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പിണറായിയുടെ മോദി വിരുദ്ധത എത്രയുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണം. രാഷ്ട്രീയമായി എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വാ മൂടിക്കെട്ടാമെന്നത് വ്യാമോഹമാണെന്നും മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണെന്നും പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അന്തസ് കളഞ്ഞു കുളിച്ചെന്നും സർക്കാരിന്റെ വിടുവേല ചെയ്യുന്നവരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടു.

അതേസമയം കെ സുധാകരനെതിരെ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. സുധാകരനിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത് 150 ചോദ്യങ്ങളും ഡിജിറ്റൽ രേഖകളടക്കം നിർണായക തെളിവുകളുമായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധാകരനെ രണ്ടാം പ്രതിയാക്കിയത് എന്ന് നേരത്തേതന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഈ തെളിവുകൾ ഉറപ്പിക്കുകയും സുധാകരന്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുകയുമാണ് ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലൂടെ ചെയ്തത്.

വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ വൈ.ആർ. റസ്തം മോൻസണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.എംപി ആകുംമുമ്പ് 2018ലും 2019ൽ എംപിയായ ശേഷവും സുധാകരൻ മോൻസണുമായി സമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺ വിളി വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചതായാണ് സൂചന. മോൻസണിന്റെ ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് അടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.

ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.60 ലക്ഷം കോടി കേന്ദ്ര സർക്കാർ ഫെമ പ്രകാരം തടഞ്ഞുവെച്ചതായും ഇത് വിട്ടുകിട്ടാൻ സുധാകരൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പണം നിക്ഷേപിച്ചവരെ മോൻസൺ അറിയിച്ചു. നിക്ഷേപകരെ ഇക്കാര്യം വിശ്വസിപ്പിക്കുന്നതിന് 2018 നവംബർ 22ന് സുധാകരന്റെ സാന്നിധ്യത്തിൽ മോൻസണിന്റെ കലൂരിലെ വീട്ടിൽ കൂടിക്കാഴ്ച ഒരുക്കിയതായും നിക്ഷേപകർ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലുണ്ട്.

ഡൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും പണം വിട്ടുകിട്ടാനുള്ള ഇടപാടിനായി 25 ലക്ഷം സുധാകരന്റെ സാന്നിധ്യത്തിൽ കൈമാറിയെന്നുമാണ് പരാതിക്കാർ പറയുന്നത്. ഇക്കാര്യം സാധൂകരിക്കുന്ന തരത്തിൽ സുധാകരൻ മോൻസണിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

എംപിയായശേഷവും മോൻസണിന്റെ വീട്ടിൽ സുധാകരൻ എത്തിയതിന്റെ ചിത്രങ്ങളും ഇതിലുണ്ടത്രെ. മോൻസണിൽനിന്ന് സുധാകരന്റെ വിശ്വസ്തൻ എബിൻ മാസപ്പടി വാങ്ങിയതിന്റെ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. പുരാവസ്തു ഇടപാടിൽ സുധാകരന് ഒരു പങ്കുമില്ലെന്ന് മോൻസൺ ആവർത്തിച്ചപ്പോഴും സുധാകരനെതിരെ ഉറച്ച് നിൽക്കുകയായിരുന്നു പരാതിക്കാർ. അതേസമയം ഉന്നത ഉദ്യോഗസ്ഥർ അടക്കം മോൻസന്റെ വീട്ടിലെ സ്ഥിരക്കാരായിരുന്നു. ഇവരുടെ കാര്യം എന്തായെന്ന മറുചോദ്യമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്.

അതേസമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശനിയാഴ്ച കരിദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളിൽ പ്രവർത്തകർ പരമാവധി സംയമനം പാലിക്കണമെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.